കണ്ണൂർ
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകൻ പി ജി സുധിയെ പോക്സോ കേസിൽപ്പെടുത്തി ജയിലിലടക്കാനും സ്കൂളിൽനിന്ന് പുറത്താക്കാനുമുള്ള ഗൂഢാലോചന പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായവരെ സ്കൂളിൽനിന്നും മാറ്റിനിർത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് സംയുക്ത അധ്യാപക സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആറുമാസത്തോളം സ്കൂളിൽ ഹാജരാകാത്ത ഒരു അധ്യാപികയ്ക്ക് കൃത്യമായി ശമ്പളം നൽകുകയും കായികമേള നടക്കുന്ന ദിവസങ്ങളിൽ കുട്ടികൾക്ക് അകമ്പടി പോയ കായികാധ്യാപകന് ആബ്സന്റ് മാർക്ക് ചെയ്തതും സ്റ്റാഫ് യോഗത്തിൽ പി ജി സുധി ചോദ്യം ചെയ്തതാണ് അധ്യാപകനോടുള്ള വിരോധത്തിന് കാരണം.
സ്പോർട്‌സ് മുറിയിൽനിന്നും വിദ്യാർഥികൾക്ക് പന്തെടുത്ത് നൽകിയതിനെ മുറിയിൽ അതിക്രമിച്ച് കയറി അശ്ലീല ചുവയോടെ നോക്കി എന്നും മറ്റും കെട്ടുകഥ മെനഞ്ഞ് പരാതിയാക്കി മാറ്റി. പലതവണ മാറ്റിയെഴുതപ്പെട്ട പരാതി വ്യാജമാണെന്ന് തുടക്കത്തിൽ തന്നെ പൊലീസിന് ബോധ്യമായി. വിദ്യാർഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധ്യാപകനെതിരെ മൊഴി നൽകിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് സ്കൂൾ പ്രധാനാധ്യാപകർ ഉൾപ്പെടെയുള്ളവരിൽനിന്നും ഉണ്ടായത്. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തി സ്കൂളിൽനിന്നും സസ്പെൻഡ് ചെയ്യപ്പെടുന്ന നാലാമത്തെ അധ്യാപകനാണ് സുധി. ഗൂഢാലോചനയിൽ പങ്കാളികളായവരെ സസ്പെൻഡ് ചെയ്യുകയും തൽസ്ഥാനങ്ങളിൽനിന്ന് അയോഗ്യരാക്കുകയും വേണം. യോഗത്തിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ അധ്യക്ഷനായി. കെ സി മഹേഷ്, കെ രമേശൻ, വി മണികണ്ഠൻ, കെ സി സുധിർ, വി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. യു കെ ബാലചന്ദ്രൻ സ്വാഗതവും ടി ലിജിൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..