26 April Friday

കണ്ണൂർ സർവകലാശാല അവശേഷിക്കുന്ന നാലാം സെമസ്‌റ്റർ പരീക്ഷകൾ ഉടൻ നടത്താൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കണ്ണൂർ
കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചതുൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ ബിരുദതല പരീക്ഷകളും  നടത്താൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചു. നാലാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്‌(മാർച്ച് 2020) പരീക്ഷകൾ  ഈ മാസം 29ന് തുടങ്ങും. വിശദമായ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ സുഗമമായി നടത്തുന്നതിന്‌ സർവകലാശാലാ തലത്തിലും കോളേജ് തലത്തിലും എക്സാമിനേഷൻ കോ ഓഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. 
കോളേജ് തല കമ്മിറ്റിയിൽ പ്രിൻസിപ്പൽ, വിദ്യാർഥി–-  അധ്യാപക സംഘടനാ പ്രതിനിധികൾ, പിടിഎ വൈസ് പ്രസിഡന്റ്‌/ സെക്രട്ടറി, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ വകുപ്പ് പ്രതിനിധി, സെനറ്റ്–- സിൻഡിക്കറ്റ് പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും. പരീക്ഷ നടത്താനാവശ്യമായ ക്രമീകരണങ്ങൾ കോളേജ് തലത്തിൽ ഒരുക്കുന്നതിന്‌ ഈ കമ്മിറ്റി മേൽനോട്ടംവഹിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർവകലാശാല തലത്തിൽ പരീക്ഷാ മോണിറ്റിങ് കമ്മിറ്റിയും വിദ്യാർഥി പ്രതിനിധികളും യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധികളും അടങ്ങുന്ന കോ ഓഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കും. 
വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ. പി ജെ വിൻസന്റ്‌, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ വെള്ളിയാഴ്‌ച വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്‌ പരീക്ഷ നടത്താൻ ധാരണയായത്‌. തുടർന്ന് പരീക്ഷാ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്ന്‌ നടത്തിപ്പു സംബന്ധിച്ച വിശദാംശങ്ങൾക്കു രൂപംനൽകി. നാലാം സെമസ്റ്റർ പരീക്ഷ പൂർത്തിയായശേഷം വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകൾ നടത്തുന്നതിനുള്ള  മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.
സിൻഡിക്കറ്റ്‌ അംഗങ്ങളായ ഡോ. വി പി പി മുസ്‌തഫ, എൻ  സുകന്യ, ഡോ. കെ ടി ചന്ദ്രമോഹനൻ, ഡോ. ടി പി അഷ്റഫ്, ഡോ. പി കെ പ്രസാദൻ, കെ വി പ്രമോദ് കുമാർ,  വിദ്യാർഥി സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top