28 March Thursday

ജില്ലാ സമ്മേളനം 
21 മുതൽ 23 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സിപിഐ എം കുളങ്ങര ബ്രാഞ്ച് 
ഒരുക്കിയ പ്രചാരണം

മടിക്കെെ
സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള  ജില്ലാസമ്മേളനം 21 മുതൽ 23വരെ കോവിഡ്‌മാനദണ്ഡങ്ങൾ പാലിച്ചു മടിക്കൈ അമ്പലത്തുകരയിൽ നടക്കും.  മടിക്കൈ ബാങ്കിന്‌ സമീപം പ്രത്യേകം സജ്ജമാക്കുന്ന കെ ബാലകൃഷ്ണൻ നഗരിയിൽ രാവിലെ 10ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, ഇ പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ  ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ  പങ്കെടുക്കും. 26120 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ചു 150  പേരും 35 ജില്ലാ കമ്മിറ്റിഅംഗങ്ങളും ഉൾപ്പടെ 185 പേർ പങ്കെടുക്കും. 21ന്‌ രാവിലെ 9.30ന്‌ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തുകയും ദീപശിക തെളിയിക്കുകയും ചെയ്യും. ഉദ്‌ഘാടനത്തിന്‌ ശേഷം ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും.  തുടർന്നു ചർച്ചയും മറുപടിയും ഭാവി പ്രവർത്തന പരിപാടികളും അംഗീകരിച്ച്‌, സമ്മേളനം മൂന്നാം ദിവസം സമാപിക്കും.  
കോവിഡ്‌ പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ പൊതുസമ്മേളനം, സാംസ്‌കാരിക സമ്മേളനം, രക്തസാക്ഷി കുടുംബ സംഗമം, പൊതുസമ്മേളന നഗറിലേക്കുള്ള കൊടി –- കൊടിമര ജാഥകൾ എന്നിവ ഒഴിവാക്കി. 
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ പി സതീഷ്‌ ചന്ദ്രൻ, കൺവീനർ സി പ്രഭാകരൻ, വൈസ്‌ ചെയർമാൻ  വി കെ രാജൻ, കൺവീനർ എം രാജൻ, മീഡിയാകൺവീനർ കൊട്ടറ വാസുദേവ്‌ എന്നിവർ പങ്കെടുത്തു.

കൊടി, കൊടിമര–- ദീപശിഖ 
ജാഥകൾ നാളെ

സമ്മേളന നഗരിയിലേക്കുള്ള പതാക പൈവളിക രക്തസാക്ഷി മണ്ഡപത്തിൽ വ്യാഴാഴ്‌ച രാവിലെ 10ന്‌  സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ആർ ജയാനന്ദക്ക്‌ കൈമാറും. 
കൊടിമരം ചീമേനിയിൽ നിന്ന്‌ പകൽ രണ്ടിന്‌ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ ചന്ദ്രൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ജനാർദനന്‌ കൈമാറും. ദീപശിഖ കയ്യൂരിൽ പകൽ രണ്ടിന്‌ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി പി പി മുസ്‌തഫക്ക്‌ നൽകും.  സ്വീകരണങ്ങൾ ഒഴിവാക്കി ബാൻഡ്‌ സെറ്റ്‌, അനൗൺസ്‌മെന്റ്‌ എന്നിവയുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിക്കും.

പുതിയ 144 ബ്രാഞ്ച്‌; ഏഴ്‌ ലോക്കൽ

പുതുതായി 144 ബ്രാഞ്ചും ഏഴ്‌ ലോക്കൽ കമ്മിറ്റിയും  രൂപീകരിച്ചു. ബ്രാഞ്ച്‌ സെക്രട്ടറിമാരിൽ 123 പേർ വനിതകളാണ്‌. എല്ലാ ഘടകങ്ങളിലും സ്‌ത്രീ, യുവജന പ്രാതിനിധ്യം വർധിച്ചു. 863 ബ്രാഞ്ച്‌ സെക്രട്ടറിമാർ ആദ്യമായി ആ സ്ഥാനത്ത്‌ എത്തിയവരാണ്‌. 512 ബ്രാഞ്ച്‌ സെക്രട്ടറിമാരും 303 ലോക്കൽ കമ്മിറ്റി അംഗങ്ങളും  40വയസിന്‌ താഴെ പ്രായമുള്ളവരാണ്‌. ലോക്കൽ കമ്മിറ്റി അംഗങ്ങളായി 262 വനിതകളുണ്ട്‌.  
 1875 ബ്രാഞ്ച്‌, 142 ലോക്കൽ കമ്മിറ്റി, 12 ഏരിയാകമ്മിറ്റി എന്നിങ്ങനെ വിപുലമായ സംഘടനാ സംവിധാനത്തിന്‌ കീഴിൽ ലക്ഷക്കണക്കിന്‌ ജനങ്ങളാണ്‌ ഈ വിപ്ലവ പ്രസ്ഥാനത്തിന്‌ കീഴിൽ അണിനിരന്നത്‌. അതിനനുസരിച്ചുള്ള  ഓഫീസ്‌ സമുച്ചയം കാസർകോട്‌ യാഥാർഥ്യമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top