കണ്ണൂർ
വൈദേശികാധിപത്യത്തിന്റെ ചരിത്രശേഷിപ്പുകളാണ് കണ്ണൂർ സെന്റ് ജോൺസ് സിഎസ്ഐ ഇംഗ്ലീഷ് പള്ളി സെമിത്തേരിയിലെ കല്ലറകൾ. നൂറ്റാണ്ടുകൾക്കുമുമ്പ് മരിച്ച യൂറോപ്പ്യരുടെ അഞ്ഞൂറോളം കല്ലറകളാണ് നാലേക്കർ വിസ്തൃതിയുള്ള സെമിത്തേരിയിൽ. 1811 ലാണ് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സെന്റ് ജോൺസ് ഇംഗ്ലീഷ് പള്ളി സ്ഥാപിക്കുന്നത്. പള്ളി നിർമിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് സെമിത്തേരി ഉണ്ടായിരുന്നതായി ഇവിടെ സൂക്ഷിച്ച പുസ്തങ്ങളിൽനിന്ന് വ്യക്തമാണ്. സംസ്‌കരിച്ച വിദേശികളുടെ പേരും മറ്റ് വിവരങ്ങളും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മദ്രാസ് പ്രവിശ്യയുടെ കീഴിലെ വിവിധ കേന്ദ്രങ്ങളിൽ അടക്കംചെയ്ത നിരവധി യൂറോപ്യന്മാരുടെ കല്ലറകളിൽ കൊത്തിവച്ച വിവരങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകത്തിൽ രേഖപ്പെടുത്തിയ പല കാര്യങ്ങളും കാലപ്പഴക്കത്താൽ വായിച്ച് മനസിലാക്കാൻ സാധ്യമല്ല. പല രൂപത്തിലും വലുപ്പത്തിലുമുള്ള കല്ലറകൾ സെമിത്തേരിയിലുണ്ട്. കിടത്തി മാത്രമല്ല ഇരുത്തിയും നിർത്തിയും മൃതദേഹം സംസ്‌കരിച്ചിട്ടുണ്ട്. പദവിയും സ്ഥാനവും കണക്കിലെടുത്ത് പല ആകൃതിയിലാണ് കല്ലറ നിർമിച്ചത്. നിരവധി ബ്രിട്ടീഷ് പട്ടാള ഉദ്യോസ്ഥരുടെ മൃതദേഹങ്ങളും അടക്കം ചെയ്തിട്ടുണ്ട്.
കല്ലറകൾക്ക് മുകളിൽ തദ്ദേശീയ ഭാഷയിൽ എഴുത്തും മുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കല്ലറകളാണ് കൂടുതൽ. പോർച്ചുഗീസുകാരുടേതും കാണാം. കാലപഴക്കത്താൽ പലതും നാശത്തിന്റെ വക്കിൽ. മരങ്ങളുടെ വേരുകൾ മണ്ണിലേക്ക് ഇറങ്ങി കല്ലറകൾ തകരുന്നുണ്ട്.
നിരവധി ചരിത്രാന്വേഷികളും വിദ്യാർഥികളും പഠനത്തിന് ഇവിടെ എത്താറുണ്ട്.
നിലവിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് പള്ളിയും സെമിത്തേരിയും.
രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തു മന്ത്രിയായിരിക്കെ 2019 ലാണ് സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്തി പള്ളിയുടെ നവീകരണം നടത്തിയത്. പൂർവികരുടെ കല്ലറ തിരഞ്ഞ് വിദേശികൾ ഇപ്പോഴും സെമിത്തേരിയിൽ എത്താറുണ്ടെന്ന് ഫാ. ജേക്കബ് ഡാനിയൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..