തലശേരി/ കണ്ണൂർ
ഓൺലൈൻ തട്ടിപ്പ് പരാതിയിൽ തലശേരിയിലും കണ്ണൂരിലും കേസ്.- വിവിധ കേസുകളിലായി അഞ്ച് പേർക്ക് നാല് ലക്ഷത്തോളം രൂപ നഷ്ടമായി. തലശേരിയിൽ രണ്ട് സംഭവങ്ങളിലായി രണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇല്ലത്ത് താഴയിലെ ചെറുവന വീട്ടിൽ ജി വിമൽകുമാറിൽനിന്ന് 1,20,000 രൂപയും പിലാക്കൂലിലെ തെംസ് വീട്ടിൽ പി മഹമൂദിൽനിന്ന് 99,524 രൂപയുമാണ് ഓൺലൈൻ വഴി തട്ടിയത്. കഴിഞ്ഞ മെയ് ഒന്നിനാണ് വിമൽകുമാർ (36) തട്ടിപ്പിനിരയായത്. വിമൽകുമാറിനെ വാട്സാപ്പിൽ വിളിച്ച് ഓൺ ലൈൻ ട്രേഡിങ് ലിങ്ക് അയച്ചു. ഇതിൽ പണം നിക്ഷേപിച്ചാൽ ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിമൽകുമാറിന്റെ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ആക്സിസ് ബാങ്ക് അക്കൗണ്ടിൽനിന്നും ഓൺലൈൻ വഴി മൂന്ന് തവണകളിലായി ഒന്നേകാൽ ലക്ഷത്തോളം പിൻവലിച്ചു. ബിസിനസുകാരനായ മഹമൂദിന്റെ (62) തലശേരിയിലെ സ്റ്റേറ്റ് ബാങ്ക് ടൗൺ ബ്രാഞ്ച് ശാഖയിൽനിന്നാണ് ഒരു ലക്ഷത്തോളം തട്ടിയത്. ബാങ്കിന്റെ ഇടപാടുകാരനായ മഹമൂദിന് ഡൽഹിയിലെ സ്ഥാപനം അയച്ച ഉരുപ്പടികൾ മാറിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡൽഹിയിലെ പ്രൊഫഷണൽ കൊറിയറിലെ സ്റ്റാഫാണെന്ന് പറഞ്ഞാണ് മഹമൂദിൽനിന്ന് യുപിഐ ഐഡിയും പിന്നും കൈക്കലാക്കിയത്.
കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ മൂന്ന് പേർക്ക് ഒന്നരലക്ഷത്തിലേറെ രൂപ നഷ്ടമായി. സോഫയും ബെഡും ബുക്ക് ചെയ്ത് കൊറ്റാളി സ്വദേശി ദേവൻ ബാലന് നഷ്ടമായത് 58,000 രൂപ. കഴിഞ്ഞ മാസം 31നാണ് സാധനങ്ങൾ ബുക്ക് ചെയ്തത്. 1900 രൂപ ആദ്യഘട്ടത്തിൽ പേടിഎം വഴി നൽകി. പിന്നീട് സംഘം ഒരു ലിങ്ക് അയച്ചുകൊടുത്തു. ഇത് ഓപ്പണാക്കിയതോടെ 58,000 രൂപ തട്ടിയെടുത്ത് വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.
ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത കണ്ണൂർ ടൗണിന് സമീപത്തെ ജയന്തി നിവാസിൽ ദിനേശ് പ്രഭുവിന് നഷ്ടമായത് 69,000 രൂപയാണ്. മെയ് രണ്ടിനാണ് പണം നഷ്ടമായത്. തട്ടിപ്പുകാർ അയച്ച ലിങ്ക് ഓപ്പണാക്കി ആധാറും പാൻ കാർഡ് നമ്പറും നൽകിയതോടെയാണ് പണം നഷ്ടമായത്.
ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ 42,000 രൂപ തട്ടിയെടുത്തു. അലവിൽ പള്ളിയാംമൂല സ്വദേശി മാളിയേക്കൽ ജിന്റോ ജോസഫിന്റെ പണമാണ് തട്ടിയെടുത്തത്.
അപ്പക്‌സ് വർക്കിങ് ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ കടുതൽ ലാഭവിഹിതം നൽകാമെന്നായിരുന്നു വാദ്ഗാനം. ഇതുപ്രകാരം കനറാ ബാങ്കിന്റെ എസ്ബി അക്കൗണ്ട് വഴി ഏപ്രിൽ 14ന് യുവാവ് പണം അയച്ചു. ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..