25 April Thursday

വിളിപ്പുറത്ത്‌ 
സാന്ത്വന സ്‌പർശമായി

രാഗേഷ്‌ കായലൂർUpdated: Sunday Sep 19, 2021

ഹർഷൻ രോഗിയെ പരിചരിക്കുന്നു (ഫയൽ ചിത്രം)

കണ്ണൂർ
ജോലിയിൽനിന്ന്‌  വിരമിച്ച്‌ വർഷങ്ങളായെങ്കിലും സാന്ത്വന പ്രവർത്തനത്തിന്‌ പഴയങ്ങാടി കല്ലുപറമ്പിൽ ഹർഷൻ ഇതുവരെ അവധികൊടുത്തിട്ടില്ല. 37 വർഷം ചെയ്‌ത തൊഴിലിൽ ഇപ്പോഴും സജീവം.  കിടപ്പുരോഗികൾക്കും ആശുപത്രികളിൽ പോകാൻ പ്രയാസമുള്ളവർക്കും വീടുകളിലെത്തി സൗജന്യ പരിചരണം തുടരുന്നു. 1999ൽ പഴയങ്ങാടി പിഎച്ച്‌സിയിൽനിന്ന്‌ നഴ്‌സിങ് അസിസ്‌റ്റന്റായി വിരമിച്ച ശേഷം 21 വർഷമായി ആതുരശുശ്രൂഷാ രംഗത്ത്‌ സമർപ്പിച്ചതാണ്‌ ഈ ജീവിതം. മാടായി, ഏഴോം, കുഞ്ഞിമംഗലം, ചെറുതാഴം, മാട്ടൂൽ പഞ്ചായത്തുകളിൽ ഹർഷന്റെ  സേവനം തുണയായവർ ഏറെ. 
ജോലിയിൽനിന്ന്‌ വിരമിച്ചതോടെ പാലിയേറ്റീവ്‌ മേഖലയിലേക്കിറങ്ങി. ബസിലും ഓട്ടോപിടിച്ചും നടന്നും  സാന്ത്വനസ്‌പർശവുമായി വീടുകൾ കയറിയിറങ്ങുന്നു. ജില്ലാ ആശുപത്രിയിലെയും  വിവിധ പിഎച്ച്‌സികളിലും ക്ഷയരോഗ ആശുപത്രിയിലുമുള്ള  ദീർഘകാലത്തെ അനുഭവമാണ്‌ തളർന്നവർക്ക്‌  താങ്ങാവാൻ കരുത്തായത്‌. പ്രമേഹത്തെ തുടർന്ന്‌ കാലും വിരലും മുറിച്ചുമാറ്റപ്പെട്ടവർ, അപകടത്തിൽ ശരീരം തളർന്നവർ, കൈകാൽ  ഒടിഞ്ഞ്‌ കിടപ്പിലായവർ എന്നിവർക്കെല്ലാം  ഡോക്ടറും നഴ്‌സും പരിചാരകനുമാണ്‌  ഇദ്ദേഹം.
അപകടത്തിൽപെട്ടും മറ്റും ചികിത്സയ്‌ക്കെത്തുന്നവർക്ക്‌ സാമ്പത്തിക പ്രയാസം കാരണം തുടർചികിത്സയ്‌ക്ക്‌  ആശുപത്രിയിലേക്ക്‌  വരാനാകാത്തതും പരസഹായത്തിനാളില്ലാതെ ദുരിതമനുഭവിക്കുന്നതും  കണ്ടറിഞ്ഞപ്പോഴാണ്‌  രോഗികളെ വീട്ടിലെത്തി പരിചരിക്കാൻ തീരുമാനിച്ചത്‌.  പരിചരണം ആവശ്യമുണ്ടെങ്കിൽ  ഫോൺചെയ്‌താൽ മതി. വിളിച്ചാൽ വിളിപ്പുറത്ത്‌ ഈ സേവകനുണ്ടാവും.  മെഡിക്കൽ ഷോപ്പുകളിലുള്ളവർക്ക്‌ ഹർഷന്റെ ഫോൺ നമ്പർ മനഃപാഠമാണ്‌.  ജീവിക്കാൻ സർക്കാർ പെൻഷൻ തരുന്നുണ്ട്‌.  അതിൽ കൂടുതൽ വരുമാനം ആവശ്യമില്ല.  കിടക്കയിൽ എഴുന്നേൽക്കാനാവാതെ ദുരിതമനുഭവിക്കുന്ന നിരവധി പേർ ഉള്ളപ്പോൾ ഒരു കൈസഹായം. അതു തരുന്ന മാനസിക സംതൃപ്‌തിയാണ്‌  രോഗീ പരിചരണത്തിന്‌ പ്രേരിപ്പിക്കുന്നത്‌.  ഭാര്യ വാസന്തിയുടെയും നാലു മക്കളുടെയും പിന്തുണയും കരുത്തായുണ്ട്‌–- ഹർഷൻ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top