26 April Friday

സ്‌ത്രീ സൗഹൃദമാകും കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
കണ്ണൂർ
സ്‌ത്രീകളെ സമൂഹത്തിന്റെ മുന്നണിയിലെത്തിക്കുന്നതിന്‌  വേറിട്ട പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌. സ്‌ത്രീ സൗഹൃദവും സമത്വവും ലിംഗനീതിയും   ഉറപ്പുവരുത്തതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന്‌  ബജറ്റിൽ ആവശ്യമായ തുകയും നീക്കിവച്ചിട്ടുണ്ട്‌.  
കണ്ണൂർ നഗരത്തിൽ ജോലിചെയ്യുന്ന സ്‌ത്രീകൾക്ക്‌ തനിച്ച്‌ സുരക്ഷിതമായി താമസിക്കാനായി ജില്ലാ ആശുപത്രിക്ക്‌ സമീപം ജില്ലാ പഞ്ചായത്ത്‌ വാങ്ങിയ 47.5 സെന്റ്‌ സ്ഥലത്ത്‌ വർക്കിങ്‌ വിമൻസ്‌ ഹോസ്‌റ്റൽ സ്ഥാപിക്കും. ജില്ലാ പഞ്ചായത്തിന്റെ തനത്‌ വരുമാനം വർധിപ്പിക്കുന്നതിനുകൂടിയാണ്‌ ഇടപെടൽ.   
1.70 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു. രാവുകൾ  സ്‌ത്രീകൾക്കുകൂടി അവകാശപ്പെട്ടതാണെന്ന്‌ സമൂഹത്തിനെ ബോധ്യപ്പെടുത്തി, രാത്രിനടത്തം ഉൾപ്പെടെ സംഘടിപ്പിക്കുന്ന കാലത്ത്‌  ‘ ഷീനൈറ്റ്‌ ഫെസ്‌റ്റി’ലൂടെ ഒരു ചുവട്‌ മുന്നോട്ടുവയ്‌ക്കുകയാണ്‌ ജില്ലാ ഭരണം.  സ്‌ത്രീകൾക്ക്‌ രാത്രിയിൽ തനിച്ച്‌ സഞ്ചരിക്കാൻ പറ്റുന്ന  അവസ്ഥ സൃഷ്ടിക്കുന്നതിനൊപ്പം  സുഗമമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത്‌ ആധുനിക സമൂഹത്തിന്റെ കടമയാണെന്നും ഓർമപ്പെടുത്തുന്നു.  
  വിധവാ വിവാഹത്തിന്‌ സാമ്പത്തിക പ്രയാസങ്ങൾ  തടസ്സമാകുന്ന സാഹചര്യത്തിൽ വിധവകൾക്ക്‌ തൊഴിൽ സംരംഭങ്ങളും  പുനർവിവാഹത്തിന്‌  വിധവാ മാട്രിമോണിയലും തുടങ്ങുന്നതിന്‌ ബജറ്റിൽ അഞ്ച്‌ ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുംനേരെയുള്ള ശാരീരികാക്രമണം  നേരിടുന്നതിന്‌  ആയോധനപരിശീലനം തുടരും. ആയോധന–-നീന്തൽ പരിശീലനത്തിനായി അഞ്ച്‌ ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌.  പട്ടികവർഗ വിദ്യാർഥിനികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്‌ ഹൈജീൻ കിറ്റ്‌ വിതരണംചെയ്യാൻ 2.5 ലക്ഷം രൂപ നൽകും. ലിംഗസമത്വത്തിലും ലിംഗനീതിയിലും വിദ്യാർഥികളിൽ അവബോധമുണ്ടാക്കുന്നതിന്‌ ജന്റർ ക്ലബ്ബുകൾ രൂപീകരിക്കാനും  തീരുമാനിച്ചിട്ടുണ്ട്‌. 
 സ്‌ത്രീപദവി ഉയർത്തുന്നതിനുള്ള പരിശീലന പരിപാടികൾ ജില്ലാ, ബ്ലോക്ക്‌, പഞ്ചായത്ത്‌ തലങ്ങളിൽ പൂർത്തിയാവുകയാണ്‌. ഇതിനായി  ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും സ്‌ത്രീപദവി പഠനം നടത്തിയിരുന്നു.  ഇതിന്റെ തുടർച്ചയായി പരിശീലനവും വികസന സെമിനാറുകളും സംഘടിപ്പിക്കും. 
 കിലയുടെ സഹായത്തോടെ  സ്‌ത്രീകളുടെ ഉന്നമനത്തിനും  സമത്വത്തിനും സഹായിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നുണ്ട്‌. സ്‌കൂളുകളിൽ  മെൻസ്‌ട്രുവൽ കപ്പ്‌ വിതരണ പദ്ധതിയിലൂടെ കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യ–-ശുചിത്വസംരക്ഷണം ഉറപ്പാക്കാനായി. ഉയർന്ന്‌ പറക്കാൻ പദ്ധതിയിൽ സ്‌കിപ്പിങ്‌ കിറ്റും  വിതരണംചെയ്‌തിരുന്നു.  സ്‌കൂളുകളിൽ  ബാലികാസൗഹൃദ ശുചിമുറിയും നിർമിച്ചു.     
 വിവിധ പദ്ധതികളിലൂടെ സ്‌ത്രീകളുടെ സാമൂഹ്യപദവി ഉയർത്തുകയാണ്‌ ലക്ഷ്യമെന്നും പദ്ധതികളിൽ   മിക്കവയും കേരളത്തിൽ  ആദ്യമാണെന്നും  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു.                           
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top