20 April Saturday

പണിയക്കോളനിയുടെ ഉണ്ണി കോളേജിന്റെ ചെയർമാൻ

കെ കെ ശ്രീജിത്ത്‌Updated: Sunday Jan 23, 2022

ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് യൂണിയന്‍ 
ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കെ കെ ഗിരീഷ് 
അച്ഛന്‍ കുഞ്ഞികൃഷ്ണനോടൊപ്പം

പേരാവൂർ 
അടക്കാത്തോട് വാളുമുക്ക് പണിയ കോളനിയിൽനിന്ന്‌ ശ്രീകണ്‌ഠപുരം എസ്‌ഇഎസ്‌ കോളേജിലെ ചെയർമാൻ പദവിയിലേക്ക്‌ ഗിരീഷ്‌ എന്ന ഉണ്ണി നടന്നുകയറുന്നത്‌ നവോത്ഥാന കേരളത്തിന്റെ പ്രതിനിധിയായാണ്‌. സിവിൽ സർവീസ്‌ സ്വപ്‌നം കാണുകയും  അവധിദിനങ്ങളിൽ കെട്ടിടനിർമാണത്തിന്‌ പോയി കുടുംബം പുലർത്തുകയും  ജീവിതത്തോട്‌ പോരാടുകയും ചെയ്യുന്ന ഉണ്ണിയെന്ന വിളിപ്പേരുകാരൻ  അവരുടെ അഭിമാനമാണ്‌. അതിനുമപ്പുറം അരികുവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ കണ്ണികളിലൊരാളാണ്‌ നക്ഷത്രമുദ്രയുള്ള ശുഭ്രപതാക ഉയരെപ്പാറിച്ച്‌ ചരിത്രം രേഖപ്പെടുത്തുന്ന പദവിയിലേക്ക്‌ എത്തുന്നത്‌.  
 തെരഞ്ഞെടുപ്പിന്‌ മുമ്പേ എതിരില്ലാതെയാണ്‌ എസ്‌എഫ്‌ഐയുടെ ബാനറിൽ കെ കെ ഗിരീഷ്‌  തെരഞ്ഞെടുക്കപ്പെട്ടത്‌. ഇല്ലായ്മകളെയും പ്രയാസങ്ങളെയും മറികടന്ന് പഠനത്തില്‍ വിജയക്കൊടി പാറിച്ച പയ്യനിൽ കോളനിക്കാർ പ്രതീക്ഷ പുലർത്തിയിരുന്നു. കോളനിയിലെ കോടങ്ങാട് കുഞ്ഞികൃഷ്ണന്റെയും ഷൈനിയുടേയും മകനായ കെ കെ ഗിരീഷ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്‌.  അച്ഛനമ്മമാരും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബമാണ്  ഗിരീഷിന്റേത്. അച്ചന്‍ കുഞ്ഞികൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ്‌. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഗിരീഷിന് സിവില്‍ സര്‍വീസാണ് ലക്ഷ്യം. അമ്മ ഷൈനി കൂലിപ്പണിക്ക്‌ പോയാണ് അ ഞ്ചംഗ കുടുംബം പുലർത്തുന്നത്. 
മൂത്ത സഹോദരൻ ഹരി പ്ലസ്‌ടു വിദ്യാഭ്യാസം പൂർത്തിയാക്കി.  ഇളയ സഹോദരന്‍ യദു ആറളം ഫാം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പാല ജിഎച്ച്എസ്എസില്‍നിന്ന്‌ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും യദു എ പ്ലസ് നേടിയിരുന്നു. 
 ‘‘വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന ചുമതലയാണിത്‌. അധ്യാപകരുടെയും സഹപാഠികളുടെയും  അകമഴിഞ്ഞ പിന്തുണയുണ്ട്‌. സഹപാഠികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും എല്ലാ വിദ്യാര്‍ഥികളേയും ഒറ്റക്കെട്ടായി കൊണ്ടുപോകാനും ശ്രമിക്കും’’–-  ഗിരീഷ് പറഞ്ഞു.  
സിപിഐ എം നാരങ്ങാത്തട്ട് ബ്രാഞ്ചംഗം, എസ്എഫ്‌ഐ പേരാവൂര്‍ ഏരിയാ സെക്രട്ടറിയറ്റംഗം, അടക്കാത്തോട് ലോക്കല്‍ സെക്രട്ടറി, ഡിവൈഎഫ്‌ഐ അടക്കാത്തോട് മേഖലാ കമ്മിറ്റി അംഗം, നാരങ്ങാത്തട്ട് യൂണിറ്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top