19 April Friday
കണ്ണൂർ വിമാനത്താവളം

3 വർഷത്തിനിടെ പിടികൂടിയത്‌ 133 കിലോ സ്വർണം

രാഗേഷ്‌ കായലൂർUpdated: Sunday Oct 24, 2021
കണ്ണൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖേന കടത്താൻ ശ്രമിക്കവേ മൂന്ന്‌ വർഷത്തിനിടെ എയർ കസ്‌റ്റംസ്‌ പിടികൂടിയത്‌ 132.899 കിലോ സ്വർണം. 197 പേരിൽനിന്നാണ്‌ ഇത്രയും സ്വർണം പിടികൂടിയത്‌. അതത്‌ സമയത്തെ മൂല്യമനുസരിച്ച്‌ 58.35 കോടി രൂപ വില വരും.
2018 ഡിസംബർ ഒമ്പതിനാണ്‌ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്‌. ഡിസംബറിൽ തന്നെ അഞ്ചുപേരിൽനിന്ന്‌ 1.12 കിലോ സ്വർണം പിടികൂടി. 2019ൽ 64 പേരിൽനിന്ന്‌ 47.121 കിലോയും 2020ൽ 100 പേരിൽനിന്ന്‌ 55.551 കിലോയും ഈ വർഷം 28 പേരിൽനിന്ന്‌ 26.670 കിലോ സ്വർണവുമാണ്‌ പിടിച്ചത്‌.   
  ഹാഷിഷ്‌ ഓയിൽ, കഞ്ചാവ്‌, പുകയില ഉൽപ്പന്നങ്ങൾ, വിദേശ കറൻസി, ഇന്ത്യൻ കറൻസി, വിദേശ സിഗരറ്റ്‌, ഐ ഫോൺ എന്നിവയും വിവിധ ഘട്ടങ്ങളിൽ  പിടികൂടി.  അസി. കമീഷണർ (അഡ്‌മിനിസ്‌ട്രേഷൻ)  ഇ വികാസ്‌, അസി. കമീഷണർ മുഹമ്മദ്‌ ഫായിസ്‌  എന്നിവരുടെ  നേതൃത്വത്തിൽ 36 അംഗ കസ്‌റ്റംസ്‌  സംഘമാണ്‌ കണ്ണൂരിലുള്ളത്‌. 
10 സൂപ്രണ്ട്‌, 18 ഇൻസ്‌പെക്ടർ, ആറ്‌ ഹവിൽദാർ എന്നിവർ മൂന്ന്‌ ബാച്ചായാണ്‌ പ്രവർത്തനം. എയർ കസ്‌റ്റംസിന്‌ പുറമെ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസും കണ്ണൂരിൽനിന്ന്‌  സ്വർണം പിടികൂടിയിരുന്നു.   
കൂടുതൽ പിടിച്ചത്‌ 
കോവിഡ്‌ കാലത്ത്‌
കോവിഡ്‌ അടച്ചിടലിലും നിയന്ത്രണ ഘട്ടത്തിലുമാണ്‌  വിദേശത്തുനിന്നെത്തിയവരിൽനിന്ന്‌ കൂടുതൽ സ്വർണം കണ്ടെത്തിയത്‌.  അടച്ചിടലിൽ ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ വന്ദേഭാരത്‌ മിഷനിലും ചാർട്ടഡ്‌ വിമാനങ്ങളിലും നാട്ടിലേക്ക്‌  തിരിച്ചെത്തിയവരിൽനിന്ന്‌ നിരവധി തവണ സ്വർണം പിടികൂടി.  128 പേരിൽനിന്നാണ്‌ നികുതിവെട്ടിച്ച്‌  കടത്തിയ സ്വർണം കണ്ടെടുത്തത്‌.  
കൂട്ടുനിന്ന 
ഇൻസ്‌പെക്ടർമാരും 
പിടിയിൽ
 സ്വർണക്കടത്തിന്‌ കൂട്ടുനിന്ന മൂന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരും പിടിയിലായെന്ന പ്രത്യേകതയും കണ്ണൂരിനുണ്ട്‌.  യുഎഇ, ഖത്തർ, ദോഹ എന്നിവിടങ്ങളിൽനിന്നുള്ള ആറുപേരെ നാലരകിലോ സ്വർണം കടത്താൻ സഹായിച്ച കസ്‌റ്റംസ്‌ ഇൻസ്‌പെക്ടർമാരായ രോഹിത്‌ ശർമ, സാകേന്ദിൻ പസ്വാൻ, കൃഷൻ കുമാർ എന്നിവരാണ്‌ കുടുങ്ങിയത്‌. ഇവരെ പിന്നീട്‌ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടു. ഇവർ ജോലിയിലുള്ള സമയം സ്വർണക്കടത്തുകാരെ അറിയിക്കുകയും ബാഗേജിന്റെയും കടത്തുകാരുടെയും ഫോട്ടോ വാട്‌സാപ്പിൽ വാങ്ങി പരിശോധന കൂടാതെ പുറത്തെത്തിക്കുകയുമായിരുന്നു. ആറുമാസത്തെ  സസ്‌പെൻഷനുശേഷം കൊച്ചി കസ്‌റ്റംസ്‌ ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ  ജൂലൈയിലാണ്‌  മൂവരെയും പിരിച്ചുവിട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top