കതിരൂർ
കതിരൂർ സർവീസ് സഹകരണ ബാങ്കിന് ബെസ്റ്റ് ഗ്രോത്ത് ബാങ്കിങ് പുരസ്‌കാരം. രാജ്യത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തി ഫ്രോണ്ടിയേഴ്‌സ് ഓഫ് കോ -ഓപ്പറേറ്റീവ് ബാങ്കിങ് അവാർഡ്സ് എന്ന അംഗീകൃത ഏജൻസിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 2022 –-23 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം. ഈ വർഷം വായ്പ വിതരണത്തിൽ 15 ശതമാനവും ഡെപ്പോസിറ്റ് ഇനത്തിൽ 12 ശതമാനവും വർധന ഉണ്ടാക്കാൻ കഴിഞ്ഞതായി പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. ഒന്നര വർഷത്തിനുള്ളിൽ ബാങ്കിന് ലഭിക്കുന്ന ഒമ്പതാമത്തെ പുരസ്‌കാരമാണിത്. ഒക്ടോബർ 12ന് ഗോവയിൽ ചേരുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.
സംസ്ഥാന തലത്തിൽ കേരള സർക്കാരിന്റെ രണ്ടാം സ്ഥാനവും കേരള ബാങ്കിന്റെ ബെസ്റ്റ് പെർഫോമൻസ് പുരസ്‌കാരവും ഈ വർഷം ബാങ്കിന് ലഭിച്ചു. ന്യൂ കലവറ സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ ഷോപ്പുകൾ, മൾട്ടി ജിം ഫിറ്റ്നസ് സെന്റർ, വളം ഡിപ്പോ, മിൽക്കാബ് മെഡിക്കൽ ലാബ്, ഡോക്ടഴ്‌സ് ക്ലിനിക്, എണ്ണമയമില്ലാത്ത ഭക്ഷണ കേന്ദ്രം, പച്ചക്കറിച്ചന്ത, നാട്ടുചന്ത, ക്രിക്കറ്റ് –- ഫുട്ബോൾ ടർഫ്, 32 കർഷക ഗ്രൂപ്പുകൾ, ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ, കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറി, മിനി ഓഡിറ്റോറിയം, ദയ സഹകരണ സാന്ത്വന കേന്ദ്രം, സൈക്കിൾ ക്ലബ്, എഫ് 13 ഫുട്ബോൾ അക്കാദമി എന്നിവ ബാങ്കിന്റെ അനുബന്ധമായി പ്രവർത്തിക്കുന്നു.
ഈ വർഷം ബാങ്ക് പരിധിയിലെ നീന്തൽ അറിയാത്ത മുഴുവൻ വിദ്യാർഥികളെയും നീന്തൽ പഠിപ്പിക്കാനും സാധിച്ചു. ബാങ്കിന്റെ പുതിയ പദ്ധതിയാണ് സഹകിരൺ ഊർജ സംരക്ഷണ പദ്ധതി.
നൂറോളം ബോധവൽക്കരണ ക്ലാസുകളും ഇ- ബിൽ ചലഞ്ച് മത്സരവും ഒക്ടോബർ 16ന് ഹയർസെക്കൻഡറി കോളേജ് വിദ്യാർഥികൾക്കായി ഐഡിയത്തോൺ മത്സരവും നടത്തുന്നുണ്ട്. വി വി കെ സാഹിത്യ പുരസ്കാരവും ഐ വി ദാസ് മാധ്യമ പുരസ്കാരവും ബാങ്ക് നൽകി വരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..