08 December Thursday
സ്‌റ്റാറ്റസ്‌ സിംബലാണ്‌... ഇവിടുത്തെ പഠനം

അൽപ്പം ചരിത്രം

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
കണ്ണൂർ
നൂറുകണക്കിനാളുകൾ കല്ല് വെട്ടിയെടുത്ത്‌  ഉപജീവനം നടത്തിയ ചെങ്കൽ മേഖലയായിരുന്നു പണ്ടുകാലത്ത്‌ മാങ്ങാട്ടുപറമ്പ്. 1946ൽ നാടാകെ ഭക്ഷ്യക്ഷാമത്തിൽ വലഞ്ഞപ്പോൾ മാങ്ങാട്ടുപറമ്പിലെ കല്ലുകൊത്ത് തൊഴിലാളികൾ 22 ഏക്കർ സ്ഥലത്ത് മരച്ചീനി കൃഷി നടത്തി. അക്കാലത്ത് 640 ഏക്കർ വിശാല ഭൂമിയായിരുന്നു ഇവിടം.  തൊഴിലാളികൾ സംഘടിക്കുന്നതിൽ അസ്വസ്ഥരായ അധികാരികൾ മാങ്ങാട്ടുപറമ്പ് മുഴുവൻ കടമ്പേരി ദേവസ്വത്തിന്റെ സ്വത്താണെന്നും വിട്ടുതരണമെന്നും വാദിച്ചു. കല്ല് കൊത്ത്‌ തൊഴിലാളികൾ കോടതിയിൽ നൽകിയ  മൊഴിയെതുടർന്ന് ഭൂമി സർക്കാരിന് തിരിച്ചുകിട്ടി.  ഇതോടെയാണ്  മാങ്ങാട്ടുപറമ്പിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരലായങ്ങളും സായുധസേന ആസ്ഥാനവും ഉയർന്നുവന്നത്‌.
മാറ്റമുൾക്കൊണ്ട്‌ 
കാലത്തിനൊപ്പം
കേരളത്തിനകത്തും പുറത്തുമുള്ള സാങ്കേതികസ്ഥാപനങ്ങളെ നയിക്കുന്ന എൻജിനിയർമാർക്ക്‌  ജന്മം നൽകിയ ക്യാമ്പസാണിത്‌. പഠനത്തിനൊപ്പം  ഫാഷനും കലയും സിനിമയും രാഷ്‌ട്രീയവും നിറഞ്ഞു നിൽക്കുന്നു. കാലത്തിന്റെ മാറ്റമുൾക്കൊണ്ട്‌  മികവുമായി മുന്നോട്ടേക്കാണ്‌ ഈ കലാലയം നടക്കുന്നത്‌. അത്യാധുനിക രീതിയിലുള്ള ലൈബ്രറി നിർമാണ പ്രവൃത്തി ദ്രുതഗതിയിലാണ്‌. എംഎൽഎയും മുൻ തദ്ദേശ  മന്ത്രിയുമായ എം വി ഗോവിന്ദൻ  മണ്ഡലത്തിലെ വികസനത്തിൽ എൻജിനിയറിങ്‌ കോളേജിനെയും ഉൾപ്പെടുത്തി സെന്റർ ഓഫ് എക്സലൻസ് ആയി  ഉയർത്താനുള്ള പ്രവർത്തനത്തിലാണ്‌.
പഠിച്ചിറങ്ങിയാൽ ജോലി
ഇവിടെ പഠിച്ചിറങ്ങുന്നവരെ  റാഞ്ചിയെടുക്കാൻ മത്സരിക്കുന്നത്‌ വൻ സ്ഥാപനങ്ങളാണ്‌. ഈ വർഷം 213 വിദ്യാർഥികൾക്കാണ്‌ ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റവഴി ജോലി ലഭിച്ചത്‌. ഇപ്പോൾ  2022 ബാച്ചിന്റെ ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ പുരോഗമിക്കുന്നു. ബിടെക്കിൽ 80 ശതമാനം കുട്ടികളും എംടെക്കിൽ 25 ശതമാനം കുട്ടികൾക്കും ജോലിയായി. നാല്‌ ലക്ഷം രൂപ മുതലാണ്‌ പല കമ്പനികളും വാർഷിക വരുമാനം ഓഫർ നൽകുന്നത്‌. മൂന്ന്‌ കുട്ടികൾക്ക്‌  9.3 ലക്ഷം രൂപയാണ്‌  വാർഷിക വരുമാനമായി ലഭിക്കുന്നത്‌.  ബൈജൂസ്‌ ആപ്പ്‌ ഉടമ ബൈജു രവീന്ദ്രൻ പൂർവ വിദ്യാർഥിയാണ്‌. 
അംഗീകാരമികവിൽ 
ദേശീയതലത്തിൽ 200 ലധികം സ്റ്റുഡന്റ്‌സ് ചാപ്റ്ററിൽനിന്ന് മികച്ച ഐസിഐ സ്റ്റുഡന്റ്‌ ചാപ്റ്റ്റിനുള്ള 2021- –-22 അധ്യയന വർഷത്തെ അവാർഡിന് അർഹരായതും ഇവിടുത്തെ  "ബുജികളാണ്‌.  കാലിക്കറ്റ് സെന്ററിലെ  സ്റ്റുഡന്റ്‌സ് ചാപ്റ്ററിൽനിന്ന് മികച്ച ഐസിഐ സ്റ്റുഡന്റ്‌ ചാപ്‌റ്ററിനുള്ള 2021-–- 22 അധ്യയന വർഷത്തെ അവാർഡും നേടി.  
കോഴ്‌സുകൾ
 സിവിൽ എൻജിനിയറിങ്,  മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്  ആൻഡ് എൻജിനിയറിങ് എന്നിവയാണ്‌ ബിരുദ  കോഴ്സുകൾ.  കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എൻജിനിയറിങ്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്‌ ആൻഡ് മെക്കാനിക്കൽ സിസ്റ്റംസ് ഡിസൈൻ (മെക്കാനിക്കൽ എൻജിനിയറിങ്),  പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ് (ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ് എൻജിനിയറിങ്), സിഗ്നൽ പ്രോസസ്സിങ്‌,  എംബഡഡ് സിസ്റ്റംസ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എന്നിവയിൽ എം ടെക് കോഴ്സുകളുമുണ്ട്‌.      

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top