26 April Friday

റിട്ട. അധ്യാപികയുടെ മാലപൊട്ടിച്ച യുവ സൈനികൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

സെബാസ്റ്റ്യൻ ഷാജി

ഇരിട്ടി
വാടകയ്ക്കെടുത്ത കാറിലെത്തി റിട്ട. കായികാധ്യാപിക ഫിലോമിന കക്കട്ടിലിന്റെ സ്വർണമാല പൊട്ടിച്ച  സംഭവത്തിൽ യുവ സൈനികൻ അറസ്‌റ്റിൽ.  ഉളിക്കൽ കേയാപറമ്പിലെ പരുന്ത് മലയിൽ  സെബാസ്റ്റ്യൻ ഷാജി (27)യെയാണ്‌ ഇരിട്ടി സിഐ കെ ജെ  ബിനോയ്‌ അറസ്റ്റ് ചെയ്തത്‌. ബുധനാഴ്‌ച പകൽ  12.45ന് ഫിലോമിനയുടെ വീടിനടുത്ത റോഡിൽ കാർ നിർത്തി  സെബാസ്റ്റ്യൻ ഷാജി ഒരാളുടെ മേൽവിലാസം തിരക്കി. ഫിലോമിന  സമീപമെത്തി മറുപടി നൽകുന്നതിനിടെ ഇയാൾ സ്വർണമാല പിടിച്ചുപറിച്ചു. പ്രതിരോധിച്ച അധ്യാപിക അഞ്ച് പവന്റെ മാല പ്രതിയിൽനിന്ന്‌ വീണ്ടെടുത്തു. ഒരു പവന്റെ സ്വർണക്കുരിശ്‌ ലോക്കറ്റ്‌ പിടിവലിക്കിടെ ഇയാൾ  കൈക്കലാക്കി. അധ്യാപിക ബഹളം വച്ചതോടെ കാറിൽ കയറി വള്ളിത്തോട് ഭാഗത്തേക്ക് പോയി. സിഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ്‌ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. പയ്യാവൂർ, ശ്രീകണ്ഠപുരം പൊലീസ്‌ സ്‌റ്റേഷനുകളിൽ കാർ നമ്പർ കൈമാറി.  കാർ ശ്രീകണ്ഠപുരം പൊലീസ് വഴിയിൽ തടഞ്ഞതോടെ  ഇരിട്ടി പൊലീസെത്തി കസ്റ്റഡിയിലെടുത്തു. 
40 ദിവസത്തെ  അവധിക്കെ ത്തിയ സൈനികൻ ഇരിട്ടിക്കടുത്ത മാടത്തിയിലെ ലോഡ്ജിൽ ഒരു യുവതിക്കൊപ്പമാണ്‌  താമസമെന്ന്‌  പൊലീസ് പറഞ്ഞു. പയ്യാവൂരിൽ കഴിഞ്ഞ പത്തിന് വയോധികയുടെ വീട്ടിൽക്കയറി മാല പൊട്ടിച്ചതും താനാണെന്ന് ചോദ്യം ചെയ്യലിൽ  പ്രതി പൊലീസിൽ മൊഴി നൽകി.  ഇരിട്ടിയിൽനിന്ന്‌ കാർ വാടകയ്ക്കെടുത്താണ് പ്രതി കറങ്ങിയത്‌. പത്ത് ദിവസത്തേക്കെടുത്ത കാർ  തിരികെ നൽകിയില്ല.  വാടകയും നൽകിയിട്ടില്ല.  എസ്‌ഐ സുനിൽകുമാർ, സീനിയർ സിപിഒ ബിനീഷ്, സിപിഒ ഷിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പായം പഞ്ചായത്ത് മുൻ  പ്രസിഡന്റ് പരേതനായ സെബാസ്റ്റ്യൻ  കക്കട്ടിലിന്റെ ഭാര്യയാണ്  ഫിലോമിന. സ്വർണക്കുരിശ്‌ ലോക്കറ്റ്‌ പ്രതിയിൽനിന്ന്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top