തലശേരി
പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ വി മൃദുല മുമ്പാകെ തുടങ്ങി. ഒന്നാംസാക്ഷിയും വിഷ്ണുപ്രിയയുടെ ബന്ധുവുമായ കെ വിജയനെ വിസ്തരിച്ചു. വിജയനാണ് സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. വിഷ്ണുപ്രിയ മരിച്ചത് കണ്ടതായും പ്രതിയെ പിടികൂടിയപ്പോൾ പൊലീസ് സ്‌റ്റേഷനിൽ പോയി കണ്ടതായും വിജയൻ മൊഴി നൽകി. വിഷ്ണുപ്രിയയുടെ സുഹൃത്തും രണ്ടാം സാക്ഷിയുമായ വിപിൻരാജ് വ്യാഴാഴ്ച കോടതിയിൽ ഹാജരായില്ല. വിപിൻരാജിനെ അടുത്ത ദിവസം വിസ്തരിക്കും. മൂന്നു മുതൽ അഞ്ചു വരെ സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കും.
2022 ഒക്ടോബർ 22-ന് പകൽ 12-നാണ് സംഭവം. വിഷ്ണു പ്രിയയുടെ മുൻ സുഹൃത്ത് മാനന്തേരിയിലെ താഴെ കളത്തിൽ എ ശ്യാംജിത്ത് (25) ആണ് പ്രതി. വിഷ്ണുപ്രിയ സുഹൃത്തായ വിപിൻരാജുമായി മൊബൈൽഫോണിൽ സംസാരിക്കുമ്പോഴാണ് കൊലപ്പെടുത്തിയത്. സംഭവദിവസം അറസ്റ്റിലായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. 73 സാക്ഷികളാണുള്ളത്. ഇരുതല മൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവകൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പാനൂരിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു പ്രിയ. സാക്ഷി വിസ്താരം നവംബർ 11 വരെ തുടരും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്ത് കുമാർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..