18 December Thursday
സംസ്ഥാന സ്‌കൂള്‍ കായികമേള

ജൂനിയര്‍ വിഭാഗം ഗുസ്തിയില്‍ കണ്ണൂര്‍ ചാമ്പ്യന്‍

സ്വന്തം ലേഖകൻUpdated: Sunday Sep 24, 2023
 
തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഗ്രൂപ്പ് വൺ ഗെയിംസ് മത്സങ്ങളിൽ ജൂനിയർ പെൺകുട്ടികളുടെ ഗുസ്തിയിൽ കണ്ണൂർ ചാമ്പ്യൻമാരായി. അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ 34 പോയിന്റോടെയാണ് കണ്ണൂരിന്റെ ചുണക്കുട്ടികൾ കിരീടത്തിൽ മുത്തമിട്ടത്. മൂന്നുസ്വർണവും രണ്ടുവെള്ളിയും മൂന്നുവെങ്കലവുമായി 24 പോയിന്റ് നേടിയ തൃശൂർ രണ്ടാം സ്ഥാനത്തും ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ ഒമ്പത് പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി. 40 കിലോഗ്രാമിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് കേരളാ സ്‌പോർട്സ് കൗൺസിൽ താരം സി വി ദേവനന്ദ സ്വർണംനേടി.
കലാശപ്പോരാട്ടത്തിൽ മലപ്പുറം പിപിഎംഎച്ച്എസ്എസിലെ വി ഫാത്തിമ ഫിദയെ മലർത്തിയടിച്ചാണ് ഒന്നാമതെത്തിയത്. 43 കിലോഗ്രാമിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ എറണാകുളം ഫോർട്ട്‌കൊച്ചി സെന്റ് മേരീസ് എഐജിഎച്ച്എസിലെ ഇസ്ര സിബു ചാർളി ഒന്നാമതും തൃശൂർ ചാഴൂർ എസ്എൻഎംഎച്ച്എസിലെ ആർ അബീസ്ത്താ രണ്ടാമതുമെത്തി. 46ൽ താഴെയുള്ളവരുടെ കാറ്റഗറിയിൽ കണ്ണൂർ ജിവിഎച്ച്എസിലെ ഐശ്വര്യ ജയൻ ഒന്നാം സ്ഥാനവും മലപ്പുറം താഴേക്കോട് പിടിഎംഎച്ച്എസ്എസിലെ നിധാ ഫാത്തിമ രണ്ടാം സ്ഥാനവും നേടി. 49 കിലോഗ്രാമിൽ താഴെയുള്ളവരിൽ കണ്ണൂർ തലശേരി സായിയുടെ വി എസ് അർച്ചന സ്വർണം നേടി.  ഇടുക്കി നെടുങ്കണ്ടം ജിവിഎച്ച്എസ്‌എസിലെ പവിത്ര സന്തോഷിനാണ് വെള്ളി. 53 കിലോഗ്രാമിൽ താഴെയുള്ളവരിൽ കണ്ണൂർ ജിവിഎച്ച്എസ്എസിലെ സി സുജിഷ സ്വർണം നേടി.
 തൃശൂർ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എ എസ് അക്ഷരയ്ക്കാണ് വെള്ളി. 57 കിലോഗ്രാമിൽ താഴെയുള്ളവരിൽ തിരുവനന്തപുരം ചെമ്പൂർ എൽഎംഎച്ച്എസ് വിദ്യാർഥിനി ജെ ജെ ജിൻസി സ്വർണവും കണ്ണൂർ ജിവിജിഎച്ച്എസിലെ വി എസ് വിവേദ വെള്ളിയും നേടി. 61 കിലോഗ്രാമിൽ താഴെയുള്ളവരിൽ കണ്ണൂർ തലശേരി സായിയിലെ ആദിശ്രീ സ്വർണവും എറണാകുളം ഫോർട്ട്‌കൊച്ചി സെന്റ് മേരീസ് എഐജിഎച്ച്എസിലെ ഐമീ ഷേർളി അബ്രവ് വെള്ളിയും നേടി.
65 കിലോ വിഭാഗത്തിൽ തൃശൂർ എരുമപ്പെട്ടി എച്ച്എസ്എസിലെ വി വി സയ ഒന്നാമതും കണ്ണൂർ തലശേരി സായിയുടെ കെ നിയ  രണ്ടാമതുമെത്തി. 69ൽ താഴെയുള്ളവരിൽ കണ്ണൂർ ജിവിഎച്ച്എസ്എസിലെ അന്നാ സലിം ഫ്രാൻസീസ് സ്വർണവും
കോട്ടയം പാലാ സെന്റ് മേരീസ് ഗേൾസ് സ്‌കൂളിലെ ആൻ മരിയ സിജു വെള്ളിയും നേടി. 73 കിലോയ്ക്ക് താഴെയുള്ള കാറ്റഗറിയിൽ തൃശൂർ എരുമപ്പെട്ടി ഗവ. എച്ച്എസ്എസിലെ പി ഐ ഫിദാ ഫാത്തിമ സ്വർണവും  കണ്ണൂർ ജിവിഎച്ച്എസ്എസിലെ ബിലീന ബൈജു വെള്ളിയും നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top