19 April Friday
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി

അടിയന്തരാവശ്യങ്ങൾക്കായി 
അനുവദിച്ച വായ്‌പ വകമാറ്റി

എൻ കെ സുജിലേഷ്‌Updated: Tuesday Jan 25, 2022

കണ്ണൂർ

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക്‌  അടിയന്തരാവശ്യങ്ങൾക്കായി അനുവദിച്ച വായ്‌പ ഭരണസമിതി വകമാറ്റി. കേരള ബാങ്കിൽനിന്ന്‌ അനുവദിച്ച അഞ്ചുകോടി വായ്‌പയിൽനിന്ന്‌  മൂന്നുകോടിയോളം രൂപയാണ്‌ വകമാറ്റിയത്‌. പുതിയ ഭരണസമിതി വന്നതോടെയാണ്‌ ആശുപത്രിയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നടപടി.  
കാർഡിയോളജി സ്‌പെഷ്യാലിറ്റി സെന്റർ കെട്ടിടം നിർമിക്കുന്നതിന്‌ വാങ്ങിയ ഭൂമിയുടെ തരം മാറ്റുന്നതിനും പുതുതായി പാർക്കിങ്‌ ഏരിയക്ക്‌ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷനുമായാണ്‌ തുക വകമാറ്റിയത്‌. തരം മാറ്റുന്നതിന്‌ 2.02 കോടിയാണ്‌ വായ്‌പയിൽനിന്നുമെടുത്ത്‌‌ സർക്കാരിലേക്ക്‌ അടച്ചത്‌. പാർക്കിങ് ഏരിയക്കുവേണ്ടി വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസായ 30 ലക്ഷമടക്കം ഒരുകോടി രൂപയാണ്‌ ഈയിനത്തിൽ ചെലവാക്കിയത്‌. ഭൂമി വാങ്ങാൻ ഉടമസ്ഥനുമായി ഉറപ്പിച്ച വിലയിൽ ബാക്കി നൽകാനുള്ള 70 ലക്ഷം രൂപയടക്കമാണിത്‌.
സ്ഥലം വാങ്ങാൻ സഹകരണ വകുപ്പ്‌  അനുമതിയില്ല
 ഈ സ്ഥലം വാങ്ങാൻ  സഹകരണവകുപ്പ്‌ അനുമതി നൽകിയിട്ടില്ല. ആറുവർഷം മുമ്പാണ്‌ കാർഡിയോളജി സ്‌പെഷ്യാലിറ്റി സെന്റർ  നിർമിക്കുന്നതിന്‌ ഒരേക്കർ വാങ്ങിയത്‌. സ്ഥലം ഡാറ്റാബാങ്കിൽപ്പെട്ടതിനാൽ തരം മാറ്റാൻ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അപേക്ഷ നൽകി. 4.90 കോടിയാണ്‌ പിഴയായി അടയ്‌ക്കാൻ സർക്കാർ നിർദേശിച്ചത്‌. 
പിഴത്തുക കുറക്കണമെന്ന അപേക്ഷയിൽ ഇത്‌ 3.90 കോടിയായി ഇളവുനൽകി. വീണ്ടും അപേക്ഷ നൽകിയതിനെത്തുടർന്ന്‌ സഹകരണസ്ഥാപനമെന്ന പരിഗണന നൽകി   2.02 കോടിയായി കുറച്ചു. ഇത്‌ പൂർണമായും ഒഴിവാക്കണമെന്ന അപേക്ഷ സർക്കാരിന്റെ മുന്നിലിരിക്കുമ്പോഴാണ്‌  ക്യാഷ്‌ ക്രെഡിറ്റ്‌ വായ്‌പയിൽനിന്ന്‌ 2.02 കോടി അടച്ചത്‌. അനുമതിയില്ലാത്തതിനാലാണ് പാർക്കിങ് ഏരിയക്കായി വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ നടക്കാതിരുന്നത്‌. ഈ ഭൂമിക്ക്‌ നിശ്ചയിച്ച വിലയിൽ 70 ലക്ഷം മാത്രമാണ്‌ ഉടമസ്ഥന്‌ നൽകാൻ ബാക്കി. ഈ തുകയും വായ്‌പയിൽനിന്ന്‌ എടുത്തുനൽകി. 
സഹകരണ സ്ഥാപനങ്ങൾ ഭൂമി വാങ്ങുമ്പോൾ സർക്കാർ രജിസ്‌ട്രേഷൻ ഫീസ്‌ ഒഴിവാക്കി നൽകാറുണ്ട്‌. ഇത്‌ ഉപയോഗപ്പെടുത്താതെ 30 ലക്ഷം രൂപ അടച്ച്‌ രജിസ്ട്രേഷൻ നടത്തിയതിലും ദുരൂഹതയുണ്ട്‌. 
അന്വേഷണം ആവശ്യപ്പെട്ട്‌ 
മന്ത്രിക്കും വിജിലൻസിനും പരാതി
ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ കടവത്തൂരിലെ  ഇ കെ പവിത്രൻ സഹകരണ മന്ത്രിക്കും രജിസ്‌ട്രാർക്കും പരാതി നൽകി. വിജിലൻസ്‌ ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്‌. 
സഹകരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ സാമ്പത്തിക പ്രതിസന്ധിമൂലം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകുമ്പോഴാണ്‌ ക്യാഷ്‌ ക്രെഡിറ്റ്‌ വായ്‌പ ഉപയോഗിക്കുക. ദൈനംദിന വരുമാനത്തിൽനിന്ന്‌ തിരിച്ചടക്കണമെന്ന ഉപാധിയോടെയാണ്‌ ഇത്‌ അനുവദിക്കുന്നത്‌. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ്‌ കേരള ബാങ്ക്‌ വായ്‌പ അനുവദിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top