19 April Friday
എന്നുയരും കണ്ണൂരിൽ

കളിയാരവം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

സുരക്ഷിതമാണോ ഈ കളി? കൃത്യമായ പരിപാലനമില്ലാത്തതിനാൽ കാട് മൂടിക്കിടക്കുന്ന കണ്ണൂർ ജവഹർ സ്റ്റേഡിയം

കണ്ണൂർ
തിരിച്ചുവരുമോ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിന്റെ പ്രതാപം. ഏറെക്കാലമായി കായികപ്രേമികൾ ചോദിക്കുന്ന ചോദ്യമിതാണ്‌. ആധുനിക സൗകര്യങ്ങളൊരുക്കാനുള്ള പദ്ധതിയോട്‌ വരുമാന നഷ്ടമെന്ന കണക്കിൽ കോർപ്പറേഷൻ മുഖംതിരിച്ചപ്പോൾ കണ്ണൂരിന്‌ നഷ്ടമായത്‌ മികച്ച കളിക്കളം മാത്രമല്ല, കണ്ണൂരിന്റെ കളിയാരവങ്ങൾകൂടിയാണ്‌. 

കളിയാരവം 
കഥകളിലൊതുങ്ങി

സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ ഏറ്റവും വലിയ സ്‌റ്റേഡിയമാണ്‌ ജവഹർ സ്‌റ്റേഡിയം. ദേശീയ, അന്തർദേശീയ മത്സരങ്ങൾക്ക്‌ അനുയോജ്യമായ മൈതാനം. ഫെഡറേഷൻ കപ്പും സിസേഴ്‌സ്‌ കപ്പും നായനാർ ഫുട്‌ബോളുമടക്കം ആരവങ്ങളുയർത്തിയിരുന്നു ഇവിടെ. പതിറ്റാണ്ടുകൾക്കിപ്പുറം പഴയ കഥകളിൽമാത്രമാണ്‌ സ്‌റ്റേഡിയം. വിരലിലെണ്ണാവുന്നവർമാത്രം പരിശീലനത്തിനെത്തുന്നതൊഴിച്ചാൽ കായിക വാർത്തകളിൽ ഇന്ന്‌ ജവഹർ സ്‌റ്റേഡിയമില്ല. 3000 പേർക്കിരിക്കാവുന്ന ഗ്യാലറി ഉപയോഗശൂന്യമായിട്ട്‌ വർഷങ്ങളായി. കാടുപിടിച്ച മൈതാനത്ത്‌ പരിശീലനവും പ്രയാസം. ശൗചാലയങ്ങൾ  ഉപയോഗശൂന്യം. ട്രാക്കും ഗ്രൗണ്ടും കല്ലും ചരലും നിറഞ്ഞ്‌ അപകടാവസ്ഥയിലും. 2006ൽ സ്‌പോർട്‌സ്‌ കൗൺസിൽ പത്തുലക്ഷം രൂപ വിനിയോഗിച്ച്‌ വാക്കിങ്‌ പാത്ത്‌ നിർമിക്കുകയും പുൽത്തകിടിയൊരുക്കുകയും ചെയ്‌തിരുന്നു. എന്നാൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇതും നാമാവശേഷമായി. 

പാഴായത്‌ 11.27 കോടി

എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞതവണ അധികാരത്തിലെത്തിയപ്പോൾ സ്‌റ്റേഡിയം ആധുനികവൽക്കരിക്കാൻ പത്തുകോടി അനുവദിച്ചിരുന്നു. കിഴക്കുഭാഗത്തെ ജീർണിച്ച പവിലിയൻ നവീകരണംകൂടി ഉൾപ്പെടുത്തി തുക പിന്നീട്‌ 11.27 കോടിയാക്കി ഉയർത്തി. ഫുട്‌ബോൾ നാച്വറൽ ടർഫ്‌, എട്ടുവരി സിന്തറ്റിക്‌ ട്രാക്ക്‌, കായികതാരങ്ങൾക്കുള്ള മുറികൾ, ഡ്രസ്സിങ് മുറികൾ തുടങ്ങിയവയാണ്‌ സജ്ജീകരിക്കാനിരുന്നത്‌. പവിലിയൻ നവീകരണവും പദ്ധതിയിലുൾപ്പെടുത്തി. കിഫ്‌ബിയിലുൾപ്പെടുത്തിയായിരുന്നു നവീകരണം. കോർപ്പറേഷൻ നേതൃത്വവും സ്‌പോർട്‌സ്‌ കൗൺസിലും പൊലീസും കായികതാരങ്ങളും ഉൾപ്പെട്ട മാനേജ്‌മെന്റ്‌ കമ്മിറ്റിക്കായിരുന്നു നടത്തിപ്പ്‌ ചുമതല. 
സ്‌റ്റേഡിയത്തിലെ കടമുറികളുടെ വാടക നഷ്ടപ്പെടുമെന്ന ആശങ്കയുമായി കോർപറേഷൻ ഉടക്കുവച്ചപ്പോൾ കായിക മന്ത്രിയായിരുന്ന ഇ പി ജയരാജൻ ഇടപെട്ട്‌ കൃത്യമായ മാർഗനിർദേശങ്ങളുമുണ്ടാക്കി. കടമുറികളുടെ വാടക പൂർണമായും കോർപ്പറേഷനും കിഴക്കുഭാഗത്ത്‌ പുതുതായി നിർമിക്കുന്ന പവിലിയനിലെ മുറികളുടെ വാടക സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഉപയോഗിക്കാനായിരുന്നു ധാരണ.  
മേയർ ചെയർമാനും സ്‌പോർട്‌സ്‌ കൗൺസിൽ സെക്രട്ടറി  മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ സെക്രട്ടറിയുമാകണമെന്നായിരുന്നു നിർദേശം. എന്നാൽ കോർപ്പറേഷൻ സെക്രട്ടറിതന്നെ കമ്മിറ്റിയുടെയും സെക്രട്ടറിയാകണമെന്ന കോർപ്പറേഷന്റെ നിർദേശവും അംഗീകരിച്ചു. സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ച്‌ പ്രവൃത്തി ടെൻഡർ ചെയ്‌തെങ്കിലും മാനേജ്‌മെന്റ്‌ കമ്മിറ്റിയെ പറ്റില്ലെന്നായി കോർപറേഷന്റെ വാദം. 
സ്‌റ്റേഡിയം ഉടമസ്ഥാവകാശം കോർപ്പറേഷന്‌ നഷ്ടപ്പെടുമെന്നായിരുന്നു പ്രചാരണം. ഈ വാദത്തിൽ അടിസ്ഥാനമില്ലെങ്കിലും  രാഷ്‌ട്രീയകാരണങ്ങളാൽ കോർപ്പറേഷൻ ഭരണനേതൃത്വം നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. 
മനം മാറുമോ
ജില്ലയിൽ പ്രധാന പട്ടണങ്ങളിലും പഞ്ചായത്തുകളിലുമടക്കം സ്‌റ്റേഡിയം നവീകരണങ്ങൾ നടക്കുകയാണ്‌. പലതും പൂർത്തിയായിക്കഴിഞ്ഞു. കണ്ണൂരിലെ കായികപ്രേമികൾ സ്‌റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട്‌ മന്ത്രിക്ക്‌ നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്‌. കോർപ്പറേഷൻ ഇക്കാര്യത്തിൽ ക്രിയാത്മകമായ നിലപാടെടുക്കണമെന്ന്‌ കായിക മന്ത്രി വി അബ്ദുറഹ്‌മാൻ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. എന്നാൽ കോർപ്പറേഷന്‌ ഇതൊന്നും വിഷയമേയല്ലാതായിട്ടുണ്ട്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top