26 April Friday

പരിസ്ഥിതിലോല പ്രദേശ നിർണയം ജനങ്ങളെ ‌ബുദ്ധിമുട്ടിക്കാതെ വേണം: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കണ്ണൂർ
ജനവാസ കേന്ദ്രങ്ങളിലെയും കൃഷിഭൂമിയിലെയും പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം നടപ്പാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.പരിസ്ഥിതി സംരക്ഷണം ഭാവിക്ക് അത്യന്താപേക്ഷിതമാണ്. 
കൊട്ടിയൂർ മേഖലയിൽ  കാലവർഷത്തിൽ ഉരുൾപൊട്ടി നിരവധി വീട്‌ തകർന്നിരുന്നു. കൃഷിയും നശിച്ചു. ഇതിനാൽ പരിസ്ഥിതി സംരക്ഷണ നടപടിയും  ഗൗരവമായ കാര്യമാണ്‌. എന്നാൽ, നിയന്ത്രണങ്ങളുടെ മറവിൽ പലപ്പോഴും ചില ഉദ്യോഗസ്ഥർ ജനങ്ങളെ ദ്രോഹിക്കുന്ന സ്ഥിതിയുമുണ്ട്‌. ഇവ ഉണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്തണം. 
ആശങ്ക പരിഹരിക്കാൻ കേന്ദ്രം തയ്യാറാകണം
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ സമീപപ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച്‌ നിയന്ത്രണം കൊണ്ടുവന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ  കരടുവിജ്ഞാപനം സൃഷ്ടിച്ച ആശങ്ക പരിഹരിക്കാൻ കേന്ദ്രം ഇടപെടണം.  
2013ൽ പരിസ്ഥിതിലോല പ്രദേശമായി കൊട്ടിയൂർ മേഖല പ്രഖ്യാപിച്ചപ്പോൾ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്ന്‌ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം 10 കിലോമീറ്റർ പരിധി ഒരുകിലോമീറ്ററായി കുറച്ചു. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിനാൽ നാട്ടുകാർക്ക്‌ ആശങ്കയുണ്ട്. റബർ മരം റീപ്ലാന്റേഷന്‌ മുറിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കണം. കൊട്ടിയൂരിൽ നിബിഡവനമുള്ള പ്രദേശങ്ങൾ അതിർത്തിയായി കണക്കാക്കി പരിസ്ഥിതി ലോലപ്രദേശം നിശ്‌ചയിക്കണം. ആറളം വന്യജീവി സങ്കേതത്തിന്റെ സമീപപ്രദേശങ്ങൾ സംബന്ധിച്ച വിജ്ഞാപനവും കൊട്ടിയൂർ ഡിവിഷനിലെ വിജ്ഞാപനവും  വ്യത്യസ്ത ദിവസങ്ങളിലാണ്  ഇറക്കിയത്. 
പരാതി നൽകാൻ  കൂടുതൽ സമയംവേണം
കോവിഡ് കാലമായതിനാൽ സമൂഹത്തിന് പ്രത്യാഘാതമുണ്ടാക്കുന്ന വിജ്ഞാപനം കേന്ദ്രം ഇറക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല.
 60 ദിവസത്തിനകം അപ്പീൽ നൽകണമെന്നാണ് വിജ്ഞാപനത്തിലുണ്ട്‌. പരാതി നൽകാൻ കൂടുതൽ സമയം അനുവദി ക്കണം. വനാതിർത്തിയിൽനിന്ന്‌ ഒരുകിലോമീറ്റർവരെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം വന്നാൽ ബോയ്സ് ടൗൺ വഴിയുള്ള ഗതാഗതവും കൊട്ടിയൂർ ടൗണിലെ വ്യാപാരമടക്കമുള്ള പ്രവർത്തനങ്ങൾക്കും പ്രയാസമുണ്ടാകാൻ പാടില്ലെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top