19 April Friday
പഴങ്ങൾ സുലഭം

ഹൈ ഡെൻസിറ്റി ഫാമിങ്ങിൽ

പി സുരേശൻUpdated: Tuesday Nov 22, 2022

ദുരിയാൻ പഴത്തോട്ടത്തിൽ ബിജു നാരായണൻ

കണ്ണൂർ
വീട്ടുവളപ്പിൽ എല്ലാ മാസവും പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്ന തോട്ടം  മലയാളികളുടെ സ്വപ്‌നമാണ്‌. നമ്മുടെ പ്രകൃതിയും  കാലാവസ്ഥയും ഇതിന്‌ പറ്റിയതല്ലെന്നാണ്‌ നിഗമനം. കാലങ്ങളായുളള ഈ ധാരണ പൊളിച്ചെഴുതുകയാണ്‌ ഉളിക്കൽ അഗ്രോ ഫാം മേധാവി ബിജു നാരായണൻ. കണ്ണൂർ നഗരത്തിൽ അഡ്വ. കെ എൽ അബ്ദുൾസലാമിന്റെ വീട്ടുവളപ്പിലെ  12 സെന്റ്‌ സ്ഥലത്ത്‌  80  ഇനം പഴവർഗങ്ങൾ വിളയുന്ന ഫ്രൂട്ട്‌  ഗാർഡനിൽ പഴവർഗങ്ങൾ തഴച്ചുവളരുകയാണ്‌.  ദിവസവും തോട്ടത്തിൽനിന്ന്‌ പഴം ലഭിക്കണമെന്നായിരുന്നു ഉടമയുടെ ആവശ്യം. ഇതിന്‌ അൽപ്പം ഭേദഗതി വരുത്തി  മുഴുവൻ മാസവും പഴം ലഭിക്കുന്ന തോട്ടം ബിജു നാരായണന്റെ നേതൃത്വത്തിൽ ഒരുക്കിക്കൊടുത്തു.  
 കുറഞ്ഞ സ്ഥലത്ത്‌ കൂടുതൽ  ചെടികൾ ശാസ്‌ത്രീയമായി കൃഷിചെയ്യുന്ന  ഹൈ ഡെൻസിറ്റി ഫാമിങ്‌ രീതിയാണ്‌ ഇവിടെ പിന്തുടരുന്നത്‌.  കൃത്യമായ ആസൂത്രണവും  പരിചരണവും വിദഗ്‌ധോപദേശവും ഈ കൃഷിരീതിക്ക്‌ ആവശ്യമാണ്‌.  അബ്ദുൾ സലാമിന്റെ വീട്ടുപറമ്പിൽ അഞ്ചുവീതം മാവ്‌,   പേര,  റമ്പുട്ടാൻ,   സപ്പോട്ട, ലോംഗൻ, അബിയു, കെപ്പൽ, ദുരിയാൻ, മാങ്കോസ്‌റ്റിൻ, സീതപ്പഴം, മട്ടോവ, സാന്തോൾ,  പുലാസാൻ, സീഡ്‌ ലെസ്‌ ലെമൺ, ബാലി ചാമ്പ, അരസാബോയ്‌, ജബോട്ടിക്കാബ, കിളിഞാവൽ  തുടങ്ങിയവയുണ്ട്‌.   
 സർക്കസ്‌ കുലപതി ജമിനി ശങ്കരന്റെ വാരത്തെ വീട്ടുവളപ്പിലെ മൂന്ന്‌ ഏക്കറിലും ഉളിക്കൽ  അഗ്രോ ഫാമിന്റെ    ജൈവ വൈവിധ്യ ഫ്രൂട്ട്‌ ഗാർഡൻ തയ്യാറാവുകയാണ്‌.  ഒരേക്കർ സ്ഥലത്ത്‌ ജീവിക്കാൻ ആവശ്യമായ വരുമാനം  ഫ്രൂട്ട്‌ ഗാർഡനിലൂടെ സാധ്യമാണെന്ന്‌ ബിജു നാരായണൻ പറഞ്ഞു. കൃഷി ഒരു സംസ്‌കാരം മാത്രമല്ല, വരുമാന മാർഗവുംകൂടിയാക്കി മാറ്റിയാലേ കർഷകരെ ഈ രംഗത്ത്‌ പിടിച്ചുനിർത്താനാവൂ. കാർഷികരംഗത്തെ പരീക്ഷണങ്ങളിൽ 90 ശതമാനം പരാജയപ്പെട്ടിട്ടും  ബിജു  കൃഷി ഉപേക്ഷിച്ചില്ല. 10 ശതമാനത്തിന്റെ കരുത്തിൽ  മികച്ച കർഷകനും  കൃഷി ഉപദേശകനുമാകാൻ ബിജുവിന്‌ കഴിഞ്ഞു. സംസ്ഥാനത്താകെ ഫാമുകൾ,  തോട്ടങ്ങൾ,  ഫ്രൂട്ട്‌ ഗാർഡൻ, ടൂറിസം പദ്ധതികൾ എന്നിവ തയ്യാറാക്കി കൊടുക്കുന്നുമുണ്ട്‌.  
  മെക്കാനിക്കൽ എൻജിനിയറായ  ബിജു വീട്ടിലെ റബർ മരങ്ങൾ  മുറിച്ചുമാറ്റി പഴവർഗങ്ങൾ കൃഷിചെയ്യുമ്പോൾ എല്ലാവരും  എഴുതിത്തള്ളിയതാണ്‌. ഇപ്പോൾ ശരാശി 80 കിലോ റംബുട്ടാൻവരെ    തോട്ടത്തിൽനിന്ന്‌ ലഭിക്കുന്നുണ്ട്‌.  ഉളിക്കൽ അഗ്രോഫാമിന്‌  ഇരിട്ടി, ഉളിക്കൽ, എറണാകുളം എന്നിവിടങ്ങളിലായി 15 ഏക്കർ നഴ്‌സറിയുണ്ട്‌.   കണ്ണൂർ, കാസർകോട്‌,  വയനാട്‌ ജില്ലകളിലായി  95 ഏക്കർ  തോട്ടവുമുണ്ട്‌. ബിജുവിന്‌ സ്വന്തമായി കൃഷിത്തോട്ടവുമുണ്ട്‌. 
  ഇന്ത്യയിൽ ട്രോപ്പിക്കൽ  ക്ലൈമറ്റ്‌ (ഉഷ്‌ണ മേഖലാ കാലാവസ്ഥ)  കൂടുതലുള്ളത്‌  കേരളത്തിലെ പശ്‌ചിമഘട്ടത്തിലാണ്‌. ഈർപ്പവും  വരണ്ടതുമായ ഈ കാലാവസ്ഥ പഴവർഗങ്ങൾക്ക്‌ പറ്റിയതാണ്‌.  ലോക പഴ വിപണിയിലെ 62 ശതമാനവും  ട്രോപ്പിക്കൽ കാലാവസ്ഥാ പ്രദേശങ്ങളിൽനിന്നുള്ളവയാണ്‌.   ഇതിൽ  ഇന്ത്യയുടെ സംഭാവന വളരെ തുച്ഛമാണെന്ന്‌ ബിജു പറഞ്ഞു. കേരളത്തിലെ   മാങ്കോസ്‌റ്റിൻ ലോക കമ്പോളത്തിൽ ഏറെ പ്രിയമുള്ളതാണ്‌. 
  ഇന്റർ നാഷണൽ പെപ്പർ കമ്യൂണിറ്റിയിൽ അംഗമാണ്‌  ഉളിക്കൽ സ്വദേശിയായ  ബിജു നാരായണൻ. ഫോൺ: 9447447694.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top