26 April Friday
സമാന്തര കമ്മിറ്റി രൂപീകരിച്ചു

തളിപ്പറമ്പിൽ മുസ്ലിംലീഗ്‌ പിളർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
തളിപ്പറമ്പ്
രൂക്ഷമായ വിഭാഗീയതയിലും തമ്മിലടിയിലുംപ്പെട്ടുഴലുന്ന ജില്ലയിലെ മുസ്ലിംലീഗിനെ കൂടുതൽ വെട്ടിലാക്കി തളിപ്പറമ്പിൽ പാർടി നെടുകെ പിളർന്നു. കഴിഞ്ഞ ദിവസം ജില്ലാ ഭാരവാഹി യോഗത്തിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ്‌ പിളർപ്പ്‌. സംഘടനാപ്രശ്‌നങ്ങളെ തുടർന്ന്‌ നേരത്തേ മരവിപ്പിച്ച ലീഗ്‌ തളിപ്പറമ്പ്‌ മുനിസിപ്പൽ കമ്മിറ്റി  ഒരുവിഭാഗം യൂത്ത്‌ലീഗ്‌ പ്രവർത്തകരുടെ പ്രതിഷേധത്തോടെ പുനരുജ്ജീവിപ്പിച്ചതാണ്‌ പിളർപ്പിലേക്കു നയിച്ചത്‌. വിമതവിഭാഗം സമാന്തര കമ്മിറ്റിക്കും രൂപം നൽകി.
യൂത്ത് ലീഗ് സംസ്ഥാന വൈസ്‌ പ്രസിഡന്റും കെ എം ഷാജിപക്ഷക്കാരനുമായ പി കെ സുബൈർ നിയന്ത്രിക്കുന്ന കമ്മിറ്റിയാണ്‌  പുനരുജ്ജീവിപ്പിച്ചത്‌. ഇതിൽ പ്രതിഷേധിച്ചാണ്‌ ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾകരീം ചേലേരിയെ പിന്തുണയ്‌ക്കുന്ന മുൻ നഗരസഭാ ചെയർമാൻ മഹമ്മൂദ്‌ അള്ളാംകുളവും കൂട്ടരും പുതിയ കമ്മിറ്റി രൂപീകരിച്ചത്‌. യുഡിഎഫ്‌ ഭരിക്കുന്ന തളിപ്പറമ്പ്‌ നഗരസഭയിലെ 15 ലീഗ്‌ കൗൺസിലർമാരിൽ ഏഴുപേർ പുതിയ കമ്മിറ്റിക്കൊപ്പമാണ്‌. വർഷങ്ങളായി തുടരുന്ന സംഘടനാപ്രശ്നങ്ങളാണ്‌ പിളർപ്പിനു  കാരണമായതെന്ന്‌ സമാന്തര കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റായി പി എ സിദ്ദിഖിനെയും  ജനറൽ സെക്രട്ടറിയായി കെ മുഹമ്മദ് ബഷീറിനെയും തെരഞ്ഞെടുത്തു. യൂത്ത്‌ ലീഗ്‌, വനിതാ ലീഗ്‌ ഭാരവാഹികളെയും പ്രഖ്യാപിച്ചു. മിഖ്‌ദാദ് ചപ്പൻ യൂത്ത് ലീഗ് പ്രസിഡന്റും എൻ എ സിദ്ദീഖ്‌ ജനറൽ സെക്രട്ടറിയുമാണ്‌. ഹഫ്സത്ത് കായക്കൂലാണ്‌ വനിതാ ലീഗ്‌ പ്രസിഡന്റ്‌. ജനറൽ സെക്രട്ടറി എം സജ്നയും. റിലീഫ് കമ്മിറ്റിയും വൈറ്റ് ഗാർഡ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. 
യൂത്ത് ലീഗ് സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ സുബൈറിന്റെ  നേതൃത്വത്തിൽ തളിപ്പറമ്പിൽ ഉന്മൂലന രാഷ്ട്രീയമാണ് നടത്തുന്നതെന്നും  പ്രവർത്തകർക്ക് നീതി ലഭിക്കാനാണ് പുതിയ കമ്മിറ്റിയെ  തെരഞ്ഞെടുത്തതെന്നും  ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി എ സിദ്ദീഖ്, കെ മുഹമ്മദ് ബഷീർ, പി എം മുസ്തഫ, പി പി ഇസ്മയിൽ, സി മുഹമ്മദ് സിറാജ് എന്നിവർ പങ്കെടുത്തു.

മുമ്പേ നീറിപ്പുകഞ്ഞു

തളിപ്പറമ്പ്‌
വർഷങ്ങളായി തളിപ്പറമ്പിലെ  മുസ്ലിംലീഗിൽ നീറിപ്പുകയുന്ന  പ്രശ്‌നം ഒടുവിൽ പിളർപ്പിൽ കലാശിച്ചു. സംസ്ഥാന, -ജില്ലാതലത്തിലെ  ചേരിതിരിവും പിളർപ്പിന്‌ ഊർജം പകർന്നു. പി കെ കുഞ്ഞാലിക്കുട്ടിയെും ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾ കരീം ചേലേരിയെയും പിന്തുണയ്‌ക്കുന്നവരാണ്‌ പിളർപ്പ്‌  പ്രഖ്യാപിച്ച്‌ വാർത്താസമ്മേളനം നടത്തിയത്‌. ഔദ്യോഗിക വിഭാഗം സംസ്ഥാന സെക്രട്ടറി കെ എം ഷാജി, ജില്ലാ പ്രസിഡന്റ്‌ പി കുഞ്ഞിമുഹമ്മദ്‌,  യൂത്ത്‌ ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ സുബൈർ എന്നിവരോട്‌ കൂറുപുലർത്തുന്നവരാണ്‌. 
കാൽനൂറ്റാണ്ടായി ലീഗിൽ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നവരാണ്‌ സമാന്തര കമ്മിറ്റിയുടെ തലപ്പത്ത്‌. തളിപ്പറമ്പ്‌ നഗരസഭ മുൻ ചെയർമാൻ മഹമ്മൂദ്‌ അള്ളാംകുളമാണ്‌ നേതൃത്വം നൽകുന്നത്‌. പി കുഞ്ഞിമുഹമ്മദും പി കെ സുബൈറുമാണ്‌ തളിപ്പറമ്പിലെ വിമത പ്രവർത്തനത്തിന്‌  കാരണക്കാരെന്ന്‌ ഇവർ ആരോപിക്കുന്നു.  
  വർഷങ്ങളായി തുടരുന്ന  സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ  ലീഗ്  ജില്ലാ കമ്മിറ്റി മൂന്നുദിവസം തളിപ്പറമ്പിൽ കേന്ദ്രീകരിച്ച്‌  വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന 135 പേരെ  നേരിൽ കണ്ട്  തെളിവെടുപ്പ്  നടത്തിയിരുന്നു.  പ്രശ്‌നങ്ങൾക്ക്‌ കാരണം മുനിസിപ്പൽ കമ്മിറ്റിയാണെന്ന് കണ്ടെത്തി. സംഘടനാ പ്രശ്നങ്ങൾക്ക്‌ പുറമെ  മഹല്ല്, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളിലെ പരാതികളും പാർടിയെ അലട്ടുന്നതായി ജില്ലാ കമ്മിറ്റി  വിലയിരുത്തിയിരുന്നു. 
   ഈ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  വി കെ അബ്ദുൾ ഖാദർ മൗലവി, സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തളിപ്പറമ്പ്‌ മുനിസിപ്പൽ കമ്മിറ്റിയെ മരവിപ്പിച്ചു. സമവായത്തിലൂടെ ഇരു വിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകി കമ്മിറ്റി രൂപീകരിക്കാനും  തീരുമാനിച്ചു. എന്നാൽ  കഴിഞ്ഞദിവസം ജില്ലാ ഭാരവാഹി യോഗത്തിൽ ഇരച്ചുകയറിയവരുടെ ഭീഷണിക്കു വഴങ്ങിയ ജില്ലാ പ്രസിഡന്റ്‌ പി കുഞ്ഞിമുഹമ്മദ്‌ കമ്മിറ്റി പുനരുജ്ജീവിപ്പിച്ചതായി എഴുതി നൽകി. ഇതാണ്‌ വിമതനേതാക്കളെ പ്രകോപിപ്പിച്ചത്‌. 
പി കുഞ്ഞിമുഹമ്മദിന്റെയും കെ പി താഹിറിന്റെയും പി കെ സുബൈറിന്റെയും നേതൃത്വത്തിലുള്ള മാഫിയാ കോക്കസാണ് തളിപ്പറമ്പ് ലീഗിലെ പ്രശ്നങ്ങൾ വഷളാക്കിയതെന്ന്‌ സമാന്തര കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top