03 December Sunday

ഈ മകന്‌ ഉപ്പയാണ്‌ റോൾമോഡൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കണ്ണൂർ മുനിസിപ്പിൽ ഹയർസെക്കൻഡറി സ്കൂളിൽ പത്താംതരം 
തുല്യതാ പരീക്ഷ എഴുതുന്ന ഷറഫുദ്ദീനും മകൻ മുഹമ്മദ് മുഹസിനും

 കണ്ണൂർ

സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷ പൂർത്തിയാക്കി കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് മടങ്ങുമ്പോൾ അടങ്ങാത്ത ആത്മവിശ്വാസത്തിലായിരുന്നു ചാലാട് സ്വദേശിയായ  പി പി ഷറഫുദ്ദീനും മകൻ മുഹമ്മദ് മുഹസിനും. പാതിവഴിയിൽ നിലച്ചുപോയ പഠനം പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. 
മുടങ്ങിപ്പോയ മകൻ മുഹസിന്റെ പഠനം പൂർത്തിയാക്കാൻ മകന് ആത്മവിശ്വാസം പകരാനാണ്  പ്രവാസിയായിരുന്ന ഷറഫുദ്ദീൻ പത്താംതരം തുല്യത എഴുതാൻ തീരുമാനിച്ചത്.  അയൽവാസിയായ അധ്യാപിക ഷീമയാണ് പത്താംതരം തുല്യതാ പഠനക്ലാസിനെക്കുറിച്ച് ഷറഫുദ്ദീനോട് പറയുന്നത്. അങ്ങനെ പള്ളിക്കുന്ന് ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ ക്ലാസിൽ ഉപ്പയും മകനും ചേർന്നു. 
ആദ്യം വെറുതെ മകനൊപ്പം ക്ലാസിന് പേയി തുടങ്ങിയതാണെങ്കിലും പിന്നീട് പഠനം സീരിയസായി. പ്രായം പഠനത്തിന്  തടസ്സമല്ലെന്ന് ക്ലാസ് ആരംഭിച്ച് ഏതാനും ദിവസത്തിനുള്ളിൽ മനസിലായെന്നും മികച്ച പിന്തുണയാണ് സാക്ഷരതാമിഷൻ കോ-ഓഡിനേറ്ററായിരുന്ന  അധ്യാപിക അജിതയും മറ്റ് അധ്യാപകരും നൽകിയതെന്നും ഷറഫുദ്ദീൻ പറഞ്ഞു.  11ന് തുടങ്ങിയ  പരീക്ഷ 20ന് അവസാനിച്ചു. എല്ലാ വിഷയങ്ങളും വളരെ എളുപ്പമായിരുന്നതിനാൽ മികച്ച വിജയം നേടാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരുവരും.
19 വർഷത്തോളം സൗദിയിൽ ജോലിചെയ്തിരുന്ന ഷറഫുദ്ദീൻ കോവിഡ് വ്യാപന സമയത്താണ് നാട്ടിലെത്തുന്നത്.  നിലവിൽ ഫർണിച്ചർ കടയിൽ ജീവനക്കാരാനാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top