ചിറക്കൽ
ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ചിറകളിലൊന്നായ ചിറക്കൽ ചിറയുടെ സൗന്ദര്യവൽക്കരണ പ്രവൃത്തിക്കായി ജലസേചനവകുപ്പ് അരക്കോടി രൂപ അനുവദിച്ചു. ചിറക്ക് ചുറ്റം വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനായി ഇന്റർ ലോക്ക് ചെയ്ത് സന്ദർശകർക്ക് ഇരിപ്പിടം ഒരുക്കും.
നാനൂറു വർഷം പഴക്കമുള്ള ഈ ജലാശയം നേരത്തെ ശോച്യാവസ്ഥയിലിലായിരുന്നു. പിന്നീട് മണ്ണും ചെളിയും നീക്കി പടവുകൾ പുനർനിർമിച്ചും സംരക്ഷണഭിത്തി കെട്ടിയും നവീകരിച്ചു. ചിറയിൽനിന്ന് 53, 949 ഘനമീറ്റർ മണ്ണാണ് നീക്കംചെയ്തത്. ഇതോടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററിൽനിന്ന് 1339.42 ലക്ഷം ലിറ്ററായി ഉയർന്നു. ഹരിതകേരളം ടാങ്ക്‌സ് ആൻഡ് പോണ്ട്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തി നടന്നത്. നവീകരിച്ച ചിറ 2022 ഒക്ടോബർ 28ന് ജലസേചന മന്ത്രി റോഷി അഗസ്‌റ്റിൻ നാടിന് സമർപ്പിച്ചു.
സൗന്ദര്യവൽക്കരണത്തിനും തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ വി സുമേഷ് എംഎൽഎ നൽകിയ നിവേദനം പരിഗണിച്ച് തുക അനുവദിക്കുമെന്ന് ഉദ്ഘാടന വേളയിൽ തന്നെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രവൃത്തി പൂർത്തിയാകുന്നതോടെ ചിറയുടെ മുഖം മാറുമെന്നും സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി വേഗത്തിൽ ആരംഭിക്കുമെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..