24 April Wednesday
തില്ലങ്കേരി ഡിവിഷൻ

എൽഡിഎഫിന്റേത്‌ അട്ടിമറി ജയം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

ആഹ്ലാദം, ആവേശം കണ്ണൂർ ജില്ലാ പഞ്ചായത്ത‌് തില്ലങ്കേരി ഡിവിഷനിൽ വിജയിച്ച അഡ്വ. ബിനോയ‌് കുര്യനെ ആനയിച്ച‌് ഇരിട്ടിയിൽ എൽഡിഎഫ‌് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നു.

ഇരിട്ടി
കണ്ണൂർ ജില്ലാ പഞ്ചായത്ത‌് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് അട്ടിമറി ജയം. കഴിഞ്ഞ തവണ യുഡിഎഫ്‌ വിജയിച്ച സീറ്റിൽ സിപിഐ എമ്മിലെ അഡ്വ. ബിനോയ‌് കുര്യൻ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ഇത്തവണ വിജയിച്ചത്‌. യുഡിഎഫ്‌ സ്ഥാനാർഥി കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലെ ലിൻഡ ജെയിംസ‌് മുള്ളൻകുഴിയിലിനെയാണ്‌ പരാജയപ്പെടുത്തിയത്‌. 
പോസ‌്റ്റൽ വോട്ടിലും എൽഡിഎഫാണ്‌ മുന്നിൽ. പോൾചെയ്‌ത 32,580 വോട്ടിൽ ബിനോയ്‌ കുര്യൻ 18,687 വോട്ടും ലിൻഡ 11,707 വോട്ടും നേടി. എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ സെക്രട്ടറി കെ ജയപ്രകാശിന്‌ 1333 വോട്ടാണ്‌‌ ലഭിച്ചത്‌.  
    കഴിഞ്ഞ തവണ യുഡിഎഫിലെ അഡ്വ. മാർഗരറ്റ‌് ജോസ്‌ 
 (കോൺഗ്രസ്‌) 285 വോട്ടിന‌് ജയിച്ച സീറ്റിലാണ‌് ബിനോയ‌് കുര്യൻ അട്ടിമറി ജയം നേടിയത‌്.  ഉമ്മൻചാണ്ടി ഭരണകാലത്ത്‌ യുഡിഎഫ‌് സ്വാധീനമേഖലകൾ ഉൾപ്പെടുത്തി തികച്ചും അശാസ്‌ത്രീയമായി  രൂപീകരിച്ചതാണ‌് തില്ലങ്കേരി ഡിവിഷൻ. യുഡിഎഫ്‌ കോട്ടയെന്ന്‌ അറിയപ്പെടുന്ന അയ്യങ്കുന്ന്‌ ഉൾപ്പെടെ എല്ലാ പഞ്ചായത്തുകളിലും ഇത്തവണ എൽഡിഎഫ്‌ മേൽക്കൈ നേടി. 
    ഡിസംബർ 14ന്‌ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ്‌ യുഡിഎഫ്‌ സ്ഥാനാർഥി ജോർജുകുട്ടി ഇരുമ്പുകുഴിയിലിന്റെ മരണത്തെതുടർന്നാണ്‌  മാറ്റിവച്ചത്‌. ഇതോടെ 24 അംഗ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന്‌ 17 സീറ്റായി. യുഡിഎഫിന്‌ ഏഴ്‌.
     വിദ്യാർഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത്‌ സജീവമായ ബിനോയ്‌ കുര്യൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ആറളം ഫാം വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റാണ്‌. 
    വോട്ടെണ്ണൽ കേന്ദ്രമായ ബ്ലോക്ക‌് പഞ്ചായത്ത്‌ ഓഫീസ‌് കവാടത്തിൽ എൽഡിഎഫ‌് നേതാക്കൾ ഷാളും ഹാരവുമണിയിച്ച‌് ബിനോയ‌് കുര്യനെ  സ്വീകരിച്ചു.
വോട്ടുനില
ആകെ വോട്ട്‌.................................................................50,214
പോൾ ചെയ്‌തത്‌........................................................32,580
അഡ്വ. ബിനോയ്‌ കുര്യൻ (എൽഡിഎഫ്‌).............18,687
ലിൻഡ ജെയിംസ്‌ മുള്ളൻകുഴിയിൽ (യുഡിഎഫ്‌): 11,707
കെ ജയപ്രകാശ്‌ (ബിജെപി)......................................1,333
ലിൻഡ ബാബു...............................................................419
ലിൻഡ എം.....................................................................259
മൈക്കിൾ.........................................................................99
നാരായണകുമാർ...........................................................76
അസാധു ...........................................................................3
ഭൂരിപക്ഷം.....................................................................6980

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top