26 April Friday
അതിതീവ്ര മഴ മുന്നൊരുക്കം

എൻഡിആർഎഫ്‌ 
സേനാ ക്യാമ്പ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

അയ്യൻകുന്ന്‌ ഏഴാംകടവിലെ മണ്ണിടിച്ചിൽ പ്രദേശം ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത 
പ്രതികരണ രക്ഷാസേനാംഗങ്ങൾ സന്ദർശിക്കുന്നു

ഇരിട്ടി

രണ്ട് ദിവസം അതിതീവ്ര മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിനെ തുടർന്ന് മലയോര മേഖലകളിൽ മുൻകരുതൽ നടപടി ശക്തമാക്കി. മേഖലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായ  22 ഇടത്ത്‌ ഉരുൾപൊട്ടലിനോ  സമാനമായ മണ്ണിടിച്ചിലിനോ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാ സേനാ  സംഘത്തെ മലയോരത്ത്‌ നിയോഗിച്ചു. ഇരിട്ടി താലൂക്ക് പരിധിയിൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള  കേന്ദ്രങ്ങളിൽ  അതീവജാഗ്രത പാലിക്കാനാണ്‌  എൻഡിആർഎഫ്‌ സേനയുടെ 19 അംഗ സംഘത്തെ നിയോഗിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തി ഗവ. എൽപി സ്‌കൂളിൽ രക്ഷാസേന ക്യാമ്പാരംഭിച്ചു. ദുരന്ത സാധ്യതയുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി പറക്കപ്പാറ, ബാരാപോൾ പദ്ധതിപ്രദേശം, കീഴങ്ങാനം, എടപ്പുഴ  മേഖലകളിൽ എൻഡിആർഎഫ്,  റവന്യൂ സംഘം സന്ദർശിച്ചു.  മേഖലയിലെ താമസക്കാർക്ക് മുന്നറിയിപ്പ്‌ നൽകി. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനും മറ്റും ഫോൺ നമ്പറുകളും കൈമാറി. 
   ഉരുപ്പുംകുറ്റി ഏഴാംകടവിൽ കഴിഞ്ഞദിവസം  മണ്ണിടിച്ചിലുണ്ടായ തങ്കച്ചന്റെ വീട് ഉൾപ്പെടുന്ന കൃഷിയിടം സംഘം സന്ദർശിച്ചു. താലൂക്കിലെ നാല്‌ വില്ലേജുകളിൽ 22 സ്ഥലങ്ങൾ അപകട സാധ്യതാ മേഖലയായി കണക്കാക്കിയാണ്‌ മുൻകരുതലുകൾ. കൊട്ടിയൂർ, കേളകം, വയത്തൂർ, കീഴൂർ വില്ലേജ്‌ പരിധികളിൽ പ് രത്യേക ശ്രദ്ധയുണ്ടാവും. എൻഡിആർഎഫ് ഇൻസ്‌പെക്ടർ അവിനേഷ് കുമാർ, സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങൾ മേഖലയിൽ ക്യാമ്പ് ചെയ്യുന്നു. അടിയന്തര ഘട്ടങ്ങളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താവുന്ന തരത്തിൽ ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ക്രമീകണങ്ങൾ ഏർപ്പെടുത്തി. തഹസീൽദാർ സി വി പ്രകാശൻ, ഡെപ്യൂട്ടി തഹസിൽദാർ എം ലക്ഷ്മണൻ, അയ്യൻകുന്ന് വില്ലേജ് ഓഫീസർ മനോജ് കുമാർ  തുടങ്ങിയവർ എൻഡിആർഎഫ്‌ സംഘത്തോടൊപ്പമുണ്ടായി.
അതീവശ്രദ്ധാ മേഖലകൾ
മുൻവർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളാണ് അതീവശ്രദ്ധ കേന്ദ്രങ്ങളുടെ പട്ടികയിലുള്ളത്‌. അയ്യൻകുന്നിലെ പാറയ്ക്കാമല, പാലത്തിൻകടവ്, എടപ്പുഴ, രണ്ടാം കടവ് , ആനപ്പന്തിക്കവല, വാളത്തോട് എന്നിവയും  കീഴൂർ വില്ലേജിലെ എടക്കാനം, വയത്തൂർ വില്ലേജിലെ  അറബി, കാലാങ്കി, കൊട്ടിയൂരിലെ ചാപ്പമല, കണ്ടപ്പനം, മേലെ ചാപ്പമല,  കേളകം വില്ലേജിലെ ശാന്തിഗിരി പ്രദേശങ്ങളാണ് അതീവജാഗ്രതാ കേന്ദ്രങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top