20 April Saturday

ജീവരക്തം നൽകി യുവത

ജസ്‌ന ജയരാജ്‌Updated: Sunday Sep 19, 2021

ഡിവൈഎഫ്ഐ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഭാ​ഗമായി ജില്ലാ ആശുപത്രി 
ബ്ലഡ്ബാങ്കിൽ രക്തം നൽകുന്നവർ (ഫയൽ ചിത്രം).

 

കണ്ണൂർ
‘‘അവരുണ്ടെങ്കിൽ രക്തം മുടങ്ങില്ല. ഏത്‌ പാതിരയ്‌ക്കും വിളിപ്പുറത്ത്‌ ഓടിയെത്തും. യാത്രക്കുള്ള കാശ്‌ പോലും വാങ്ങില്ല. ഇത്രയും സമർപ്പിത പ്രവർത്തനം നടത്തുന്ന   സംഘടന വേറെയുണ്ടാവില്ല’’. ഡിവൈഎഫ്‌ഐയുടെ സന്നദ്ധ പ്രവർത്തനത്തിന്‌ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ സർട്ടിഫിക്കറ്റാണ്‌  ഈ  വാക്കുകൾ. രക്തം കിട്ടാതെ വലയുന്നവർക്ക്‌ മുന്നിൽ രക്ഷകരാണ്‌ ഇന്ന്‌ നാടിന്റെ യുവത.  
രൂപീകരണ കാലത്തുതന്നെ രക്തദാന പ്രവർത്തനങ്ങളിൽ സജീവമായി. 
അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യപ്പെട്ടുള്ള ഓരോ വിളികളിലും സന്നദ്ധരായെത്തുന്ന യുവതീയുവാക്കളുടെ വൻ നിരയാണ്‌  പദ്ധതിയുടെ കരുത്ത്‌. രക്തം ജില്ലാതല സംവിധാനത്തിലൂടെ എത്തിച്ചു നൽകുന്ന രീതിയാണ്‌ ഇതുവരെ തുടർന്നത്‌. ഇപ്പോൾ ആവശ്യപ്പെടുന്നയാൾക്ക്‌ ബ്ലോക്ക്‌ പരിധിയിൽനിന്നും രക്തം ലഭിക്കും. 
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ തുടങ്ങിയ ആശുപത്രികളുടെ ബ്ലഡ്‌ ബാങ്കുകളിലേക്ക്‌  ഡിവൈഎഫ്‌ഐ രക്തം നൽകുന്നുണ്ട്‌. സെപ്‌തംബർ ഒന്ന്‌ മുതൽ തലശേരി ജനറൽ ആശുപത്രിയിലും മലബാർ ക്യാൻസർ സെന്ററിലും പ്രതിദിനം പത്ത്‌ പേർ മുടങ്ങാതെ രക്തം നൽകുന്നു.  ജില്ലയിൽ ഏറ്റവും കൂടുതൽ യൂണിറ്റ്‌ രക്തം നൽകിയ സന്നദ്ധ സംഘടനയ്‌ക്കുള്ള  ആരോഗ്യ വകുപ്പ്‌ പുരസ്‌കാരം ഡിവൈഎഫ്‌ഐ ആർക്കും വിട്ടുകൊടുക്കാറില്ല. 
കോവിഡ്‌ കാലത്താണ്‌ അതിജീവനം പദ്ധതിയുടെ വില നാടിന്‌ പൂർണമായി ബോധ്യപ്പെട്ടത്‌. എല്ലാവരും വീട്ടിൽ അടച്ചിരുന്നപ്പോൾ ആശുപത്രികളിലെ രക്ത ബാങ്കുകൾ നിറച്ചത്‌ ഡിവൈഎഫ്‌ഐയാണ്‌.  കോവിഡ്‌ രണ്ടാം തരംഗത്തിൽ  അറുപത്‌ വീതം രക്തദാതാക്കളുമായി  25 ൽപരം രക്തവണ്ടികളാണ്‌ ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന്‌ ജില്ലാ ആശുപത്രിയിലും  കണ്ണൂർ എ കെ ജി ആശുപത്രിയിലും എത്തിയത്‌. പ്ലാസ്‌മ നൽകുന്നതിനും  പ്രത്യേക ക്യാമ്പുകളും നടത്തി. 
രക്തദാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രക്തദാതാക്കളുടെ ഡയറക്ടറി തയ്യാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്ന്‌ ജില്ലാ സെക്രട്ടറി എം ഷാജർ പറഞ്ഞു.  ഇത്‌ പൂർത്തിയാവുന്നതോടെ അതിജീവനം കൂടുതൽ പേർക്ക്‌ ആശ്രയമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top