20 April Saturday
പള്ളിക്കുളത്തെ അപകടങ്ങൾ

അടിയന്തര പരിഹാരത്തിന് റിപ്പോർട്ട് തേടി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

പള്ളിക്കുളത്ത് റോഡപകടങ്ങൾ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന ക്രമീകരണം കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

ചിറക്കൽ
ദേശീയപാതയിൽ പള്ളിക്കുളം മണ്ഡപം ജങ്‌ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ സിറ്റി റോഡ് വികസന പദ്ധതി പ്രവൃത്തി വേഗത്തിലാക്കണമെന്ന് കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. അടിയന്തര പരിഹാരമായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് റിപ്പോർട്ട്‌ തയ്യാറാക്കി സമർപ്പിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തി.
വെള്ളിയാഴ്ച പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചിരുന്നു. പ്രദേശത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് എംഎൽഎ സ്ഥലത്ത് പരിശോധന നടത്തിയത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന്  അദ്ദേഹം ഉറപ്പുനൽകി. അതിനുമുമ്പ് സാധ്യമായ പ്രായോഗിക  നടപടി നിർദേശിക്കാനാണ്  ആവശ്യപ്പെട്ടിരിക്കുന്നത്‌.  റോഡിന് വീതി കുറവായതിനാൽ ഡിവൈഡർ സ്ഥാപിക്കൽ ബുദ്ധിമുട്ടാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബസ് സ്റ്റോപ്പ്‌ മാറ്റി സ്ഥാപിക്കുന്നതിന്‌ സ്ഥല പരിമിതിയും തടസ്സമാണ്. ഈ സാഹചര്യത്തിലാണ് താൽക്കാലിക നടപടി സംബന്ധിച്ച് വിദഗ്ധ അഭിപ്രായം  തേടിയതെന്നും എംഎൽഎ പറഞ്ഞു.  കൗൺസിലർ എൻ സുകന്യ, ചിറക്കൽ പഞ്ചായത്ത് പ്രഡിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനിൽകുമാർ,  ആർടിഒ  എസ് ഉണ്ണികൃഷ്‌ണൻ, വളപട്ടണം സിഐ എം രാജേഷ്‌ എന്നിവരും ഒപ്പമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top