25 April Thursday
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി

സ്ഥലമേറ്റെടുക്കല്‍ ആവശ്യമില്ലാത്ത
3 റോഡ് ടെൻഡറിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
കണ്ണൂർ
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ സ്ഥലമേറ്റെടുക്കൽ ആവശ്യമില്ലാത്ത റോഡുകളിൽ ടെൻഡർ നടപടി ആരംഭിക്കാൻ തീരുമാനം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് നിർദേശം നൽകിയത്. വകുപ്പിൽ നടപ്പാക്കുന്ന ‘ആക്സിലറേറ്റ് പിഡബ്ല്യുഡി' പദ്ധതിയുടെ ഭാഗമായിരുന്നു യോഗം. നേരത്തേ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഘട്ടം ഘട്ടമായി പദ്ധതി ആരംഭിക്കാൻ നിർദേശം നൽകിയിരുന്നു. കേരള റോഡ്‌ ഫണ്ട്‌ ബോർഡിനാണ്‌ പദ്ധതികളുടെ നിർവഹണ ചുമതല.
സ്ഥലം ഏറ്റെടുക്കൽ ആവശ്യമില്ലാത്ത മൂന്ന് റോഡുകളിലാണ് ടെൻഡർ നടപടികൾ ആരംഭിക്കുക. മറ്റു റോ‍ഡുകളിലെ സ്ഥലം ഏറ്റെടുക്കൽ പുരോഗതിയും യോഗം ചർച്ച ചെയ്തു. പൊടിക്കുണ്ട്-–- കൊറ്റാളി, പുല്ലൂപ്പി-–-  കുഞ്ഞിപ്പളളി റോഡുകളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 19 (1) വിജ്ഞാപനം നവംബർ മുപ്പതിനകം പൂർത്തിയാക്കാനാകുമെന്ന് യോഗം വിലയിരുത്തി. മന്ന ജങ്‌ഷൻ–-- ന്യൂ എൻഎച്ച് ബൈപ്പാസ്, തയ്യിൽ–- തെഴുക്കിലെ പീടിക റോഡിലെ 19 (1) വിജ്ഞാപനം ഡിസംബറിലാകും. 
മേലെചൊവ്വ അണ്ടർപാസ്, സൗത്ത് ബസാർ ഫ്ലൈ ഓവർ പ്രവൃത്തികളുടെ  പുരോഗതിയും യോഗം വിലയിരുത്തി. മേലെചൊവ്വ അണ്ടർ പാസ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഡിസംബറിൽ പൂർത്തിയാക്കും. ഇതോടെ ടെൻഡർ നടപടികൾ ആരംഭിക്കും. സൗത്ത് ബസാർ ഫ്ലൈ ഓവറിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. 
എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്‌,  പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് സിങ്‌, കെആർഎഫ്ബി സിഇഒ ശ്രീറാം സാംബശിവറാവു, ആർബിഡിസികെ എംഡി എസ് സുഹാസ്,  കലക്ടർ എസ് ചന്ദ്രശേഖർ എന്നിവരും  മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top