പരിയാരം
വടക്കേ മലബാറിൽ ഖേലോ ഇന്ത്യ പദ്ധതിയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിർമിച്ച ലോകനിലവാരത്തിലുള്ള സിന്തറ്റിക്ക് ട്രാക്കും ഫുട്‌ബോൾ സ്‌റ്റേഡിയവും ഉദ്‌ഘാടന സജ്ജമായി. ഏഴ് കോടി രൂപയുടെ സിന്തറ്റിക് ട്രാക്കും സ്‌റ്റേഡിയവും 24 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
ഇന്റർനാഷണൽ അത്‌ലറ്റിക് ഫെഡറേഷൻ (ഐഎഎഎഫ് ) നിഷ്കർഷിച്ച സ്റ്റാൻഡേർഡ് എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, ജംബിങ് പിറ്റ്, ട്രാക്കിന്റെ സുരക്ഷയ്‌ക്കുള്ള ഫെൻസിങ്, കാണികൾക്കുള്ള പവിലിയൻ, കായിക താരങ്ങൾക്ക് ഡ്രസ് ചെയ്ഞ്ചിങ് റൂം, ബാത്ത്റൂം, ടോയ്‌ലെറ്റ് എന്നീ സംവിധാനങ്ങൾ സ്‌റ്റേഡിയത്തിലുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ ഗ്രൗണ്ടിന്റെ പ്രവൃത്തിക്ക് എംഎൽഎയായിരുന്ന ടി വി രാജേഷിന്റെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന്റെയും സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ സിന്തറ്റിക് ട്രാക്ക് ന്യൂഡൽഹി സിൻകോട്ട് ഇന്റർനാഷണലും ഫുട്ബോൾ ഗ്രൗണ്ട് ആലുവ വികെഎം ഫുട്ബോൾ ടർഫുമാണ് നിർമിച്ചത്. പ്രകൃതിദത്ത ടർഫുള്ളതാണ് ഫുട്‌ബോൾ ഗ്രൗണ്ട്. പുൽമൈതാനം നനക്കാനാവശ്യമായ ഓട്ടോമാറ്റിക് സ്‌പ്രിങ്‌ളറുമുണ്ട്.
പരിയാരം മെഡിക്കൽ കോളേജിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ പി ഷീബ ദാമോദർ അധ്യക്ഷയായി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, ജില്ലാ പഞ്ചായത്തംഗം ടി തമ്പാൻ, ഡോ. പി സജി, ഡോ. ഡി കെ മനോജ്, ഡോ. പി പി ബിനീഷ് എന്നിവർ സംസാരിച്ചു. സൂപ്രണ്ട് കെ സുദീപ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം വിജിൻ എംഎൽഎ (ചെയർമാൻ) ഡോ. ടി കെ പ്രേമലത (ജനറൽ കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..