കണ്ണൂർ
പൊലീസ് ഫ്രണ്ട്‌ലി കേഡറ്റ് പരിശീലനം അഞ്ച് വർഷം പൂർത്തിയാകുന്നു. വിവിധ സായുധ സേനകളിലേക്കുള്ള പ്രവേശത്തിനായി ഉദ്യോഗാർഥികളെ സജ്ജരാക്കുന്നതിനും യുവാക്കളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നതിനുമായി സിറ്റി പൊലീസ് ആരംഭിച്ച പരിശീലനത്തിൽ ഇതുവരെ 1200 പേർ പങ്കാളികളായി.
കണ്ണൂർ ടൗൺ ഇൻസ്പെക്ടറായിരുന്ന ടി കെ രത്നകുമാറാണ് 2017ൽ ഈ ആശയം മുന്നോട്ടുവച്ചത്. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലാണ് പരിശീലനം ആരംഭിച്ചത്. കോർപ്പറേഷൻ പരിധിയിലെ യുവതി യുവാക്കൾക്ക് മാത്രമായിരുന്നു പ്രവേശനം. പിന്നീട് വിവിധ പ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികളുടെ അഭ്യർഥനയെതുടർന്ന് മയ്യിലും തളിപ്പറമ്പിലും പരിശീലനം ആരംഭിച്ചു. നിലവിൽ കണ്ണൂരിൽ 15 യുവതികൾക്കും 60 യുവാക്കൾക്കും പരിശീലനം നൽകുന്നു. മയ്യിൽ അമ്പതോളം പേരും തളിപ്പറമ്പിൽ അറുപതോളം പേരുമുണ്ട്. കരസേന, എക്സൈസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ ഗ്രൂപ്പ് ഡി, സിവിൽ പൊലീസ് ഓഫീസർ എന്നിങ്ങനെ വിവിധ സേനാ വിഭാഗങ്ങളിൽ ഇവിടെ പരിശീലനം നേടിയ നിരവധി പേർ കായിക ക്ഷമതാ ടെസ്റ്റ് പാസായി നിയമനം നേടിയിട്ടുണ്ട്. അടുത്ത കാലയളവിൽ മാത്രം 48 പേർക്കാണ് വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ചത്. കണ്ണൂർ അസി. കമീഷണർ ടി കെ രത്നകുമാറിനാണ് നിലവിൽ പരിശീലനത്തിന്റെ ചുമതല. ചക്കരക്കൽ സബ് ഇൻസ്പെക്ടർ രാജേന്ദ്രനാണ് മുഖ്യ പരിശീലകൻ. ഇതടക്കം കണ്ണൂർ സിറ്റി പൊലീസ് വിവിധ പരിപാടികൾ കമീഷണർ ആർ ഇളങ്കോയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..