23 April Tuesday

പയ്യന്നൂർ എസ്ആർടി ഓഫീസിൽ 
വീണ്ടും വിജിലൻസ് പരിശോ‌ധന

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

കണ്ണൂർ വിജിലൻസ് സംഘം പയ്യന്നൂർ എസ്ആർടി ഓഫീസിൽ പരിശോധന നടത്തുന്നു

പയ്യന്നൂർ
അഴിമതിയുടെ കൂത്തരങ്ങായ പയ്യന്നൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ വീണ്ടും വിജിലൻസ്‌ പരിശോധന. വ്യാഴം പകൽ പതിനൊന്നോടെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്‌.  ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ എഎംവിഐ കരിവെള്ളൂർ തെരുവിലെ പി വി പ്രസാദി (43)നെ തിങ്കളാഴ്‌ച  വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു.  തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ എസ്ആർടി  ഓഫീസിലെ അനധികൃത ഇടപാടുകൾ കണ്ടെത്തിയത്‌.
   കൈക്കൂലി നൽകാത്തതിനാൽ നുറുകണക്കിന് ഡ്രൈവിങ്  ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ എഎംവിഐ  തടഞ്ഞുവച്ചതായി കണ്ടെത്തി. ഓഫീസ് കൈക്കൂലിയുടെയും അവിഹിത ഇടപെടലുകളുടെയും ബിനാമി ഇടപാടുകളുടെയും കേന്ദ്രമായി മാറിയതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് കണ്ടെത്തിയതെന്ന് അന്വേഷക ഉദ്യോഗസ്ഥൻ പറഞ്ഞു. ഒറ്റദിവസംകൊണ്ട് കൊടുക്കേണ്ട സർട്ടിഫിക്കറ്റുകൾ മാസങ്ങൾ കഴിഞ്ഞിട്ടും നൽകിയില്ല. കഴിഞ്ഞ ജനുവരി 30ന് തയ്യാറായ ലൈസൻസുൾപ്പെടെ  തടഞ്ഞുവച്ചു. ഡീലർമാർ വഴിയെത്തുന്ന പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ  നടത്താതെ മാറ്റിവച്ചു. വാഹനങ്ങൾ ഹാജരാക്കാതെ ഇടനിലക്കാർ വഴി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകി. നേരിട്ട് അപേക്ഷകളുമായി എത്തുന്നവരെ നിരവധി തവണ തിരിച്ചയച്ചു. ഓഫീസ് കെട്ടിടത്തിന് മുൻവശത്ത് ബോർഡുപോലും സ്ഥാപിച്ചില്ല. ഓഫീസിന് പുറകുവശത്തുള്ള വാതിൽ  അവിഹിത ഇടപാടുകാർക്കുള്ളതാണെന്നും കണ്ടെത്തി. ഓഫീസിലെ  പോരായ്‌മകൾ പരിഹരിക്കാൻ ജീവനക്കാർക്ക് 15 ദിവസം സമയം നൽകിയതായും  കൈക്കൂലി ചോദിച്ച് വാങ്ങുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടർനടപടി ഉണ്ടാകുമെന്നും  ഡിവൈഎസ്‌പി പറഞ്ഞു. 
  എഎംവിഐ  പി വി പ്രസാദിന്റെ അറസ്‌റ്റിനെ തുടർന്ന്‌ വീട്ടിൽ നടത്തിയ പരിശോധനയിൽ 69,500 രൂപയും അടുത്തകാലത്ത് സ്വത്ത് വാങ്ങിയതിന്റെയും അതിൽ നിർമിക്കുന്ന വീടിന്റെയും രേഖകളും കണ്ടെടുത്തു. ഇവിടെനിന്ന്‌ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച പിലാത്തറ ചുമടുതാങ്ങിയിലെ കേംബ്രിഡ്‌ജ് ഡ്രൈവിങ് സ്‌കൂളിലും  സംഘം പരിശോധന നടത്തിയിരുന്നു. ജീവനക്കാരുടെ ഡ്യൂട്ടി രജിസ്‌റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ, ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റിൽ കയറാനാവശ്യമായ യൂസർനെയിം പാസ്‌വേഡ്,  വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇവിടെനിന്ന്‌ കണ്ടെടുത്തു. തുടർന്നാണ്‌ വ്യാഴാഴ്‌ച സംഘം വീണ്ടും എസ്ആർടി ഓഫീസിൽ പരിശോധനയ്‌ക്കെത്തിയത്‌.
   സിഐമാരായ പി ആർ മനോജ്, കെ പി പ്രമോദൻ, സുനിൽകുമാർ, എസ്ഐമാരായ കെ പി പങ്കജാക്ഷൻ, കെ വി മഹേന്ദ്രൻ, കെ വി ജഗദീഷ് എന്നിവരടങ്ങുന്ന 25 അംഗ സംഘമാണ്  പരിശോധന നടത്തിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top