29 October Friday

മയ്യഴി വീണ്ടും 
അങ്കത്തട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
മയ്യഴി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവം അടങ്ങുംമുമ്പ്‌ മയ്യഴി നഗരസഭ വീണ്ടും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക്‌  ഉണരുകയാണ്‌. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ്‌ പത്ത്‌ വർഷത്തിനുശേഷം സുപ്രീംകോടതി വിധിയിലാണ്‌ തെരഞ്ഞെടുപ്പ്‌ വരുന്നത്‌. നഗരസഭാധ്യക്ഷയെയും കൗൺസിലർമാരെയും തെരഞ്ഞെടുക്കാൻ ഒക്‌ടോബർ 21നാണ്‌ മയ്യഴി പോളിങ്‌ ബൂത്തിലേക്ക്‌ നീങ്ങുക. 
മാഹി മുനിസിപ്പൽ ഏരിയയിൽ ഒന്നൊഴികെ മുഴുവൻ ബ്രാഞ്ച്‌ സമ്മേളനവും പൂർത്തിയാക്കിയാണ്‌ സിപിഐ എം തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്നത്‌. എൽഡിഎഫും തെരഞ്ഞെടുപ്പിന്‌ സജ്ജമാണ്‌. നേരിയ വോട്ടിന്‌ കൈവിട്ട മാഹി തിരിച്ചുപിടിക്കാനുള്ള ദൃഢനിശ്‌ചയത്തോടെയാണ്‌ ഇടതുപക്ഷം ഗോദയിലിറങ്ങുന്നത്‌. 
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലൊരു മിന്നും വിജയമാണ്‌ പ്രവർത്തകരുടെ മനസ്സിൽ. 2006ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ 15ൽ ഏഴുവാർഡ്‌ വീതമാണ്‌ സിപിഐ എമ്മും കോൺഗ്രസും നേടിയത്‌. ഒരു വാർഡ്‌ മുസ്ലിംലീഗിനും. വാർഡുകളുടെ എണ്ണം ഇപ്പോൾ പത്തായി കുറഞ്ഞു.
  റേഷനും തൊഴിലും വികസനവും ഉൾപ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളാവും നഗരസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. അധികാരവികേന്ദ്രീകരണം അട്ടിമറിച്ച കോൺഗ്രസിന്‌ വോട്ടിങ്‌ മെഷീനിലൂടെ മറുപടി നൽകാനുള്ള സുവർണാവസരമാണ്‌ വോട്ടർമാർക്ക്‌. കോവിഡ്‌ കാലത്ത്‌ മാഹിക്കാർ അനുഭവിച്ച ദുരിതവും കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ജനങ്ങളെ ചേർത്തുപിടിച്ചതും ജനമനസ്സിൽ മായാതെയുണ്ട്‌. 
  തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗൺസിലില്ലാത്തതിനാൽ മയ്യഴിയിൽ വികസനം മുരടിച്ചു. ഉൾനാടൻ റോഡുകളെല്ലാം തകർന്നു. ഒഴിവുള്ള തസ്‌തികയിൽ നിയമനം നടത്താതെ യുവാക്കളെയും ദ്രോഹിച്ചു. ബിജെപി–-കോൺഗ്രസ്‌ സർക്കാരുകളുടെ വഞ്ചനക്കിരയായ മാഹി സ്‌പിന്നിങ്‌ മില്ലിലെ തൊഴിലാളി കുടുംബങ്ങളുടെ രോഷവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
 
നിയമപോരാട്ടത്തിന്റെ 
വിജയം
മയ്യഴി
പുതുച്ചേരി സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ നന്ദിയോടെ നാട്‌ ഓർക്കുന്നത്‌ മയ്യഴി സ്വദേശി അഡ്വ. ടി അശോക്‌കുമാറിനെ. പൊതുതാൽപ്പര്യ ഹർജികളിലൂടെ അദ്ദേഹം നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയംകൂടിയാണിത്‌. സുപ്രീംകോടതിയിൽ അശോക്‌കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഏപ്രിൽ അഞ്ചിന്‌  ജസ്‌റ്റിസുമാരായ രോഹിൻടൺ എഫ്‌ നരിമാൻ, ബി ആർ ഗവൈ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്‌ ആറുമാസത്തിനകം തെരഞ്ഞെടുപ്പ്‌ നടത്താൻ ഉത്തരവിട്ടത്‌. തുടർന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുംവരെയും അദ്ദേഹം ഇതിന്‌ പിന്നാലെ നിശബ്ദം യാത്രചെയ്‌തു. സിപിഐ എമ്മിന്റെ സമരങ്ങളും നിയമസഭയിൽ എ വി രാമചന്ദ്രൻ എംഎൽഎ നടത്തിയ ഇടപെടലും നിയമപോരാട്ടത്തിന്‌ കരുത്തായി. 38 വർഷം നീണ്ട  ഇടവേളയ്‌ക്കുശേഷം 2006ൽ തദ്ദേശതെരഞ്ഞെടുപ്പിന്‌ മദ്രാസ്‌ ഹൈക്കോടതിയിൽനിന്ന്‌ വിധിനേടിയെടുത്തതും ഇതേ അഭിഭാഷകനാണ്‌. 
   സിപിഐ എം പ്രവർത്തകനായ അശോക്‌കുമാർ മാഹിയിൽനിന്ന്‌ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കും മത്സരിച്ചിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top