25 April Thursday

കവർച്ചക്കാരനെ കവർന്ന്‌ പൊലീസുകാരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

ഇ എൻ ശ്രീകാന്ത്

തളിപ്പറമ്പ്
കവർച്ചാക്കേസ്‌ പ്രതിയുടെ എടിഎം കാർഡ്‌ കൈക്കലാക്കി അരലക്ഷത്തോളം രൂപ കവർന്ന പൊലീസുകാരന്‌ സസ്‌പെൻഷൻ. തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ ഇ എൻ ശ്രീകാന്തിനെയാണ് റൂറൽ എസ്‌പി നവനീത്‌ ശർമ സസ്‌പെൻഡുചെയ്തത്. നിർത്തിയിട്ട കാറിൽനിന്ന്‌ എടിഎം കാർഡ് മോഷ്ടിച്ച് 70,000 രൂപ കവർന്ന കേസിൽ പിടിയിലായ യുവാവിന്റെ എടിഎം കാർഡ് അന്വേഷണത്തിന്റെ ഭാഗമാണെന്ന്‌ വിശ്വസിപ്പിച്ച്‌  പൊലീസുകാരൻ കൈക്കലാക്കുകയായിരുന്നു. 
    കഴിഞ്ഞ ഒന്നിനാണ് താഴെബക്കളത്തെ സ്നേഹ ഇൻ ബാറിനുമുൻവശം നിർത്തിയിട്ട, ചൊക്ലി ഒളവിലത്തെ മനോജ്കുമാറിന്റെ കെഎൽ 58 എ 5720 കാറിൽനിന്ന്‌ പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ടി ഗോകുൽ (28) എടിഎം കാർഡും രണ്ടായിരം രൂപയും മോഷ്ടിച്ചത്. മൂന്നിന്‌ പ്രതിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തു. മോഷ്ടിച്ച പണം സഹോദരിയുടെ അക്കൗണ്ടിലാണ്‌ ഗോകുൽ നിക്ഷേപിച്ചിരുന്നത്‌. പിടിയിലാകുമ്പോൾ സഹോദരിയുടെ എടിഎം കാർഡും കൈവശമുണ്ടായിരുന്നു. പൊലീസ്‌ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത്‌ സൂത്രത്തിൽ കാർഡ് കൈക്കലാക്കി. അന്വേഷണ ആവശ്യത്തിനെന്നുപറഞ്ഞ്‌ പിൻ നമ്പറും വാങ്ങി. ഏഴാം തിയതി മുതലാണ്‌ പൊലീസുകാരൻ ഈ അക്കണ്ടിൽനിന്ന്‌ പണം പിൻവലിച്ചത്‌. എടിഎം കാർഡ് ഉപയോഗിച്ച് പലതവണ പണം പിൻവലിച്ചതായി മൊബൈലിൽ സന്ദേശം ലഭിച്ചതോടെ ഗോകുലിന്റെ സഹോദരി  പൊലീസിനെ സമീപിച്ചു. തളിപ്പറമ്പ് ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രന്റെ നിർദേശാനുസരണം സിഐ വി ജയകുമാർ നടത്തിയ അന്വേഷണത്തിലാണ്  ശ്രീകാന്തിന്റെ പങ്ക്‌ വ്യക്തമായത്. കൂടുതൽ അന്വേഷണത്തിന്‌ സംസ്ഥാന പൊലീസ്‌ മേധാവി ഉത്തരവിട്ടു.
മോഷ്ടാവിന്റെ 
ചെലവിൽ ഷോപ്പിങ്‌
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പിറ്റേന്നുമുതൽ സിപിഒ ഇ എൻ ശ്രീകാന്ത്,‌ പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ടി ഗോകുലിൽനിന്ന്‌ കൈക്കലാക്കിയ എംടിഎം കാർഡ് ഉപയോഗിച്ച് ഷോപ്പിങ് ആരംഭിച്ചു. തളിപ്പറമ്പിലെ ഷോപ്രിക്‌സ് സൂപ്പർമാർക്കറ്റിൽനിന്ന്‌ സാധനങ്ങൾ വാങ്ങി. ഗ്രീൻലാൻഡ്‌ പെട്രോൾപമ്പിൽനിന്ന്‌ വാഹനത്തിൽ 3173 രൂപയുടെ ഇന്ധനം നിറച്ചു. ബീവറേജസ്‌ ഔട്ട്‌ലറ്റിൽനിന്ന്‌ 1350 രൂപയുടെ മദ്യം വാങ്ങി. മന്നയിലെ എടിഎം കൗണ്ടറിൽനിന്ന്‌ നാലായിരം രൂപ പിൻവലിക്കുകയുംചെയ്‌തു.
    അടുത്ത ദിവസം വീണ്ടും ബിവറേജസിൽനിന്ന്‌ 5630 രൂപയുടെ മദ്യം വാങ്ങി. 11നും 12നും  ചിറവക്കിലെ ഹോട്ടൽ ഹൊറിസോൺ ഇന്റർനാഷണലിൽനിന്ന്‌‌  കാർഡുപയോഗിച്ച്‌ ഭക്ഷണം വാങ്ങി. എല്ലാംകൂടി ‌ അമ്പതിനായിരം രൂപയാണ്‌ ഇതിനകം പൊടിച്ചത്‌. 
പൊലീസിന് അപമാനം
മോഷ്ടാവിന്റെ എടിഎം കാർഡ്‌ കൈക്കലാക്കി പണം പിൻവലിച്ച പൊലീസുകാരന്റെ നടപടി തളിപ്പറമ്പ് സ്‌റ്റേഷന്‌ നാണക്കേടായി. ഇത് രണ്ടാം തവണയാണ് പൊലീസുകാരെക്കൊണ്ടുതന്നെ സ്റ്റേഷന്‌ അപമാനമുണ്ടാകുന്നത്‌. 2017–-ൽ മംഗലശേരിയിൽനിന്ന്‌ മണൽ കടത്തുകയായിരുന്ന ലോറിയെ പുലർച്ചെ പൊലീസ് പിന്തുടർന്നപ്പോൾ നിയന്ത്രണംവിട്ട് മറിഞ്ഞ് തീപിടിച്ചിരുന്നു. ഈ ലോറി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനുപകരം പൊലീസുകാർ കുപ്പത്തെ ആക്രിക്കടയിലെത്തിച്ച്‌ അരലക്ഷം രൂപയ്ക്ക് വിറ്റു. അന്ന്‌ എഎസ്‌ഐ ഉൾപ്പെടെ അഞ്ച്‌ പൊലീസുകാരെ സസ്‌പെൻഡുചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top