19 December Friday

അതിർത്തി കാക്കാൻ 
വിപിൻ ടിബറ്റിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

കേന്ദ്രസേനയിൽ നിയമനം ലഭിച്ച ആറളം ഫാം ബ്ലോക്ക്‌ പന്ത്രണ്ടിലെ കെ വിപിൻ 
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സന്തോഷം പങ്കിടുന്നു

ഇരിട്ടി
ഇൻഡോ ടിബറ്റൻ ബോർഡർ അതിർത്തിരക്ഷാ സേനയിലേക്ക്‌ യാത്രയ്‌ക്കൊരുങ്ങുമ്പോൾ വിപിന്റെ മനസുനിറയെ സന്തോഷത്തിനൊപ്പം  മുത്തച്ഛനും മുത്തശ്ശിക്കും താങ്ങാവുന്നതിന്റെ അഭിമാനംകൂടിയായിരുന്നു. ആഗ്രഹിച്ച ജോലി കഠിനപരിശ്രമത്തിലൂടെ നേടിയാണ്‌ ആറളം ഫാം ആദിവാസി മേഖലയിലെ ഈ യുവാവ്‌ ഫാമിന്റെയും അഭിമാനമാകുന്നത്‌. ആറളം ഫാമിൽനിന്ന്‌ കേന്ദ്രസേനയിൽ നിയമനം നേടുന്ന മൂന്നാമനാണ്‌ വിപിൻ. 
മുത്തച്ഛന്റെയും മുത്തശ്ശിയുടെയും തണലിലാണ്‌ വിപിന്റെ ജീവിതം തളിരിട്ടത്‌. പ്രാരാബ്ധങ്ങൾ വകവയ്‌ക്കാതെ പഠിച്ചു. പ്ലസ്‌ടു ജയിച്ച ശേഷം ബിരുദപഠനം.  രണ്ടാംവർഷമെത്തിയതോടെ പഠനം നിർത്തേണ്ടി വന്നു. തുടർന്ന്‌  വീടിനടുത്ത അനാദിക്കടയിൽ സഹായിയായി. ഇതിനിടയിൽ തൊഴിലുറപ്പ്‌ പദ്ധതിയിലും പണിക്ക്‌ പോയി. ഫാമിലെ മുൻ പട്ടികവർഗ പ്രമോട്ടർ വനജയെ കണ്ടതാണ്‌  വഴിത്തിരിവായത്‌. അവരുടെ നിർദേശമനുസരിച്ച്‌ കംപ്യൂട്ടർ കോഴ്‌സിനും  ഇരിട്ടി എയിംസിൽ സൈനിക പരിശീലനത്തിനുംചേർന്നു. തുടർന്നാണ്‌ കേന്ദ്ര സേനാ നിയമന പരീക്ഷയിൽ ജയിച്ച്‌ ജോലി നേടിയത്‌. അരുണാചൽ പ്രദേശിലാണ്‌ നിയമനം. 24ന്‌ ജോലിയിൽ പ്രവേശിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top