20 April Saturday
ജനകീയ ഹോട്ടൽ

ചെറുതൊന്നുമല്ല ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

തലശേരി പുതിയബസ്‌സ്‌റ്റാന്റിലെ ജനകീയ ഹോട്ടൽ

തലശേരി
ഇന്ധനവില വർധനയും തക്കാളിയുടെ വിലക്കയറ്റവുമൊന്നും ഇവിടെ ആരെയും ബാധിക്കുന്നേയില്ല. വിലക്കയറ്റത്തെ പടിക്കുപുറത്ത്‌ നിർത്തുകയാണ്‌ ജില്ലയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. അച്ചാറും വറവും രണ്ട്‌ കൂട്ടം കറികളുമായി ഇലയിട്ട്‌ ഊൺ കഴിക്കാൻ 20 രൂപ മതി. വിലക്കയറ്റത്തിനിടയിൽ നാടിന്‌ ആശ്വാസം പകരുകയാണ്‌ ജനകീയ ഹോട്ടലുകൾ. 
ജനകീയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നത്‌ സാധാരണ തൊഴിലാളികൾ മാത്രമല്ല. ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗത്തിൽപെട്ടവരും കുടുംബശ്രീ ഹോട്ടലിനെ ആശ്രയിക്കുന്നു. വിലക്കയറ്റത്തിനിടയിലെ വിപണി ഇടപെടൽ കൂടിയാവുകയാണ്‌ ജനകീയാംഗീകാരം നേടിയ ഹോട്ടലുകൾ. ജില്ലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന 92 ജനകീയ ഹോട്ടലുകളുണ്ട്‌. 
വിലക്കുറവിൽ, മികച്ച ഭക്ഷണം
തലശേരി പുതിയ സ്‌റ്റാൻഡ്‌ പച്ചക്കറി മാർക്കറ്റിന്‌ സമീപത്തെ ജനകീയ ഹോട്ടലിൽ  ഊണിന്‌ തിരക്കൊഴിഞ്ഞ നേരമില്ല. ഭക്ഷണം കഴിച്ച്‌ എഴുന്നേൽകുന്നതും കാത്ത്‌ ക്യൂ നിൽക്കുകയാണിവിടെ ആളുകൾ. പാഴ്‌സൽ വാങ്ങാനെത്തുന്നവരുടെ തിരക്കുമുണ്ട്‌.  നഗരസഭ സ്ഥിരം സമിതി മുൻ അധ്യക്ഷ എം പി നീമ സെക്രട്ടറിയായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനം. 
സിഡിഎസ്‌ മുൻ ചെയർമാൻ യു കെ ഷീല, മുൻ നഗരസഭാംഗങ്ങളായ വി രമ, പി രമാവതി, വി ഷീജ എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങൾ.  ദിവസം ശരാശരി 700– -750 ഊൺ വിൽക്കും. ദിവസം 20 പേർക്കെങ്കിലും സൗജന്യമായി ഭക്ഷണവും നൽകും. 
ഊൺ കഴിച്ച്‌ തൃപ്‌തിയോടെ മടങ്ങുന്നവരുടെ നല്ല വാക്കുകളാണ്‌ ഏറ്റവും വലിയ അംഗീകാരമെന്ന്‌ എംപി നീമ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top