27 April Saturday

രഘുവിന്‌ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
ഇരിട്ടി
ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന പത്താം ബ്ലോക്കിലെ കണ്ണാ രഘുവിന്‌ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ശനി പകൽ ഒന്നോടെ വീട്ടിലെത്തിയ മൃതദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും നൂറുകണക്കിനാളുകളെത്തി. ആനക്കലിയിൽ പിടഞ്ഞുവീണ അച്ഛന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാൻ മക്കളെത്തിയപ്പോൾ കണ്ടുനിന്നവരുടെ ദുഃഖം അണപൊട്ടി. വാവിട്ടു നിലവിളിച്ച മൂന്നുപേരുടെയും സങ്കടങ്ങൾ എല്ലാവരിലും നനവായി പടർന്നു. അച്ഛന്റെ വേർപാടോടെ അനാഥരായ കുഞ്ഞുഹൃദയങ്ങളെ നാടൊന്നടങ്കം ചേർത്തുപിടിക്കുക കൂടിയായിരുന്നു. വെള്ളി പകൽ ഒന്നോടെ വീട്ടിനടുത്ത്‌ വിറകിന്‌ പോയപ്പോഴാണ്‌ രഘുവിനെ കാട്ടാന ചവിട്ടിക്കൊന്നത്. സംസ്‌കാരച്ചടങ്ങിന്‌ വൻ പൊലീസ്‌ സുരക്ഷയൊരുക്കിയിരുന്നു. വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.   
   സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, പി വി ഗോപിനാഥ്‌, സണ്ണി ജോസഫ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, എകെഎസ്‌ ജില്ലാ സെക്രട്ടറി കെ മോഹനൻ, സിപിഐ എം ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജേഷ്‌, വത്സൻ തില്ലങ്കേരി, ജോയി കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, അഡ്വ. മാത്യു കുന്നപ്പിള്ളി തുടങ്ങി വിവിധ പാർടിനേതാക്കളും ജനപ്രതിനിധികളും അന്ത്യോപചാരമർപ്പിച്ചു.  
പ്രതിഷേധസൂചകമായി എൽഡിഎഫ്‌ ആറളം പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ തുറന്നില്ല.
ധനസഹായം 
ഉടൻ നൽകും
ഇരിട്ടി
രഘുവിന്റെ കുടുംബത്തിന്‌ വനംവകുപ്പ്‌ നൽകുന്ന ധനസഹായത്തിന്റെ ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ ഉടൻ അക്കൗണ്ടിലൂടെ കൈമാറുമെന്ന്‌ വനംവകുപ്പ്‌ മേധാവികൾ അറിയിച്ചു. ആശ്രിതരുടെ ബാങ്ക്‌ പാസ്‌ബുക്ക്‌ രേഖകളടക്കം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്‌ ലഭ്യമാകുന്നതോടെ ആദ്യഗഡു കൈമാറുമെന്ന്‌ വനംവകുപ്പ്‌ അധികൃതർ അറിയിച്ചു.
ജനങ്ങളെയും 
കൃഷിയെയും 
രക്ഷിക്കാൻ 
അടിയന്തര 
നടപടി വേണം: 
കർഷകസംഘം
കണ്ണൂർ
ആറളം ഫാം പ്രദേശത്തെ  ജനങ്ങളെയും കൃഷിയും വന്യജീവി  ആക്രമണത്തിൽനിന്ന് രക്ഷിക്കുന്നതിന് അടിയന്തര നടപടികൾ ഉണ്ടാവണമെന്ന് കർഷകസംഘം  ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. 
ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകണം. ആറളം പ്രദേശം എല്ലാതരം കൃഷിക്കും അനന്ത സാധ്യതയുള്ള ഇടമാണ്. എന്നാൽ കാട്ടാന ഭീതി കാരണം ഇവിടത്തെ  കൃഷി  നശിച്ചുകൊണ്ടിരിക്കുകയാണ്.  പ്രശ്നത്തിന്റെ രൂക്ഷത കണക്കിലെടുത്ത്  അടിയന്തര വർക്കിങ് ഗ്രൂപ്പ്‌ ചേർന്ന്എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച ആനമതിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണം. 
കൊല്ലപ്പെട്ട രഘുവിന്റെ മൂന്ന്‌ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം  സ്വാഗതാർഹമാണെന്നും ഈ പ്രഖ്യാപനം എത്രയും വേഗത്തിൽ നടപ്പാക്കണമെന്നും എക്സിക്യൂട്ടീവ്  ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top