27 April Saturday

പിളർപ്പ്‌ ആഘോഷമാക്കി ലീഗ്‌ അണികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

തളിപ്പറമ്പിൽ സമാന്തര ലീഗ്‌ നേതാക്കളെ പ്രവർത്തകർ സ്വീകരിക്കുന്നു

തളിപ്പറമ്പ്

നീറിപ്പുകഞ്ഞ പ്രശ്‌നം പിളർപ്പിലെത്തിയപ്പോൾ ഒരു വിഭാഗം മുസ്ലിംലീഗ്‌ പ്രവർത്തകർ തകർത്താഘോഷിച്ചു. 
ഏകപക്ഷീയമായി പ്രവർത്തിക്കുന്ന തളിപ്പറമ്പ് മുനിസിപ്പൽ  ലീഗ് കമ്മിറ്റിയിലുണ്ടായ ഭിന്നിപ്പിനെ ആവേശമാക്കുകയായിരുന്നു അവർ. അഴിമതിയടക്കമുള്ള വിഷയങ്ങളെ തുടർന്ന്‌ വർഷങ്ങളായി തളിപ്പറമ്പ്  ലീഗ് നേതൃത്വത്തിൽ പുകയുന്ന  സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ നേതൃത്വത്തിന് സാധിച്ചില്ല. 
നഗരസഭാ മുൻ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം വിഭാഗത്തെ യൂത്ത് ലീഗ്  സംസ്ഥാന നേതാവ് പി കെ സുബൈറും കൂട്ടരും  അംഗീകരിച്ചിരുന്നില്ല.  സുബൈറിന്റെ  വഴിവിട്ട നിലപാടുകളെ തുറന്നു കാട്ടിയതോടെ ലീഗിൽ അനൈക്യവും വർധിച്ചു. പുതിയ നേതൃത്വത്തെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതറിഞ്ഞ്‌ നിരവധി പ്രവർത്തകർ രാവിലെ പട്ടണത്തിലെത്തി. 
വാർത്താസമ്മേളനം കഴിഞ്ഞിറങ്ങിയ നേതാക്കളെ മുദ്രാവാക്യം വിളിച്ചും ഹാരമണിയിച്ചുമാണ്‌ അവർ സ്വീകരിച്ചത്‌. മധുരപലഹാര വിതരണവുമുണ്ടായി.  
 പതിനഞ്ചു കൗൺസിലർമാരിൽ ഏഴുപേരും തങ്ങളുടെ കൂടെയുണ്ടെന്നും ചെയർമാൻ  ഉൾപ്പെടെ  മാറാനിടയുണ്ടെന്നും പുതിയ ഭാരവാഹികൾ  പ്രഖ്യാപിച്ചത്‌ ലീഗ്‌ ഔദ്യോഗിക നേതൃത്വത്തിന്റെ മാത്രമല്ല, യുഡിഎഫിന്റെയും ഉറക്കം കെടുത്തുന്നു.  
   പി കെ സുബൈറിന്റെ നേതൃത്വത്തിൽ ഏകപക്ഷീയ നടപടികളുണ്ടായപ്പോൾ പലതവണ മേൽഘടകങ്ങൾക്ക് രേഖാമൂലം പരാതി  നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തുകയോ പരാതി മുഖവിലയ്‌ക്കെടുക്കുകയോ ചെയ്‌തില്ല.  ഈ സാഹചര്യത്തിൽ പാർടി പ്രവർത്തകർ മറ്റു പാർടികളിലേക്ക്‌  പോകാതിരിക്കാനും പാർടിയുടെ പ്രഖ്യാപിത നയങ്ങൾ നിലനിർത്തി മുന്നോട്ട് പോകാനുമാണ്‌ ശ്രമമെന്നാണ്‌ സമാന്തര കമ്മിറ്റി ഭാരവാഹികൾ പറയുന്നത്‌. അവിഹിത, അസാന്മാർഗിക കൂട്ടുകെട്ടിനെതിരെ പോരാടി പാർടിയെ ശുദ്ധീകരിക്കും. വഖഫ് സ്വത്ത് സംരക്ഷണം, ജമാ അത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി  പുനഃസംഘടിപ്പിക്കൽ,  സർ സയ്യിദ് കോളേജ്‌ സംരക്ഷിക്കൽ എന്നിവയും അടിയന്തര ലക്ഷ്യമാണെന്നും അവർ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top