24 April Wednesday
ജനാഭിപ്രായത്തിന്‌ മുന്തിയ പരിഗണന

കെ റെയിൽ യാഥാർഥ്യമാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
കണ്ണൂർ
ജനാഭിപ്രായങ്ങൾ മുഖവിലക്കെടുത്ത്‌ അഞ്ച്‌ വർഷത്തിനകം കെ റെയിൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ എതിർപ്പും ആക്ഷേപവും വിമർശവും അനുകൂല നിലപാടും  സ്വാഭാവികമാണ്‌.  സർവേക്കല്ല് പിഴുതാൽ അവസാനി]ക്കുന്നതല്ല പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.  കണ്ണൂരിൽ ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ആശങ്ക പൂർണമായും പരിഹരിക്കും
 ജനസാന്ദ്രതയുള്ള കേരളത്തിൽ  പദ്ധതി നടപ്പാക്കുമ്പോൾ  തെറ്റിദ്ധാരണയും  സംശയവും സ്വാഭാവികമാണ്. ആശങ്കകൾ പൂർണമായും പരിഹരിക്കും. സർക്കാരിന്‌ ഒന്നും മറച്ചുവയ്‌ക്കാനില്ല. ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ  45 മീറ്റർ ദേശീയപാത നിർമിക്കാൻ തീരുമാനിച്ചപ്പോൾ പ്രശ്‌നങ്ങളുണ്ടായി. ഫയൽ മടക്കി അജൻഡ അവസാനിപ്പിച്ചു. കൂടംകുളം വൈദ്യുതി നിലയവും  ഗെയിൽ പൈപ്പ്‌ ലൈനും ഇതുപോലെ അവസാനിപ്പിച്ചതാണ്‌. 
പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ എല്ലാം പുനരാരംഭിച്ചു. ദേശീയപാതക്കെതിരെ  വർഗീയ തീവ്രവാദ നിലപാടുള്ളവരും രാഷ്ട്രീയ താൽപ്പര്യമുള്ളവരും വയൽക്കിളികളുമെല്ലാം രംഗത്തെത്തി. എതിർപ്പിന്‌ വഴങ്ങി പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. വിമർശിച്ചവർ  അനുകൂലമാകുന്നത്‌ കേരളം കാണുകയാണ്‌. വയൽക്കിളികളും ഇന്ന്‌ ദേശീയപാതയെ  അനുകൂലിക്കുന്നു. കാര്യം മനസിലാവാതെ സത്യസന്ധമായി എതിർക്കുന്ന പ്രകൃതിസ്‌നേഹികളുണ്ട്‌. ജനങ്ങളെ ബോധ്യപ്പെടുത്തിയേ വികസന പദ്ധതികൾ നടപ്പാക്കൂ. കേരളം നെടുകെ മൺതിട്ടയായി മാറുമെന്ന ആശങ്കയ്‌ക്ക്‌ അടിസ്ഥാനമില്ല. വയലും തണ്ണീർത്തടവും സംരക്ഷിച്ചുള്ള പാത യാഥാർഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top