23 April Tuesday

കേന്ദ്രീയ വിദ്യാലയങ്ങൾ 
പ്രതിസന്ധിയിൽ

രാഗേഷ്‌ കായലൂർUpdated: Thursday Oct 21, 2021

കണ്ണൂർ

അധ്യാപകരുടെ കൂട്ടസ്ഥലംമാറ്റത്തെത്തുടർന്ന്‌ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രീയ വിദ്യാലയങ്ങളുടെ പ്രവർത്തനം സ്‌തംഭനത്തിലേക്ക്.  പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവ്‌ പ്രകാരം അധ്യാപകർ പോകുന്നതോടെ കേരളത്തിലെ 41 കേന്ദ്രീയ വിദ്യാലയങ്ങളിൽ 35 എണ്ണത്തിന്റെയും പ്രവർത്തനം അവതാളത്തിലാകും. ഇതോടെ 40 ശതമാനം അധ്യാപക തസ്‌തികകൾ ഒഴിഞ്ഞുകിടക്കും.
   നവംബറിൽ പരീക്ഷ നടക്കാനിരിക്കെ അധ്യാപകർ കൂട്ടത്തോടെ സ്ഥലംമാറിപ്പോകുന്നത്‌ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. കേരള റീജിയണിൽമാത്രം അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 2500 ഓളം തസ്‌തികകളിൽ ആയിരത്തി അഞ്ഞൂറോളംപേർ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌. ഇതിൽ പകുതിയിലേറെയും സ്ഥലംമാറുകയാണ്‌. ഇതോടെ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന 52,000 ത്തിലേറെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയാകും. 
   കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ ഒമ്പത്‌ വിദ്യാലയങ്ങളിൽ മൂന്നെണ്ണത്തിലെ കണക്ക്‌ പരിശോധിച്ചാൽ  പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. കണ്ണൂർ ജില്ലയിൽ പെരിങ്ങോത്ത്‌ മാത്രം 18 പേർക്ക്‌ സ്ഥലംമാറ്റമുണ്ട്‌. കാസർകോട്‌ സിപിസിആർഐയിലെയും  പയ്യന്നൂരിലെയും 14 അധ്യാപകർ വീതവും  സ്ഥലംമാറുകയാണ്‌. അവധിക്കാലമായ മെയ്‌, ജൂൺ മാസങ്ങളിലാണ്‌ സാധാരണ പൊതു സ്ഥലംമാറ്റം ഉണ്ടാകാറുള്ളത്‌.  അവധിക്കാലത്താണ്‌ സ്ഥലംമാറ്റമെങ്കിൽ പകരം അധ്യാപകർ വരുന്നതുവരെ താൽക്കാലിക അധ്യാപകരെ  നിയമിക്കാമായിരുന്നു. എന്നാൽ, മിക്ക വിദ്യാലയങ്ങളിലും ഇപ്പോൾ താൽക്കാലിക അധ്യാപകരുടെ പാനൽ ഇല്ല.  മുൻകാലങ്ങളിൽ അതത്‌ റീജിയണുകളിലേക്കാണ്‌ നിയമനം നടന്നിരുന്നത്. ഇങ്ങനെ നിയമനം നേടിയവരിൽ ഭൂരിഭാഗവും അതത്‌ റീജിയണിൽ ഉള്ളവരുമായിരുന്നു. അതുകൊണ്ട്‌ സ്ഥലംമാറ്റം കാര്യമായി ബാധിക്കാറില്ല. 
   എന്നാലിപ്പോൾ രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ നിയമനച്ചുമതല ഡൽഹി കേന്ദ്രീകരിച്ചുള്ള ഏജൻസിയെ ഏൽപ്പിച്ചു. ഈ ഏജൻസിയാണ്‌ 25 റീജിയണുകളിലെ 1,225 വിദ്യാലയങ്ങളിലും നിയമനം നടത്തുന്നത്‌. ഈ ലിസ്‌റ്റിലെ ഏറെപ്പേരും വളഞ്ഞ വഴിയിലൂടെയാണ്‌ കയറിപ്പറ്റുന്നതെന്ന ആക്ഷേപവുമുണ്ട്‌.  ഇങ്ങനെ നിയമനം നേടിയവരാണ്‌ കൂട്ടത്തോടെ തിരിച്ചുപോകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top