25 April Thursday
സർക്കാർ ഓഫീസുകളിൽ തീപിടിത്തം ഒഴിവാക്കാൻ മാർഗനിർദേശം

ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണം

പി സുരേശൻUpdated: Sunday Jan 23, 2022

കണ്ണൂർ

സർക്കാർ ഓഫീസുകളിൽ തീപിടിത്ത  സാധ്യത  ഒഴിവാക്കുന്നതിന്‌ പുതിയ മാർഗനിർദേശം. വിവിധ ഓഫീസുകളിൽ അഗ്നിബാധയെ തുടർന്ന്‌  വിലപ്പെട്ട രേഖകളും മറ്റും നഷ്ടപ്പെട്ട സാഹചര്യത്തിലാണ്‌ ഫയർ  ആൻഡ്‌ റെസ്‌ക്യൂ സർവീസസ്‌   ഡയറക്ടർ ജനറലിന്റെ ശുപാർശയിൽ   മാർഗനിർദേശമിറക്കിയത്‌.   
തീപിടിത്തം ഒഴിവാക്കുന്നതിനും  തീ പടർന്നാൽ പ്രധാന രേഖകൾ നശിക്കാതിരിക്കാനും അഗ്‌നിബാധ ഉടൻ  അറിയിക്കാനുമുള്ള സംവിധാനം ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്‌.
     സർക്കാർ ഓഫീസ്‌  കെട്ടിടങ്ങളിലെ  വെന്റിലേഷൻ  അടക്കാൻ പാടില്ല. പാഴ്‌ക്കടലാസുകളും പാഴ്‌വസ്‌തുക്കളും യഥാസമയം നീക്കണം.   ഏണിപ്പടികളിലും ടെറസിലും  പാഴ്‌വസ്‌തുക്കൾ സൂക്ഷിക്കരുത്‌.  ഓഫീസുകളിൽ പ്രാഥമിക അഗ്നിസുരക്ഷാ സംവിധാനം ഒരുക്കണം.  റെക്കോഡ്‌  മുറിയിലും പ്രധാന ഫയലുകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും  പുകപരിശോധനയും അലാറാം സംവിധാനവും  വേണം.  അലാറാം കെട്ടിടത്തിന്‌ പുറത്ത്‌ കേൾക്കത്തക്ക  വിധത്തിൽ സ്ഥാപിക്കണം.  പ്രധാന ഫയലുകൾ പെട്ടെന്ന്‌ തീപിടിക്കാത്ത അലമാരകളിൽ സൂക്ഷിക്കണം.  
ഇവ ഡിജിറ്റലായും പകർപ്പ്‌ മറ്റൊരു ഓഫീസിലും   സൂക്ഷിക്കണം.  കാലപ്പഴക്കം ചെന്ന വൈദ്യുതി സംവിധാനം മാറ്റണം. 
പ്ലഗ്‌ പോയിന്റിൽനിന്ന്‌ നിരവധി ഉപകരണങ്ങൾക്ക്‌ കണക്ഷൻ എടുക്കാൻ പാടില്ല.  ഓപ്പൺ വയറിങ്‌ ഒഴിവാക്കണം.  തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ സ്വിച്ച്‌ ബോർഡ്‌, മെയിൻ സ്വിച്ച്‌, യുപിഎസ്‌ എന്നിവയിൽനിന്ന്‌  ആവശ്യമായ അകലം പാലിച്ച്‌ സൂക്ഷിക്കണം.  
സുപ്രധാന ഫയലുകൾ സൂക്ഷിക്കുന്ന റെക്കോഡ്‌ റൂം ഓട്ടോമാറ്റിക്‌ ഡിറ്റക്ഷൻ  ഉപയോഗിച്ച്‌ സമീപത്തെ അഗ്നിശമന സ്‌റ്റേഷൻ ഓഫീസുകളിൽ  കോൾ ലഭ്യമാകുന്ന വിധം ഹോട്ട്‌ലൈൻ സ്ഥാപിക്കണം.  റെക്കോഡ്‌ റൂമുകളിലെ   വയറിങ്ങുകൾ മുറിക്ക്‌ പുറത്തുവച്ച്‌ വൈദ്യുതി വിഛേദിക്കാൻ സാധിക്കുന്ന വിധത്തിൽ  ഒരുക്കണം. 
    വൈദ്യുതോപകരണങ്ങൾ ഓഫീസ്‌ സമയത്തിനുശേഷം ഓഫാക്കിയെന്ന്‌  ഉറപ്പാക്കണം.  ഓഫീസിനകത്ത്‌ പാചകത്തിനും മറ്റ്‌ ആവശ്യങ്ങൾക്കും ഹീറ്റർ, ഇൻഡക്ഷൻ തുടങ്ങിയവ ഉപയോഗിക്കരുത്‌. സ്‌റ്റോർ റൂമുകളിൽ  എക്‌സ്‌ഹോസ്‌റ്റ്‌  ഉറപ്പുവരുത്തണം. 
ജീവനക്കാർക്ക്‌ പ്രാഥമിക അഗ്നിശമന പ്രവർത്തനങ്ങളിൽ പരിശീലനം നൽകണം.  ഫയർ ഓഡിറ്റ്‌, ഇലക്‌ട്രിക്കൽ ഓഡിറ്റ്‌ എന്നിവ യഥാസമയം നടത്തണം.  ബഹുനില കെട്ടിടങ്ങളിൽ അഗ്നിശമന സംവിധാനങ്ങൾ ഉറപ്പുവരുത്തണം. പ്രധാന ഓഫീസുകൾ  സെക്യൂരിറ്റിയെയും നിയമിക്കണം. തുടങ്ങിയവയാണ്‌ മാർഗനിർദേശങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top