28 March Thursday
ഒന്നാം ഡോസ്‌ സ്വീകരിച്ചത്‌ 20,76,863 പേർ

ഞായർ അവശ്യസർവീസുമാത്രം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
കണ്ണൂർ
ജില്ലയിൽ കോവിഡ് വാക്‌സിൻ ഒന്നാം ഡോസ്  സ്വീകരിച്ചത്‌  20,76,863 പേർ.  ഒന്നാം ഡോസ് എടുക്കാത്തവർ ഇനിയുമുണ്ട്‌. വ്യക്തമായ കാരണമില്ലാതെ മാറിനിൽക്കുന്നവരാണ് അധികവും. ആദ്യ ഡോസ് എടുക്കാത്തവർ തയ്യാറായി മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. വാക്‌സിൻ എടുത്തവരിൽ കോവിഡ്  വലിയ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കില്ല.
രണ്ടാം ഡോസ് എടുക്കാൻ സമയപരിധിയായവർ ഉടൻ സ്വീകരിക്കണം. 60 വയസിന്‌  മുകളിലുള്ള  അസുഖബാധിതർ/ ആരോഗ്യ പ്രവർത്തകർ/ മുൻനിര പോരാളികൾ എന്നിവർക്ക് രണ്ടു ഡോസും എടുത്ത് 39 ആഴ്ച കഴിഞ്ഞാൽ കരുതൽ ഡോസിന് അർഹതയുണ്ട്.  ഈ വിഭാഗത്തിൽപെടുന്നവർ അവരവരുടെ സമീപ പ്രദേശത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ ഉടൻ ബന്ധപ്പെടണം.
മൂന്നാംതരംഗത്തിൽ പിടിച്ചുനിൽക്കാൻ വാക്‌സിനേഷനല്ലാതെ മറ്റ്‌ മാർഗമില്ലാത്തതിനാൽ  ഉടൻ വാക്‌സിൻ സ്വീകരിക്കണം. ജില്ലയിൽ 15, 16, 17 പ്രായ ഗ്രൂപ്പിലുള്ളവർക്കു കോവാക്‌സിൻ നൽകുന്നുണ്ട്‌. ചെറിയ ശതമാനം കുട്ടികളും വാക്‌സിൻ എടുക്കാതെ മാറിനിൽക്കുന്നുണ്ട്.  ശാസ്ത്രീയ കാരണം ഒന്നുമില്ലാതെ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വാക്‌സിൻ എടുക്കാതിരിക്കരുത്.  ലോകാരോഗ്യ സംഘടന അംഗീകരിച്ച  കോവാക്‌സിൻ കോവിഷീൽഡ് പോലെ  സുരക്ഷിതവും ഫലപ്രദവുമാണെന്നും ഡിഎംഒ അറിയിച്ചു.
നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത്  23, 30 (ഞായറാഴ്ച) ദിവസങ്ങളിൽ ജില്ലയിൽ  അവശ്യസർവീസുകൾക്കുമാത്രമാണ്‌ അനുമതിയെന്ന്‌ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. ഞായർ ലോക്‌ഡൗണിന് സമാന നിയന്ത്രണങ്ങൾ ഉണ്ടാകും. ഈ ദിവസങ്ങളിൽ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്ര-–-സംസ്ഥാന സ്ഥാപനങ്ങളും ബോർഡുകളും കോർപ്പറേഷനുകളും പ്രവർത്തിക്കാം. ജീവനക്കാർക്ക് സ്ഥാപനമേധാവികൾ അനുവദിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
കോവിഡ്‌ പ്രോട്ടോക്കോൾ ഉറപ്പാക്കാൻ 
പൊലീസിനൊപ്പം -റവന്യു സ്‌ക്വാഡുകൾ
കണ്ണൂർ
ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നത് തടയാനും കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാനും പൊലീസ് പരിശോധനക്കുപുറമെ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ ഉണ്ടാക്കാൻ  കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. 
വ്യാപാരസ്ഥാപനം, ഷോപ്പിങ് മാൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രം, ആരാധനാലയം എന്നിവിടങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങ്‌ എന്നിവയിലും പൊതു ഇടങ്ങളിലും അനുവദനീയമായതിൽ കൂടുതൽ ആളുകൾ  ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ്  സ്‌ക്വാഡുകളുടെ ചുമതല.  പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ നിയമാനുസൃത നടപടികൾ കൈക്കൊള്ളാനും  അതത് ദിവസം  കലക്ടറേറ്റിൽ റിപ്പോർട്ട് നൽകാനും ഉത്തരവിൽ നിദേശിച്ചു.
1673 പേർക്ക്  കോവിഡ്
കണ്ണൂർ 
ജില്ലയിൽ 1673 പേർക്കുകൂടി കോവിഡ്-. 1470 പേർ രോ​ഗമുക്തരായി. ഇതുവരെ 308741 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ശനിയാഴ്ച ‌ 4443  പരിശോധന നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top