23 April Tuesday

മഴയെത്തുംമുമ്പേ 
ആദി കുടകൾ റെഡി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടിക വർഗ കോളനിയിലെ കുടുംബശ്രീ വനിതകൾ 
നിർമിച്ച കുടകളുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചപ്പോൾ

ഇരിട്ടി
പല വർണങ്ങളിലുള്ള കുടകൾ നിർമിച്ച് അമ്പതിലേറെ വരുന്ന ആദിവാസി കുടുംബങ്ങൾക്ക് തണലേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ ആദി കുടയെന്ന കുടുംബശ്രീ സംരംഭം.  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ കോളനിയിലെ നിള, ലോട്ടസ് കുടുംബശ്രീ യൂണിറ്റുകളിലെ വനിതകൾ നിർമിച്ച കുടകളുടെ  വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി പി ദിവ്യ നിർവഹിച്ചു.
   60 വനിതകളുടെ നേതൃത്വത്തിലാണ് ആദി ബ്രാന്റിൽ  20,000 കുടകൾ നിർമിക്കുന്നത്.  10,000 കുടകളുടെ  നിർമാണം പൂർത്തിയായി. ഒരാൾ ഒരു ദിവസം 10 മുതൽ 15വരെ കുട നിർമിക്കും. ബ്ലാക്ക് കുടയ്ക്ക് 410 രൂപയും കളറിന് 420 രൂപയും കളർ പ്രിന്റിന് 440 രൂപയുമാണ് വില. കഴിഞ്ഞ സീസണിൽ 25 ലക്ഷം രൂപയുടെ വിറ്റ് വരവാണുണ്ടാക്കിയത്. ഇത്തവണ 50 ലക്ഷം രൂപയുടെ വിറ്റുവരവാണ്  പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2021-–- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  10 ലക്ഷം രൂപ  രണ്ട് സംരംഭങ്ങൾക്കും റിവോൾവിങ്‌ ഫണ്ടായി അനുവദിച്ചു.  പദ്ധതിക്ക് അധികമായി വരുന്ന പ്രവർത്തന മൂലധനം ജില്ലയിലെ സിഡിഎസിന്റെ കമ്യൂണിറ്റി എന്റർപ്രൈസ്‌ ഫണ്ടിൽനിന്നാണ് കുടുംബശ്രീ കണ്ടെത്തുന്നത്. മഴക്കാലത്ത് പ്രതിസന്ധിയിലാകുന്ന കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്‌.  മൂന്നാമത്തെ വർഷമാണ് വനിതകളുടെ നേതൃത്വത്തിൽ കുട നിർമിച്ച് വിപണിയിലെത്തിക്കുന്നത്. ആവശ്യക്കാർക്ക് കുടുംബശ്രീ ഷോപ്പികളിലും  സി ഡി എസ് മുഖേനെ പഞ്ചായത്തുകളിൽനിന്നും കുട സ്വന്തമാക്കാം.  
   ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്  ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്ത് , ആറളം പ്രത്യേക പട്ടിക വർഗ പദ്ധതി കോ–-ഓഡിനേറ്റർ പി സനൂപ്, പന്ന്യന്നൂർ സിഡിഎസ്‌ ചെയർപേഴ്സൺ പി കെ ബിജുള എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top