25 April Thursday

അനുവദിച്ച പദ്ധതികളെയും കേന്ദ്രം സഹായിക്കുന്നില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
ചക്കരക്കൽ (കണ്ണൂർ)
സംസ്ഥാനത്തിന്‌ അനുവദിച്ച പദ്ധതികൾപോലും നടപ്പാക്കാൻ കേന്ദ്രസർക്കാർ സഹായിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതികൾ ഏറ്റെടുക്കാനാകാത്ത നിലയിലേക്ക്‌ സംസ്ഥാനത്തെ തള്ളിവിടുകയാണ്‌. സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ സമ്മേളനത്തിന്റെ വെബ്‌ റാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
    ഭരണനേട്ടങ്ങളാണ്‌ എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന്‌ അറിയുന്നതുകൊണ്ടാണ്‌ യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും അരാജകവാദികളും ഇടതുതീവ്രവാദികളുമെല്ലാം വികസനം തടസ്സപ്പെടുത്താൻ ഒന്നിക്കുന്നത്‌. വികസനപ്രവർത്തനം നടത്തുമ്പോൾ ചില പ്രദേശങ്ങളിൽ പ്രശ്‌നങ്ങൾ സ്വാഭാവികമാണ്‌. പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയവ മാതൃകാപരമായാണ്‌ സർക്കാർ കൈകാര്യം ചെയ്യുന്നത്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ വികസനം അട്ടിമറിക്കാനാണ്‌ ശ്രമം. 
   കേന്ദ്രസർക്കാർ നേരത്തെ അനുവദിച്ച പദ്ധതികളിൽനിന്ന്‌ പിന്നോട്ടുപോകുകയാണ്‌. കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിൽപാതയുടെ മുഴുവൻ ബാധ്യതയും സംസ്ഥാനത്തിനുമേൽ അടിച്ചേൽപ്പിക്കാനാണ്‌ ശ്രമം. കേന്ദ്രം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സിൽവർലൈനുമായി സർക്കാർ മുന്നോട്ടുപോയത്‌. നിക്ഷേപ മുന്നൊരുക്കത്തിനുള്ള നടപടിക്കും കേന്ദ്രം അംഗീകാരം നൽകിയിരുന്നു. ബജറ്റ്‌ പ്രസംഗത്തിൽ റെയിൽ ആസൂത്രണത്തിലും ഉൾപ്പെടുത്തിയതാണ്‌. വിദേശ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്ത്‌ പദ്ധതി യാഥാർഥ്യമാക്കാനായിരുന്നു സർക്കാർ ശ്രമം. പദ്ധതിക്ക്‌ കേന്ദ്രസഹായം ലഭ്യമാക്കുന്നില്ലെന്നു മാത്രമല്ല, വിദേശ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശംപോലും ഹനിക്കുന്നു. ആരോഗ്യരംഗത്ത്‌ ഏറെ കുതിപ്പേകുമായിരുന്ന എയിംസിന്റെയും പാലക്കാട്‌ കോച്ച്‌ ഫാക്ടറിയുടെയും ശബരി റെയിൽപാതയുടെയും കാര്യത്തിലും ഇതുതന്നെയാണ്‌ സ്ഥിതി. 
   സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകാൻ നാടിന്റെ താൽപ്പര്യത്തിന്‌ എതിരല്ലാത്ത മൂലധനം ഉപയോഗിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top