കണ്ണൂർ
കുടുംബശ്രീയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്‌തമാക്കുന്നതിനുമായുള്ള ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിൻ ഒക്‌ടോബറിൽ തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ഒക്ടോബർ ഒന്നിന് തൃത്താലയിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. മുഴുവൻ അയൽക്കൂട്ടാംഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ക്യാമ്പയിൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ജില്ലയിലെ 20,990 അയൽക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തോളം പേർ പങ്കാളികളാകും.
കുടുംബശ്രീയുടെ സംഘടനാശക്തിയും അനുഭവപാഠങ്ങളും, അയൽക്കൂട്ടത്തിന്റെ സ്‌പന്ദനം കണക്കിലാണ്, കൂട്ടായ്‌മ–- ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം–- പുതിയ അറിവുകൾ, ആശയങ്ങൾ, ഡിജിറ്റൽകാലം, തുടങ്ങിയ വിഷയങ്ങളാണ് പഠിപ്പിക്കുക. സ്‌കൂൾ കാലത്തെ പുനരവതരിപ്പിക്കുന്ന മാതൃകയിലാണ് ക്ലാസുകൾ. ഇതിനായി റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനംനൽകി. ഒരു ക്ലാസ് മുറിയിൽ 50 മുതൽ 60 വരെ പഠിതാക്കളുണ്ടാകും. ഡിസംബർ 10വരെയുള്ള അവധി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്ലാസ്.
കുടുംബശ്രീ അയൽക്കൂട്ട സംവിധാനം കൂടുതൽ ചലനാത്മകമാക്കുക, അയൽക്കൂട്ട അംഗങ്ങളിൽ കൂട്ടായ്‌മയും ഒത്തൊരുമയും ഊട്ടിയുറപ്പിക്കുക, സാമൂഹ്യപ്രതിബദ്ധതയുള്ള അംഗങ്ങളെ വാർത്തെടുക്കുക, ഡിജിറ്റൽ സാങ്കേതിവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..