19 April Friday

കോടിയേരിക്ക്‌ തലശേരി ഗവ. കോളേജിൽ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കോടിയേരി ബാലകൃഷ്ണൻ തലശേരി ഗവ. കോളേജിലെത്തിയപ്പോൾ.

ചൊക്ലി
ജനങ്ങൾക്കൊപ്പംനിന്ന്‌ തലശേരി മണ്ഡലത്തിന്‌ പുതിയ കോളേജ്‌ യാഥാർഥ്യമാക്കിയ ജനനായകന്‌  നാടിന്റെ ആദരം. തലശേരി  ഗവ. കോളേജ്‌ ചൊക്ലിയിൽ  യാഥാർഥ്യമാക്കിയതുമുതൽ അതിന്റെ വളർച്ചയ്‌ക്കൊപ്പംനിന്ന, കോടിയേരി ബാലകൃഷ്‌ണന്‌  ജനകീയ കൂട്ടായ്‌മയാണ്‌ സ്വീകരണം നൽകിയത്‌.
ഗവ. ബ്രണ്ണൻ കോളേജ് ധർമടം മണ്ഡലത്തിന്റെ ഭാഗമായതോടെയാണ് തലശേരി മണ്ഡലത്തിന് പുതിയ ഗവ. കോളേജ് സർക്കാർ അനുവദിച്ചത്.  തലശേരി  എംഎൽഎയായിരുന്ന  കോടിയേരിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയാണ് കോളേജിന് സ്ഥലമെടുക്കാൻ ഫണ്ട് സമാഹരിച്ചത്. ജനപങ്കാളിത്തത്തോടെ നാടിന്റെ വികസനം സാധ്യമാവുമെന്നതിന്റെ ഏറ്റവും വലിയ മാതൃകയായിരുന്നു സ്ഥലമെടുപ്പ്. അഞ്ചരയേക്കറാണ് കോളേജിനായി വാങ്ങിയത്. 
ഒളവിലം യതീംഖാന ബിൽഡിങ്ങിൽ 2014ൽ താൽക്കാലികമായി കോളേജ്‌ ആരംഭിച്ചു. 2019ൽ ‌ ഒളവിലം തുളുവർകുന്നിൽ  സ്വന്തം കെട്ടിടത്തിലേക്ക്‌  മാറി. പുതിയ ചുമതലയുമായി തിരക്കിലായ കോടിയേരിക്ക്‌ വർഷങ്ങൾക്കുശേഷം ഒരുക്കിയ സ്വീകരണത്തിലും നാട്‌ ഒന്നടങ്കം പങ്കുചേർന്നു.   ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നത്‌. ഡിഗ്രി നേടുകമാത്രമായിരിക്കരുത്‌ ലക്ഷ്യം. 
തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ഗവേഷണ താൽപര്യത്തോടുകൂടിയാകുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിനുള്ള പരിശ്രമങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നതെന്നും  കോടിയേരി പറഞ്ഞു. 
എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. പ്രിൻസിപ്പൽ എം പി മണികണ്‌ഠൻ സ്വാഗതം പറഞ്ഞു. ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം ഒ ചന്ദ്രൻ, വി കെ രാകേഷ്, വി എ മുകുന്ദൻ, സൗരാഗ് കൃഷ്‌ണ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top