26 April Friday

ചില്ലറയൊന്നും പ്രശ്‌നമേയല്ല; ബസ്സിലുമുണ്ട്‌ ഫോൺ പേ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

സായ്റാം ബസ്സിലെ കണ്ടക്ടര്‍ മുകേഷും ഡ്രൈവര്‍ രാജേഷും.

കണ്ണൂർ
ബസിൽ കയറിയശേഷമാണ്‌ പോക്കറ്റിൽ കാശില്ലെന്ന്‌ അറിയുന്നതെങ്കിലോ.  ഫോൺ പേ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നാവും ഇക്കാലത്ത്‌ ആദ്യം ചിന്തിക്കുക. ബസിലെന്ത്‌ ഫോൺ പേ എന്ന ആത്മഗതവുമുണ്ടാകും പിന്നാലെ. അങ്ങനെ നിരാശപ്പെടാൻ വരട്ടെ. കാലത്തിനൊത്ത്‌ ഓടുകയാണ്‌ മൊറാഴ സെൻട്രൽ റൂട്ടിലെ ‘സായിറാം’ ബസ്‌. നാലുമാസത്തോളമായി ബസിൽ ഫോൺ പേ സൗകര്യമൊരുക്കിയിട്ട്‌. ബസിൽ കയറിയ യാത്രക്കാരിലൊരാൾ ചില്ലറയില്ലാതെ വന്നപ്പോൾ ഫോൺ പേ ഉണ്ടോയെന്ന്‌ ചോദിച്ചതാണ്‌ കണ്ടക്ടർ മുകേഷിനെ ഈ ചിന്തയിലേക്ക്‌ നയിച്ചത്‌. കടകളിലും ഹോട്ടലുകളിലും ഫോൺ പേ അടക്കമുള്ളവ ഏർപ്പെടുത്തിയതുകൊണ്ടുള്ള സൗകര്യത്തെക്കുറിച്ചെല്ലാം ചർച്ചചെയ്‌തശേഷം കണ്ടക്ടർ മുകേഷും ഡ്രൈവർ രാജേഷും ഉടമ ഇബ്രാഹിമിനോട്‌ ഇക്കാര്യം സൂചിപ്പിച്ചു.  സമ്മതം മൂളിയതോടെ ജില്ലാ ആശുപത്രി –-മൊറാഴ സെൻട്രൽ റൂട്ടിലോടുന്ന ബസിൽ ഫോൺ പേ റെഡി. കണ്ടക്ടർക്കുള്ള ചില്ലറക്കും യാത്രക്കാരന്‌ കിട്ടാനുള്ള ബാക്കിക്കുമായി  സാധാരണ ബസുകളിൽ നടക്കാറുള്ള കശപിശക്കും അവസാനമായി. 
സംവിധാനം വന്നതോടെ സ്ഥിരം യാത്രക്കാരിൽ ഭൂരിഭാഗം പേരും ടിക്കറ്റ്‌ കാശ്‌ നൽകുന്നത്‌ ഇതുവഴിയാണ്‌. ആശുപത്രി റൂട്ടിലോടുന്ന ബസ്സായതിനാൽ ചെറിയ ദൂരത്തേക്കാണ്‌ യാത്രക്കാരിൽ കൂടുതലും. 13 രൂപയാണ്‌ കാശെങ്കിൽ കൈയിലുള്ള പത്തുരൂപ നൽകി മൂന്നുരൂപ ഫോൺ പേ വഴി നൽകുന്നവരുമുണ്ട്‌. അതിഥിത്തൊഴിലാളികളും  ഫോൺ പേ സംവിധാനം ഉപയോഗിക്കുന്നു. കോവിഡ്‌ കാലത്തെ അടച്ചിടലിനുശേഷം ബസോട്ടം തുടങ്ങിയതോടെ പലതിലും  ക്ലീനറില്ലായിരുന്നു. റിമോട്ടിൽ പ്രവർത്തിപ്പിക്കുന്ന വാതിലുകൾ ഘടിപ്പിച്ചാണ്‌ ബസ്‌  പ്രശ്‌നം പരിഹരിച്ചത്‌. ജില്ലാ ആശുപത്രി റൂട്ടിൽ റിമോട്ട്‌ കൺട്രോൾ പരീക്ഷണം ആദ്യം നടത്തിയതും ഇവർ തന്നെ. റിമോട്ട്‌ വാതിലുണ്ടെങ്കിലും നിലവിൽ ക്ലീനറുമുണ്ട്‌ ബസിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top