18 May Wednesday

ഹക്കീം, ജീവിതത്തോട്‌ പൊരുതി ജയിച്ചവൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

ഹക്കീം വായനയിൽ

 കണ്ണൂർ

ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ജീവിതം ഇന്ന്‌ ഹക്കീമിന്റെ ഉള്ളം കൈയിലുണ്ട്‌. ഒന്നല്ല  ഒരായിരം ജീവിത പ്രതിസന്ധികൾ ജനിച്ചനാൾ മുതൽ കൂടെയുണ്ടായിരുന്ന ഹക്കീം തോൽപിച്ചത്‌ ഹക്കീമിനെ തന്നെയായിരുന്നു. ജീവിതത്തെ നേരിടാൻ ഒരു സാധാരണ മനുഷ്യനുള്ള ശേഷി പോലുമില്ലാതിരുന്ന ഒരാളെ എല്ലാവർക്കുമൊപ്പമെത്തിച്ച യാത്രയിൽ ഒപ്പംനിന്ന ഒരുപാട്‌ മനുഷ്യരുണ്ട്‌, അവരിൽനിന്ന്‌ വിളക്കിച്ചേർത്ത സാമൂഹ്യബന്ധങ്ങളുണ്ട്‌. കരുത്തുപകർന്ന പ്രസ്ഥാനമുണ്ട്‌. 
കഴിഞ്ഞ നവംബർ ഒന്നിന്‌ ജീവിതം പിന്നെയും ഹക്കീമിനു മുന്നിൽ പുതിയ വഴികൾ തുറന്നു.  എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി കോളിത്തട്ട്‌ ജിഎൽപി സ്‌കൂളിൽ പ്യൂണായി ഹക്കീം ജോലിയിൽ പ്രവേശിച്ചു. 70 വയസുവരെയാണ് സ്ഥിരനിയമനം. ഇനിയെന്താണ്‌ ആഗ്രഹം എന്ന്‌ ചോദിക്കുമ്പോൾ പാതി ചിരിയോടെ ഹക്കീം പറയും ‘‘പ്രത്യേകിച്ച്‌ ഒന്നൂല്ല...ജോലി നന്നായി ചെയ്യണം...’’. 
1974ൽ മയ്യിൽ ചെറുപഴശ്ശിയിൽ അബ്ദുള്ളയുടെയും ആയിഷയുടെയും മകനായാണ്‌ ഹക്കീം ജനിച്ചത്‌. രണ്ടാംവയസിലുണ്ടായ വീഴ്‌ചയിലാണ്‌ വലതുകാലിനും ഇടതുകൈക്കും പോളിയോയാണെന്ന്‌ തിരിച്ചറിഞ്ഞത്‌.  ഉമ്മയെ ഉപ്പ ഉപേക്ഷിച്ചതോടെ ദാരിദ്ര്യവും വിശപ്പും മാത്രമുള്ള കുട്ടിക്കാലം. ആരും തിരിഞ്ഞുനോക്കാനില്ലാതെ നാട്ടിൽ അവിടെയും ഇവിടെയുമായി കാലിൽ അൽപം മുടന്തുള്ള കുട്ടി വളർന്നു. ഒരു ദിവസം പെരുമാച്ചേരി വായനശാലയുടെ അകത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്ന  ആ പയ്യനോട്‌ ദീർഘകാലം തിളപ്പറമ്പ്‌ എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന പാച്ചേനി കുഞ്ഞിരാമനാണ്‌ ആദ്യം ചോദിക്കുന്നത്‌. ‘‘ നീയെന്തടാ ഒറ്റയ്‌ക്കിരിക്കുന്നെ ?....നീ ബാ ....ന്റെ കൂടെ ബാ....’’
അന്ന്‌ മുതൽ  ഹക്കീം പാച്ചേനി കുഞ്ഞിരാമന്റെ കൂടെയായിരുന്നു.  പ്രദേശത്ത്‌ നടക്കുന്ന പുരോഗമനപ്രസ്ഥാനങ്ങളുടെ പരിപാടികളിലും സമരങ്ങളിലുമെല്ലാം പിന്നീട്‌ സ്ഥിരംസാന്നിധ്യമായി. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ പാച്ചേനിയോടൊപ്പം തിരുവനന്തപുരത്ത്‌ നിയമസഭ കാണാനും പോയി. പാച്ചേനിയെ ഹക്കീം വിളിക്കുന്നത്‌ പാച്ചേനി അപ്പൂപ്പൻ എന്നാണ്‌. കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ കെ കുഞ്ഞനന്തൻ നമ്പ്യാർ ഹക്കീമിന്‌ കെ കെ അപ്പൂപ്പനായിരുന്നു. ചെങ്കൽ തൊഴിലാളി യൂണിയൻ നേതാവ്‌ കെ പി ബാലകൃഷ്‌ണൻ മാമനും.  മയ്യിൽ സിആർസി വായനശാലയിലും ചെറുപഴശ്ശി നവകേരള വായനശാലയിലും അംഗത്വമെടുത്തു. 
നേരത്തെ ദേശാഭിമാനി പത്ര വിതരണക്കാരനായും ലോട്ടറി വിൽപ്പനക്കാരനായും  ജീവിതം പുലർത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top