19 December Friday

സ്‌മരണയിൽ നിറഞ്ഞ്‌ കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

കോടിയേരി സ്‌മൃതി സെമിനാർ ചൊക്ലി യുപി സ്‌കൂളിൽ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

ചൊക്ലി
കേരള രാഷ്‌ട്രീയത്തിൽ അരനൂറ്റാണ്ടോളം ജ്വലിച്ചുനിന്ന കോടിയേരി ബാലകൃഷ്‌ണന്റെ ജീവിതവും രാഷ്‌ട്രീയവും ഓർത്തെടുത്ത്‌ ‘കോടിയേരി സ്‌മൃതി സെമിനാർ’. ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം പാനൂർ മേഖലാ കമ്മിറ്റിയുമാണ്‌ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ ചൊക്ലി യുപി സ്‌കൂളിൽ സെമിനാർ സംഘടിപ്പിച്ചത്‌. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം ഡോ. വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ചരിത്രകാരൻ കവിയൂർ രാജഗോപാലൻ അധ്യക്ഷനായി.  കെ പി വിജയൻ സ്വാഗതവും ഡോ. ടി കെ മുനീർ നന്ദിയും പറഞ്ഞു. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ, മകൻ ബിനീഷ്‌ കോടിയേരി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം കെ കെ പവിത്രൻ, കെ ഇ കുഞ്ഞബ്ദുള്ള എന്നിവരും പങ്കെടുത്തു. 
സെമിനാറിൽ ‘ലിംഗനീതി മാർക്‌സിയൻ കാഴ്‌ചപ്പാടിൽ’  വിഷയം ഡോ. പ്രിയ അവതരിപ്പിച്ചു. പി കെ മോഹനൻ അധ്യക്ഷനായി. ഒ അജിത്‌കുമാർ, ടി കെ സുരേഷ്‌ എന്നിവർ സംസാരിച്ചു. ‘ സെക്കുലറിസം: സങ്കൽപ്പവും ഇന്ത്യൻ യാഥാർഥ്യവും’ ഡോ. എ എം ഷിനാസ്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി. ടി ടി കെ ശശി, കെ പി സജീന്ദ്രൻ എന്നിവർ സംസാരിച്ചു.  ‘ഇന്ത്യ അഥവാ ഭാരത ഭരണഘടനയിലെ രാഷ്‌ട്ര സങ്കൽപ്പം’ വിഷയം ഡോ. സുനിൽ പി ഇളയിടം അവതരിപ്പിച്ചു. ഡോ. എ പി ശ്രീധരൻ അധ്യക്ഷനായി. എ രാഘവൻ, സിറോഷ്‌ലാൽ ദാമോദരൻ എന്നിവർ സംസാരിച്ചു. ഓരോ വിഷയാവതരണത്തിന്‌ ശേഷവും സംവാദവുമുണ്ടായി.
 
രാജ്യത്ത്‌  ‘മോദാനി മോഡൽ’ 
ഭരണം: വിജൂ കൃഷ്‌ണൻ
ചൊക്ലി
രാജ്യത്ത്‌ നടപ്പാക്കുന്നത്‌ ‘മോദാനി മോഡൽ ’ ഭരണമാണെന്ന്‌ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം ഡോ. വിജൂ കൃഷ്‌ണൻ. കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം പാനൂർ മേഖലാ കമ്മിറ്റിയുംചേർന്ന്‌ ചൊക്ലി യുപി സ്‌കൂളിൽ സംഘടിപ്പിച്ച ‘കോടിയേരി സ്‌മൃതി സെമിനാർ’ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
കോർപറേറ്റുകൾക്ക്‌ രാജ്യത്തെ  കൊള്ളയടിക്കാനുള്ള സൗകര്യമാണ്‌ കേന്ദ്രസർക്കാർ ചെയ്‌തുകൊടുക്കുന്നത്‌. ഇതിലൂടെ അദാനിയും അംബാനിയും പോലുള്ളവർ ലാഭം കൊയ്യുന്നു. രാജ്യത്തെ കർഷകർ ഭയാനക പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. കാർഷികോൽപ്പന്നങ്ങൾക്കും റബർ ഉൾപ്പെടെയുള്ള നാണ്യവിളകൾക്കും കടുത്ത വിലത്തകർച്ചയാണ്‌.  കർഷക ആത്മഹത്യ വർധിച്ചു. വിത്തിനും വളത്തിനുമടക്കം കോർപറേറ്റുകൾ വില നിശ്‌ചയിക്കുന്ന അവസ്ഥയായി. ഓസ്‌ട്രേലിയയിൽനിന്നും ന്യൂസിലൻഡിൽനിന്നും ഇറക്കുമതിത്തീരുവ ഇല്ലാതെ പാലിറക്കാനുള്ള കരാർ ഒപ്പിടാൻ പോവുകയാണ്‌. ഈ നടപടി  ക്ഷീരകർഷകരെ സാരമായി ബാധിക്കും. 
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ മറക്കാനാണ്‌ കേന്ദ്രമന്ത്രി പറയുന്നത്‌. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി ആസൂത്രിത വർഗീയ ധ്രുവീകരണ നീക്കം രാജ്യത്ത്‌ ശക്തിപ്പെടുത്തുന്നു. സമാധാന മേഖലകളിലെല്ലാം വെറുപ്പു പടർത്തി. മുസ്ലിങ്ങൾ ഗോഹത്യകരാണെന്ന്‌ പ്രചരിപ്പിച്ച്‌ മേവാത്തിൽ കലാപം സൃഷ്ടിച്ചു. ആഭ്യന്തരയുദ്ധസമാന  സാഹചര്യം മണിപ്പുരിലുണ്ടായിട്ടും അമർച്ചചെയ്യാൻ കേന്ദ്രത്തിന്‌ സാധിക്കുന്നില്ല. സംസ്ഥാനം സന്ദർശിക്കാൻപോലും പ്രധാനമന്ത്രി തയാറാകുന്നില്ല. 
കർഷകരുടെയും തൊഴിലാളികളുടെയും യോജിച്ച പോരാട്ടത്തിലൂടെയാണ്‌ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസടക്കം പിൻവലിപ്പിക്കാൻ സാധിച്ചത്‌. ഇതുപോലെ കർഷകരും തൊഴിലാളികളും ഒന്നിച്ചുനിന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാം. ശ്രീലങ്കയിലെ 56 ഇഞ്ചുകാരനായ മഹിന്ദ രജപക്‌സെയുടെ അനുഭവമാകും നരേന്ദ്രമോദിക്കെന്നും വിജൂ കൃഷ്‌ണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top