19 April Friday

കൈപിടിച്ചുനടത്തുന്ന ‘കെയർ’ -----

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

ഒളവിലം നോർത്തിലെ എം കെ കുമാരന്റെ വീട്ടിലെത്തിയ ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ( ഫയൽ ഫോട്ടോ)

കണ്ണൂർ
നാലരവർഷം മുമ്പ്‌ പക്ഷാഘാതം വന്ന്‌ കിടപ്പിലായതാണ്‌  ഒളവിലം നോർത്തിൽ മഠത്തിലെ കുനിയിൽ കുമാരൻ. കുറേനാൾ ചികിത്സ നടത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇപ്പോൾ പതിയെ എഴുന്നേറ്റ്‌ നടക്കാനായതിന്റെ ആശ്വാസത്തിലാണ്‌. ഐആർപിസിയുടെ ഫിസിയോ തെറാപ്പിസ്റ്റുകൾ കൃത്യമായ ഇടവേളകളിൽ വീട്ടിലെത്തി വ്യായാമമുറകൾ തുടർന്നതോടെയാണീ മാറ്റം. ഐആർപിസി ഹോം കെയറിലൂടെ  ജീവിതത്തിലേക്ക്‌ തിരിച്ചുനടന്നവരും സാന്ത്വന–-പരിചരണം ലഭിച്ചവരും ഏറെ. അപകടങ്ങൾ, ജന്മനായുള്ള വൈകല്യം, മറവിരോഗം, അർബുദം ഉൾപ്പെടെയുള്ള രോഗങ്ങളാലും മറ്റും വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടവർക്ക് സാന്ത്വനമായി വളണ്ടിയർമാരുണ്ട്‌. എല്ലാ ആഴ്‌ചയും അവരോട്‌  സുഖാന്വേഷണം നടത്തി സാന്ത്വനവും പരിചരണവും നൽകി. ഇവർ വീടുകളിൽ  കുടുംബാംഗങ്ങൾക്ക്‌ തുല്യരായി.  പരിശീലനം ലഭിച്ച 3500 വളണ്ടിയർമാർ  ഹോംകെയറിന്റെ ഭാഗമായുണ്ട്‌. ഏത്‌ ആവശ്യത്തിനും എപ്പോഴും വിളിപ്പുറത്ത്‌ ഇവരുണ്ട്‌. ആംബുലൻസും പാലിയേറ്റീവ്‌ നഴ്‌സുമാരും അടങ്ങുന്ന സംഘം വീടുകളിലെത്തും. പാലിയേറ്റീവ്‌ ദിനത്തിലും പി കൃഷ്‌ണപിള്ള ദിനത്തിലും ഡോക്ടർമാരുൾപ്പെടെയുള്ള സംഘവും വീടുകളിലെത്തും.ഫിസിയോതെറാപ്പിസ്‌റ്റുകളും  വീടുകളിലെത്തി.  ആവശ്യമായവർക്കെല്ലാം സഹായ ഉപകരണങ്ങൾ, കിടക്കകൾ, വാട്ടർ ബെഡുകൾ, ബെഡ്ഷീറ്റുകൾ, മരുന്നുകൾ, പോഷകാഹാരം എന്നിവ എത്തിച്ചു നൽകി.  കിടത്തി പരിചരണം ആവശ്യമായവരെ തയ്യിൽ സാന്ത്വനകേന്ദ്രത്തിൽ എത്തിച്ച്‌ മികച്ച ചികിത്സയും നൽകി. കൃത്യമായ വ്യായാമമുറകൾ പരിശീലിപ്പിച്ച്‌  ഏറെപ്പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top