29 March Friday

പഴശ്ശി പദ്ധതി ഷട്ടർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

പഴശ്ശി പദ്ധതിയുടെ വെളിയമ്പ്ര ഡാമിൽ നവീകരിച്ച പ്രധാന കനാൽവഴി 13 വർഷത്തിനുശേഷം ജലസേചനം ലക്ഷ്യമിട്ട്‌ പരീക്ഷണാർഥം വെള്ളം തുറന്നുവിട്ടപ്പോൾ

ഇരിട്ടി

പഴശ്ശി ഡാമിൽനിന്ന്‌ 13 വർഷത്തിനുശേഷം കാർഷികാവശ്യത്തിന്‌ വെള്ളം തുറന്നുവിട്ടു. നവീകരിച്ച പ്രധാന കനാലിന്റെ അഞ്ചര കിലോമീറ്റർ പരിധിയിലാണ്‌ വെള്ളമൊഴുക്കിയത്‌. വെളിയമ്പ്രയിലെ മൂന്ന് ഷട്ടറുകളും  30 സെ. മീറ്റർ ഉയർത്തിയായിരുന്നു പരീക്ഷണം. സുരക്ഷാ മുൻകരുതലെടുത്ത്‌ പകൽ 11.30ന്‌ ആദ്യ ഷട്ടർ ഉയർത്തി. രണ്ടിന്‌ കീച്ചേരി കുര്യാക്കോസ് പാലത്തിനടുത്ത്‌ ലക്ഷ്യസ്ഥാനത്ത് വെള്ളമെത്തി.  
ലക്ഷ്യം മാഹിവരെ വെള്ളമെത്തിക്കൽ
രണ്ടുവർഷത്തിനകം 46 കിലോമീറ്റർ അകലെ  മാഹിവരെ പ്രധാന കനാൽവഴി വെള്ളമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഷട്ടർ  തുറന്നത്‌. കൃഷിക്ക്‌ വെള്ളമെത്തിക്കാൻ  1977ൽ ആരംഭിച്ച പദ്ധതിയിൽ 46 കിലോമീറ്റർ പ്രധാന കനാലും 350 കിലോമീറ്റർ ഉപകനാലുകളുമാണ്‌.  44 വർഷം പഴക്കമുള്ള കനാലുകളിലൂടെ വെള്ളമൊഴുകാതായതോടെ ഡാമിൽ സംഭരിക്കുന്ന വെള്ളം കുടിവെള്ള വിതരണത്തിനാണ്‌ ഉപയോഗിച്ചത്‌.  
16 ഷട്ടറും മാറ്റി
2012ൽ കനത്ത മഴയിൽ ഷട്ടർ തുറക്കാനാവാത്തതിനാലുണ്ടായ  വെള്ളപൊക്കത്തിൽ പ്രധാന കനാൽ പലേടത്തും കുത്തിയൊലിച്ചുപോയി. തകർന്നഭാഗങ്ങൾ ആറുകോടി രൂപ ചെലവഴിച്ച്‌ നവീകരിച്ചു. ചോർന്നൊലിക്കുന്ന 16 ഷട്ടറും മാറ്റി. ഇതോടെ 26.52 മീറ്റർ എഫ്‌ആർഎൽ (ഫുൾ റിസർവോയർ ലെവൽ ) നിരപ്പിൽ വെള്ളം സംഭരിക്കാനായി. ഡാമിൽ 23.8 മീറ്റർ നിരപ്പിൽ വെള്ളം നിലനിർത്തിയാൽ കനാൽവഴി കൃഷിക്ക്‌ വെള്ളമെത്തിക്കാമെന്ന്‌ കണ്ടതോടെയാണ്‌ വെള്ളം ഒഴുക്കിയത്‌. ജില്ലയിലെ പാടശേഖരങ്ങളിലും  മറ്റു കൃഷിയിടങ്ങളിലും ഡാമിൽനിന്ന്‌ വെള്ളമെത്തിയാൽ കാർഷിക മേഖലക്ക്‌ നേട്ടമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top