25 April Thursday
ഇന്ന്‌ ദേശീയ വിനോദസഞ്ചാര ദിനം

സഞ്ചാരികളുടെ പറുദീസയാവാൻ മയ്യഴിപ്പുഴയുടെ തീരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

ചൊക്ലി

സാംസ്‌കാരിക പൈതൃകവും പാരമ്പര്യകലകളും കോർത്തിണക്കിയുള്ള വിനോദസഞ്ചാര വികസനത്തിന്റെ സാധ്യത തേടി മയ്യഴിപ്പുഴയുടെ തീരം. ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ടൂറിസം വികസന സാധ്യതയിലേക്കുള്ള അന്വേഷണമാവും ദേശീയ വിനോദസഞ്ചാര ദിനമായ ചൊവ്വാഴ്‌ച പെരിങ്ങാടി എം മുകുന്ദൻ പാർക്കിൽ ചേരുന്ന വികസന സെമിനാർ. പകൽ മൂന്നിന് എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനംചെയ്യും. എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനാവും. റെസ്പോൺസിബിൾ ടൂറിസം മിഷൻ കോ ഓഡിനേറ്റർ പി കെ സരീഷ് വിഷയം അവതരിപ്പിക്കും. മയ്യഴിപ്പുഴയുടെ തീരങ്ങളെ ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാര വികസന പദ്ധതിക്കാണ്‌  എംഎൽഎയുടെ നേതൃത്വത്തിൽ രൂപരേഖ തയാറാക്കുന്നത്‌. പരമ്പരാഗത കലകളും കളരിയും തെയ്യവും സാഹിത്യവും സമ്മേളിക്കുന്ന സാംസ്‌കാരിക ഗ്രാമമാക്കി പുഴയോര മേഖലയെ വികസിപ്പിക്കും. മലനാട്‌ മലബാർ റിവർ ക്രൂസ്‌ ടൂറിസം പദ്ധതിയിൽ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളിൽ നിർമിച്ച ബോട്ട്‌ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള യാത്ര പുഴയെയും സംസ്‌കാരത്തെയും അറിയാൻ അവസരമൊരുക്കും.
സഞ്ചാരികളുടെ ഇടത്താവളമാവും പുഴയോരത്തെ എം മുകുന്ദൻ പാർക്ക്‌. മലയാള കലാഗ്രാമവുമായി ചേർന്ന്‌ ഇവിടെ പ്രതിവാര കലാവിരുന്ന്‌ ഒരുക്കാം. പാത്തിക്കലിൽ വിശ്രമകേന്ദ്രവും നാടൻ വിഭവങ്ങളുൾപ്പെട്ട തനത്‌ ഭക്ഷണത്തിനുള്ള സംവിധാനവും ആലോചനയിലുണ്ട്‌.
കവിയൂർ ബണ്ട് റോഡിലെ ഇക്കോ ടൂറിസം പദ്ധതിയും മോന്താൽ പാലം വരെ നീളുന്ന പുഴയോരപാതയും മനംകവരുന്ന കാഴ്‌ചയാവും. ടൂറിസം വില്ലേജ്‌, ഹൗസ്‌ബോട്ടുകൾ, വെള്ളിയാങ്കല്ലിലേക്കുള്ള യാത്ര തുടങ്ങിയ നിർദേശങ്ങളും സജീവം. ചൊക്ലി ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരകവും നിടുമ്പ്രത്തെ നിർദിഷ്ട മൊയാരത്ത്‌ ശങ്കരൻ സ്‌മാരക ചരിത്രഗ്യാലറിയും നിടുമ്പ്രം മടപ്പുരയിലെ തെയ്യം പെർഫോമിങ്‌ ആൻഡ്‌ റിസർച്ച് സെന്ററും ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകുമ്പോൾ ഇവിടം ലോക ശ്രദ്ധയിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top