19 April Friday

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യവസായ 
പാർക്കുകൾ ആരംഭിക്കും: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
മട്ടന്നൂര്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികസ്ഥലം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത്‌ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന്‌  വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന വ്യവസായ -വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  
വിദ്യാഭ്യാസ രംഗത്തെ ഇൻക്യുബേറ്റർ, സ്റ്റാർട്ടപ്പ്‌ തുടങ്ങിയവ നടത്തുന്ന കണ്ടുപിടിത്തങ്ങളുടെ വ്യവസായ ഉൽപാദനത്തിന് കോളേജുകളിലെ വ്യവസായ പാർക്കുകളിൽ മുൻഗണന നൽകും.  വിദ്യാർഥികൾക്ക് ക്ലാസിനുശേഷമുള്ള സമയം ഇവിടെ ജോലി ചെയ്യാം. ഈ വർഷം തന്നെ ഇത് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
എംജി സർവകലാശാലയുടെ ഇരുപതേക്കറിലായിരിക്കും ആദ്യ പാർക്ക് നടപ്പിലാക്കുക. 38 കോളേജുകൾ ഇതിനകം തന്നെ ഇതിന് തയ്യാറായി സർക്കാറിനെ സമീപിച്ചതായി മന്ത്രി പറഞ്ഞു. 
 വ്യവസായ വികസനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലം ഉത്തര കേരളമാണ്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ട്. സ്ഥലവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. കേരളത്തിൽ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്കിനുള്ള അനുമതി നൽകിയത് കണ്ണൂരിലാണ്. സംസ്ഥാനത്ത് എട്ട് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. മന്ത്രി പറഞ്ഞു. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ മുഖ്യാതിഥിയായി. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, എബിസി ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് എംഡി മുഹമ്മദ് മദനി എന്നിവർ വിശിഷ്ടാതിഥികളായി.  കൗൺസിലർ വി എൻ മുഹമ്മദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ്, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് ജീവരാജ് നമ്പ്യാർ, തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, കിൻഫ്ര സോണൽ മാനേജർ കെ എസ് കിഷോർകുമാർ, ഉപജില്ലാ വ്യവസായ ഓഫീസർ കെ കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. കണ്ണൂരിന്റെ സംരംഭ സാധ്യതകൾ എന്ന വിഷയം മലബാർ ഫർണിച്ചർ കൺസോർഷ്യം എംഡി കെ പി രവീന്ദ്രൻ അവതരിപ്പിച്ചു.  പുതിയ പ്രോജക്ടുകളെക്കുറിച്ച് എ എസ് ഷിറാസ് വിശദീകരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top